കൃതജ്ഞത- 19.11.2019

കൃതജ്ഞത- 19.11.2019

കൃതജ്ഞത 19.11.2019

അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.
ആദ്യമേ തന്നെ ഈ കൃതജ്ഞത എഴുതിയിടാൻ
വൈകിയതിൽ ക്ഷമ ചോദിക്കുന്നു. നായർ
സമുദായത്തിൽപ്പെട്ട ഒരു വിശ്വാസിയാണ് ഞാൻ.
സാധിക്കുമ്പോഴെല്ലാം ഇവിടെ വന്ന് നൊവേനയിൽ
സംബന്ധിക്കാറുണ്ട്.
ഞാൻ കോളേജിൽ പഠിക്കുന്ന കാലം തുടങ്ങി, പുകവലി
എന്ന ദുശ്ശീലം എന്റെ കൂടെ ഉണ്ട്. ഇപ്പോൾ എനിക്ക് 48
വയസ്സായി. ഇതിനിടയിൽ പല തവണ ഈ ദുഃശ്ശീലം
ഉപേക്ഷിക്കുവാൻ നോക്കിയിട്ടും എനിക്ക് സാധിച്ചില്ല.
പുകവലിയും, മദ്യപാനവും മാറിയവരുടെ കൃതജ്ഞത
അച്ചൻ വായിക്കുമ്പോൾ, ആ ദുഃശ്ശീലത്തിൽ നിന്ന് എനിക്ക്
മോചനം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും
വിശ്വസിച്ചിരുന്നില്ല.
എന്നാൽ രണ്ട് വർഷം മുമ്പ് ആ അത്ഭുതം പുണ്യവാളൻ
എന്നിൽ പ്രവർത്തിച്ചു. കൃതമായി പറഞ്ഞാൽ 2017
നവംബർ മാസത്തിലെ ഒരു രാത്രി, അത്താഴം കഴിഞ്ഞ്,
പതിവുപോലെ പുകവലിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻ
എന്തിന് ഈ വിഷപ്പുക വലിച്ച്‌ ആരോഗ്യം
നശിപ്പിക്കണം, എന്ന ശക്തമായ ചിന്ത എന്റെ മനസ്സിൽ
വന്നു. മാത്രമല്ല എന്റെ കുട്ടികളെയും
കുടുംബാംഗങ്ങളെയും ഇത് ദോഷകരമായി ബാധിക്കും
എന്ന ചിന്ത എന്നെ അലട്ടുവാൻ തുടങ്ങി. ഏതായാലും
ഞാൻ വലിച്ചുകൊണ്ടിരുന്ന സിഗരറ്റും, ബാക്കി

പോക്കറ്റിലുണ്ടായിരുന്നതും, എല്ലാം ദൂരെയ്ക്ക്
വലിച്ചെറിഞ്ഞു കളഞ്ഞതിനുശേഷമാണ് അന്ന് ഞാൻ
കിടന്നത്.
എന്നും സംഭവിക്കുന്നതുപോലെ പിറ്റേ ദിവസം രാവിലെ
തന്നെ ഞാൻ സിഗരറ്റ് വാങ്ങിക്കുവാൻ കടയിലേക്ക്
ഓടേണ്ടി വരുമെന്ന് കരുതിയാണ് കിടന്നതെങ്കിലും,
അത്ഭുതമെന്ന് പറയട്ടെ പിറ്റേ ദിവസം രാവിലെ എനിക്ക്
പുകവലിക്കണമെന്ന് തോന്നിയില്ല. പിന്നീട് ഇന്ന് വരെ
ഞാൻ പുകവലിച്ചിട്ടില്ല. 25 വർഷമായി ഞാൻ കൊണ്ടു
നടന്നിരുന്ന ദുശ്ശീലം അന്ന് രാത്രിയോടെ പുണ്യവാളൻ
വേരോടെ പിഴുതു കളയുകയായിരുന്നെന്ന് ഞാൻ
മനസ്സിലാക്കി. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച ഈ
വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.
മധു രാമകൃഷ്‌ണൻ

————————————————————————————————————————————————————————————————————

പാദുവായിലെ വി. അന്തോണിസിന് നന്ദി.

കഴിഞ്ഞ മാർച്ച് മാസം 18-ന്, എന്റെ മകൻ ബൈക്ക്
Accident-ൽ അകപ്പെടുകയും അവന്റെ കഴുത്തിൽ മാരകമായ
ഒരു മുറിവ് ഉണ്ടാവുകയും ചെയ്തു. അവനെ ചികിത്സിച്ച
ഡോക്ടർ പറഞ്ഞത് അവന് സംസാരശേഷി
നഷ്ടപ്പെടുവാനുള്ള സാധ്യത ഉണ്ടെന്നാണ്.
എന്നാൽ വർഷങ്ങളായി പുണ്യവാളന്റെ അടുക്കൽ വന്ന്
പ്രാർത്ഥിക്കുന്ന ഞാനും കുടുംബവും ഈക്കാര്യവും
പുണ്യവാളന്റെ മുന്നിൽ സമർപ്പിച്ച്‌ പ്രാർത്ഥിക്കുകയും
കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു.
അത്ഭുതമെന്ന് പറയട്ടെ, അന്തോണിസ് പുണ്യവാളന്റെ
മാധ്യസ്ഥതയാൽ എന്റെ മകൻ രണ്ടാഴ്ച്ചകൊണ്ട്
സുഖപ്പെടുകയും സംസാരിക്കുകയും ചെയ്തു. ഇപ്പോൾ
അവൻ ജോലിക്ക് പോയി തുടങ്ങി. ഈ വലിയ അനുഗ്രഹം
ഈശോയിൽ നിന്ന് വാങ്ങിത്തന്ന അന്തോണിസ്
പുണ്യവാളന് ഒരായിരം നന്ദി.
ജോസഫ്, കൊച്ചുറാണി

