കൃതജ്ഞത – മാർച്ച് 20, 2018

കൃതജ്ഞത	– മാർച്ച് 20, 2018

കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദി. ഞാൻ ഹിന്ദു സമുദായത്തിൽപ്പെട്ട ഒരു വ്യക്തിയാണ്. എന്റെ കോളജ് കാലഘട്ടം മുതൽ തന്നെ അന്തോണിസ് പുണ്യവാളന്റെ വിശ്വാസിയാണ്. പല വിഷമഘട്ടത്തിലും അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്റെ ഒരേയൊരു സഹോദരിക്ക് ഇപ്പോൾ 49 വയസ്സുണ്ട്. അവിവാഹിതയാണ്. കുറച്ച്‌ മാസങ്ങൾക്ക് മുമ്പ് ചേച്ചിയുടെ വലത് കാലിന്റെ മുട്ടിന് താഴെയായി ഒരു മുഴ കാണപ്പെടുകയും ആഴ്ചകൾകൊണ്ട് ആ മുഴ വലുതാവുകയും ചെയ്തു. വേദന കൂടിയപ്പോൾ ചേച്ചിയെ ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോയി.   ഭയപ്പെടനായി ഒന്നുമില്ലെന്നും Fat അടിഞ്ഞുകൂടിയതാണെന്നും, വേദനയുള്ളതുകൊണ്ട് വേണമെങ്കിൽ ആ മുഴ നീക്കം ചെയ്യാമെന്നും ഡോക്ടർ പറഞ്ഞു. അതനുസരിച്ച് സർജറി നടത്തുകയും, മുഴ നീക്കം ചെയ്യുകയും ചെയ്തു.           എന്നാൽ Biopsy റിസൾട്ട് വന്നപ്പോൾ ഞങ്ങൾ എല്ലാവരും വിഷമത്തിലായി. കാൻസറിന്റെ ലക്ഷണങ്ങളുള്ളതുകൊണ്ട് വിശദമായ പരിശോധനകൾക്കായി നീക്കം ചെയ്ത ഭാഗം മറ്റൊരു ഹോസ്പിറ്റലിലേക്ക് അയക്കുകയും, കാൻസറാണെന്ന് സ്ഥിതീകരിക്കുകയും ചെയ്തു.           ഹൃദയത്തിന്റെ ഭാഗത്തും വയറിലും വ്യാപിച്ചിട്ടുണ്ടോയെന്ന്  തോന്നിയതിനാൽ PET സ്കാൻ ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു.   അടയാളങ്ങൾ കൂടുതൽ തെളിഞ്ഞു കണ്ടാൽ അത് കാൻസറിന്റെ നാലാം ഘട്ടമായി കണക്കാക്കേണ്ടി വരുമെന്നും, അങ്ങനെയെങ്കിൽ കാര്യങ്ങൾ ഗുരുതരമാകുമെന്നും അറിയിച്ചു.               പല വിഷമഘട്ടത്തിലും എന്നെ കൈവെടിയാത്ത, എന്നും തുണയായിട്ടുള്ള അന്തോണിസ് പുണ്യവാളന്റെ അടുക്കൽ ഞാൻ വരുകയും ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലാതിരിക്കുവാൻ മനസ്സുരുകി പ്രാർത്ഥിക്കുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. അടുത്ത ദിവസം PET സ്കാൻ നടത്തി. വളരെയധികം ഭയത്തോടെയാണ് സ്കാൻ റിപ്പോർട്ടുമായി ഡോക്ടറിന്റെ അടുക്കലേക്ക് പോയത്. അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹത്താൽ, ഹൃദയത്തിന്റെ ഭാഗത്ത് കണ്ട അടയാളങ്ങളിൽ കാൻസറിന്റെതായ കോശങ്ങൾ ഒന്നും തന്നെ ഇല്ലെന്നും മുഴ നീക്കം ചെയ്ത ഭാഗത്ത് Reflection കാണുന്നുണ്ടെന്നും അത് Radiation-കൊണ്ട് ഭേദമാകുമെന്നും ഡോക്ടർ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മാസത്തിൽ റേഡിയേഷൻ പൂർത്തിയായി. ഇപ്പോൾ, ചേച്ചി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹംകൊണ്ടു മാത്രമാണ് എന്റെ സഹോദരി വലിയൊരു ആപത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. വിശുദ്ധൻ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

മധു        

 

കൃതജ്ഞത

അത്ഭുതപ്രവർത്തകനായ വി. അന്തോണിസിന് നന്ദി.

ഞാൻ ഒരു അധ്യാപികയാണ്. അഞ്ച് വർഷമായി പല പല സ്കൂളുകളിൽ മാറി മാറി പഠിപ്പിച്ചു വരികയാണ്. ജോലി സ്ഥിരമായി ലഭിക്കണമെങ്കിൽ ഇപ്പോൾ Kerala Teacher’s Eligibility Test (KTET) പാസാകണം. 2012 മുതൽ ഞാൻ ഈ ടെസ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ എനിക്ക് പാസാകുവാൻ കഴിഞ്ഞില്ല. ഞങ്ങളുടെ വിഭാഗത്തിന് ടെസ്റ്റ്  പാസ്സാകുവാൻ 90 മാർക്ക് വേണം.  എത്ര പരിശ്രമിച്ചിട്ടും എനിക്ക് ഇത്രയും മാർക്ക് വാങ്ങാൻ കഴിഞ്ഞിട്ടില്ല.     എന്നാൽ സാധിക്കുമ്പോഴെല്ലാം ഞാനും എന്റെ ഭർത്താവും വി. അന്തോണിസിന്റെ മുന്നിൽ വന്ന് ദിവ്യബലിയിലും, നൊവേനയിലും പങ്കെടുത്ത് മനമുരുകി കരഞ്ഞപേക്ഷിച്ചു. 2017 ഡിസംബറിൽ നടത്തിയ ടെസ്റ്റിന്റെ Answer key പുറത്തു വന്നപ്പോൾ ഞാൻ ഒരു മാർക്കിന് തോറ്റിരുന്നു. എങ്കിലും റിസൾട്ട് publish ചെയ്യുമ്പോൾ ഞാൻ വിജയിക്കും എന്ന ഉറപ്പോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. Question പേപ്പർ മുഴുവൻ പരിശോധിച്ചിട്ടും 1 മാർക്ക് ലഭിക്കുവാനുള്ള ഒരു ചെറിയ സാധ്യത പോലും ഇല്ലായിരുന്നു.  അത്ഭുതം എന്നുപറയട്ടെ, പിന്നീട് പരീക്ഷാഭവൻ പുറത്തുവിട്ട വാർത്ത, 3 ചോദ്യങ്ങൾ തെറ്റാണെന്നും 3 മാർക്ക് എല്ലാവർക്കും Free ആയി ലഭിക്കുമെന്നുമാണ്. അതുപോലെ തന്നെ റിസൾട്ട് വന്നപ്പോൾ ഞാൻ പാസായിരിക്കുന്നു. നമ്മുടെ പ്രതീക്ഷകൾ അസ്തമിക്കുന്നിടത്തു നിന്ന് നമ്മിലുള്ള ദൈവത്തിന്റെ പ്രതീക്ഷ ആരംഭിക്കും. വി. അന്തോണിസു വഴിയായി എന്നെ വിജയിപ്പിച്ച് എന്നെ അനുഗ്രഹിച്ച യേശുവിന് ഒരായിരം നന്ദി.

ബിൻസി ജെ ദേവൻ                                                                                                        കോട്ടുവള്ളി                    

 

കൃതജ്ഞത

അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത വി. അന്തോണിസേ, അങ്ങേയ്ക്ക് ഒരായിരം നന്ദി.