————————————————————————————————————————————————————————————————————

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി.
അന്തോണിസിന് നന്ദി.
ഞാനൊരു ഹിന്ദുമത വിശ്വാസിയാണെങ്കിലും എന്റെ
ഇരുപതാം വയസ്സു മുതൽ ഞാൻ ഈ ദൈവാലയത്തിൽ
വന്ന് പ്രാർത്ഥിക്കുന്നു. അതിന്റെ ഫലമായി നിരവധി
അനുഗ്രഹങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഈ അടുത്ത്
ഞങ്ങൾക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ
സാക്ഷ്യപ്പെടുത്തുന്നു.
ഞാനും എന്റെ മക്കളും എല്ലാ ആഴ്ച്ചയും ഇവിടെ വന്ന്
നൊവേനയിൽ സംബന്ധിക്കാറുണ്ടെങ്കിലും എന്റെ ഭർത്താവ്
ഈ പള്ളിയുടെ അകത്തേക്ക് പോലും വരില്ലായിരുന്നു.
അങ്ങനെയിരിക്കെ രണ്ട് മാസം മുമ്പ് അദ്ദേഹത്തിന്
കാഴ്ച്ചക്കുറവ് അനുഭവപ്പെട്ടു തുടങ്ങി. ടെസ്റ്റ് ചെയ്തപ്പോൾ
കാഴ്ച ശക്തി പകുതിയിലേറെ നഷ്ടപ്പെട്ടിരുന്നു. കാഴ്ച
ശക്തി വീണ്ടെടുക്കുവാൻ സർജറി ആവശ്യമാണെന്ന്
ഡോകട്ർ പറഞ്ഞു.
സർജറിക്ക് മുമ്പായി ഞങ്ങൾ ഒരു full body checkup
നടത്തിയപ്പോൾ ഹാർട്ടിന് നാല് ബ്ലോക്ക് ഉണ്ടെന്ന്
കണ്ടെത്തി. അത് പരിഹരിക്കുവാൻ Angioplasty

വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. അത് കേട്ടതോടെ
ഞങ്ങൾ മാനസികമായി തകർന്നു. കണ്ണിന് സർജറി
ചെയ്‌താൽ പിന്നെ കുറെ നാൾ കഴിഞ്ഞേ Angioplasty
ചെയ്യാൻ കഴിയൂ. അത്രയും നാൾ ജോലിക്ക്
പോകാതിരുന്നാൽ, ഉണ്ടാകുവാൻ പോകുന്ന സാമ്പത്തിക
ബുദ്ധിമുട്ടിനെക്കുറിച്ച് ഭർത്താവ് പറഞ്ഞപ്പോൾ, ഞങ്ങളുടെ
വിഷമം വീണ്ടും കൂടി.
ഞാൻ ഭർത്താവിനോട് പറഞ്ഞു, ഒന്ന് എന്റെ കൂടെ
അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വരൂ.
പുണ്യവാളൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരുമെന്ന്
ഞാൻ പറഞ്ഞു. ഞങ്ങളൊരുമിച്ച്‌ ഇവിടെ വരുകയും
ഒന്പതാഴ്ച്ച നൊവേനയിൽ സംബന്ധിക്കാമെന്ന് നേരുകയും
ചെയ്തു. കണ്ണിന്റെ സർജറിക്ക് മുമ്പായി ഒരു second opinion
വേണമെന്ന് തോന്നി. ഞങ്ങൾ മറ്റൊരു ഹോസ്പിറ്റലിൽ
പോവുകയും അവിടെ വച്ച് ടെസ്റ്റുകൾ നടത്തുകയും
ചെയ്തു. റിസൾട്ട് വന്നപ്പോൾ കണ്ണിനു അത്ര വലിയ
പ്രശ്നങ്ങൾ ഇല്ലെന്നും സർജറിയുടെ ആവശ്യമില്ലെന്നും
ഡോക്ടർ അറിയിച്ചു.
കൂടാതെ മറ്റൊരു അത്ഭുതം കൂടി സംഭവിച്ചു. Angioplasty-
ക്കായി ഞങ്ങൾ പണം സ്വരൂപിച്ചെങ്കിലും, ദൈവകൃപ
പോലെ, ഞങ്ങൾക്ക് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടറെ
കാണുവാൻ സാധിച്ചു. കാരുണ്യ പദ്ധതിയിൽ
ഉൾപ്പെടുത്തി, ഒരു രൂപ പോലും ചെലവില്ലാതെ, അദ്ദേഹം
ഞങ്ങളുടെ സർജറി നടത്തി തന്നു. എന്റെ അന്തോണിസ്
പുണ്യവാള, എത്ര നന്ദിപറഞ്ഞാലും അങ്ങയോടുള്ള കടപ്പാട്
തീരുകയില്ല. ഇവിടെ വരുന്ന എല്ലാ മക്കളെയും
അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിച്ചുകൊണ്ട്

————————————————————————————————————————————————————————————————————

Leave a Reply

Your email address will not be published.