രണ്ട് വർഷം മുമ്പ് എന്റെ ശരീരത്തിൽ ഒരു മുഴ കണ്ടു. ആദ്യം ഞാനത് കാര്യമാക്കിയില്ല. പക്ഷേ പിന്നീട്, എനിക്ക് പേടിയായി തുടങ്ങി. 2017 നവംബറിൽ ഞാൻ അത് ഡോക്ടറിനെ കാണിച്ചു. Mammogram ചെയ്യാൻ ഡോക്ടർ പറഞ്ഞു. Mammogram ചെയ്തു. അപ്പോൾ അത് lymph node ആണെന്നു പറഞ്ഞു. പിന്നീട് ഒരു Cancer Research സെന്ററിൽ കാണിച്ചു. ടെസ്റ്റ് നടത്തി. ടെസ്റ്റിന് പോകുന്നതിന് മുമ്പായി ഞാൻ ഇവിടെ വന്ന് അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു. എന്റെ മകൾക്ക് Cerebral Palsy എന്ന അസുഖമാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിനെ നോക്കുവാൻ ഈ ഭൂമിയിൽ ആരും തന്നെയില്ല.               പ്രശ്നങ്ങൾ ഒന്നുമില്ലാതിരിക്കുവാനായി കണ്ണീരോടെ അപേക്ഷിച്ചുകൊണ്ടിരുന്നു.    ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ  കുഴപ്പമില്ലെന്ന് അവർ പറഞ്ഞു. പക്ഷേ സർജറി വേണ്ടി വരുമെന്ന് ഡോക്ടർ അറിയിച്ചു.  എനിക്ക് വീണ്ടും ഭയമായി.  ഞാൻ ടെസ്റ്റ് റിസൾട്ടുമായി, ഇവിടെ വന്ന് പ്രാർത്ഥിച്ചു. സർജറി കഴിഞ്ഞ് Biopsy ചെയ്യുമ്പോൾ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവരുതെയെന്നും ഒരു ബുദ്ധിമുട്ടും കൂടാതെ സർജറി കഴിയണമേയെന്നും അപേക്ഷിച്ചു. ഡിസംബർ 6-ന് സർജറി കഴിഞ്ഞു. മൂന്ന് ദിവസം ഹോസ്പിറ്റലിൽ കിടന്നു. Biopsy റിസൾട്ടിൽ കുഴപ്പമില്ലെങ്കിലും lymph node cancer ഉള്ളതിനാൽ ഒരു ടെസ്റ്റ് കൂടി നടത്തണമെന്ന് അറിയിച്ചു. ആ ടെസ്റ്റ് നടത്തി 15 ദിവസം കഴിഞ്ഞ് റിസൾട്ട് ലഭിച്ചെങ്കിലും വ്യക്തമായ ഒരു ഉത്തരം ആർക്കും സാധിച്ചില്ല. ആ ആഴ്ച മുതൽ ഞാൻ കലൂർ പള്ളിയിൽ  വന്ന് മുടങ്ങാതെ നൊവേനയിൽ സംബന്ധിക്കുവാൻ തുടങ്ങി. ജനുവരി 16 മുതൽ മാർച്ച് 13 വരെ ഞാൻ മുടങ്ങാതെ നൊവേനയിൽ സംബന്ധിച്ചു. ഇതിനിടയിൽ ഞാനൊരുപാട് വേദനകൾ അനുഭവിച്ചെങ്കിലും അനുകൂലമായ ഉത്തരം ലഭിച്ചു. കുഴപ്പങ്ങൾ ഒന്നുമില്ലെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഡോക്ടർ അറിയിച്ചു. അന്തോണിസ് പുണ്യവാളന്റെ സഹായത്താൽ എല്ലാ പ്രശ്നങ്ങളും തരണം ചെയ്യുവാൻ സാധിച്ചു. വിശുദ്ധനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

ഷീന കെ. എസ്

കൈതാരം

Leave a Reply

Your email address will not be published.