കൃതജ്ഞത

അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസിന് ആയിരമായിരം നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിക്കുന്നു.

ഞാന്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പ്ലസ് ടു വിന് പഠിക്കുമ്പോള്‍ എനിക്ക് ശക്തമായ വയറു വേദന വരികയും ആശുപത്രിയില്‍ പോവുകയും ചെയ്തു. ഡോക്ടര്‍ സ്കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. സ്കാന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഓവറിയുടെ വശത്തായി ഒരു സിസ്റ്റ് കാണപ്പെട്ടു. അതിനെ തുടര്‍ന്ന് ബ്ലഡ് ടെസ്റ്റ് ചെയ്യണം എന്നു ഡോക്ടര്‍ പറഞ്ഞു, അത് ക്യാന്‍സര്‍ ആന്‍റിജന്‍ ടെസ്റ്റ് ആയിരുന്നു. അതിന്‍റെ തോത് 35 താഴെയാണെങ്കില്‍ പ്രശ്നമില്ലെന്നും അതില്‍ കൂടിയാല്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. ബ്ലഡ്ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ 45 ആയിരുന്നു ലെവല്‍ ഇതുകേട്ട് ഞങ്ങള്‍ വല്ലാതെ പേടിച്ചു. മൂന്നുമാസം മരുന്നുകള്‍ കഴിച്ച ശേഷം വീണ്ടും സ്കാന്‍ ചെയ്തു നോക്കാം എന്ന് ഡോക്ടര്‍ പറഞ്ഞു. എന്‍റെ മമ്മിയും ചേച്ചിയും വിശുദ്ധ അന്തോണിസിനോട് വലിയ ഭക്തി ഉള്ളവരാണ് അവര്‍ എനിക്കുവേണ്ടി പുണ്യാളനോട് ശക്തമായി പ്രാര്‍ത്ഥിച്ചു. കൂടാതെ എന്നെ ധൈര്യപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു.

അപ്പോഴേക്കൂം ഈ രോഗം എന്നെ മാനസികമായും ശാരീരികമായും വല്ലാതെ തളര്‍ത്തിയിരുന്നു. എന്നാലും വിശ്വാസത്തോടെ ദൈവകരങ്ങളില്‍ എല്ലാം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും വിശുദ്ധ അന്തോണിസിന്‍റെ പ്രത്യേക മധ്യസ്ഥ്യം യാചിക്കുകയും പുണ്യാളന്‍റെ തിരൂനാള്‍ ദിവസങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. മൂന്നൂ മാസം കഴിഞ്ഞു വീണ്ടും സ്കാന്‍ ചെയ്തു എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ അറിയാനായത് സിസ്റ്റ് വലുതായി എന്നാണ്. ഇതില്‍ മനംനൊന്ത് ഞാന്‍ അന്ന് ഒരുപാട് കരഞ്ഞു, പിന്നെ മാതാപിതാക്കള്‍ വിഷമിക്കൂം എന്നോര്‍ത്ത് ഞാന്‍ പിടിച്ചുനിന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഞങ്ങള്‍ പ്രാര്‍ഥിച്ചു. വൈകുന്നേരമായപ്പോള്‍ ബ്ലഡ് ടെസ്റ്റ് റിപ്പോര്‍ട്ടും വന്നു, ഞങ്ങളെ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് 45 ആയിരുന്ന ലെവല്‍ ഒമ്പതായി കുറഞ്ഞു എന്ന് അറിയുവാന്‍ കഴിഞ്ഞു. ഇനി പേടിക്കേണ്ടതില്ല എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ സന്തോഷത്താല്‍ ഞാന്‍ കരഞ്ഞുപോയി. എനിക്ക് ഈ അനുഗ്രഹം നല്‍കിയ വിശുദ്ധ അന്തോണീസിന് ആയിരമായിരം നന്ദി അര്‍പ്പിക്കുന്നു. കൂടാതെ ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ അ+ നേടുവാനൂം സാധിച്ചു.

ഒരിക്കല്‍ കൂടി ഹൃദയത്തിന്‍റെ ഭാഷയില്‍ വിശുദ്ധ അന്തോണിസിന് നന്ദി അര്‍പ്പിച്ചു കൊണ്ട് അങ്ങയുടെ മകള്‍


കൃതജ്ഞത

എന്‍റെ പേര് ഷെറിന്‍. കണ്ണൂര്‍ ജില്ലയില്‍ താമസിക്കുന്നു. വിശുദ്ധ അന്തോണിസിന്‍റെ മധ്യസ്ഥ്യം വഴി ലഭിച്ച അനുഗ്രഹത്തിന് നന്ദി പറയുവാനാണ് ഇത് എഴുതുന്നത്. എനിക്ക് അബ്ഡോമിനല്‍ ട്യൂബര്‍കുലോസിസ് വന്ന് മരുന്നു കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പ്രഗ്നന്‍റ് ആയി. മരുന്നിന്‍റെ എഫക്റ്റ് കുഞ്ഞിനെ ബാധിക്കുമെന്നും അംഗവൈകല്യം പോലുള്ള അവസ്ഥ വരുമെന്നതിനാല്‍ അബോഷന്‍ ചെയ്യണമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ഒരു ഡോക്ടര്‍ ഞങ്ങളെ ആശ്വസിപ്പിച്ചു കൊണ്ട് ശക്തമായി പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. അഞ്ചാം മാസത്തെ സ്കാനിംഗ് ചെയ്യുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മറിച്ച് ചിന്തിക്കാം എന്നും പറഞ്ഞു. ഞങ്ങള്‍ വിശുദ്ധ അന്തോണിസിന്‍റെ മധ്യസ്ഥ്യം തേടി ശക്തമായി കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. എല്ലാ ചൊവ്വാഴ്ചയും കൂടാതെ സാധിക്കുമ്പോള്‍ എല്ലാം പള്ളിയില്‍ വന്നു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. കുഞ്ഞിനെ പൂര്‍ണ്ണ ആരോഗ്യത്തോടെ ലഭിച്ചാല്‍ കലൂര്‍ പള്ളിയില്‍ അടിമ വെയ്ക്കാം എന്നും, ആന്‍റണി എന്ന പേര് ഇടാം എന്നും നേര്‍ന്നു.
അങ്ങിനെ അഞ്ചാം മാസത്തെ സ്കാനിംഗ് ദിനം വന്നെത്തി, പ്രാര്‍ത്ഥനയോടു കൂടെയാണ് ഞങ്ങള്‍ മുന്നോട്ടു നീങ്ങിയത്, ശക്തിയേറിയ മരുന്നുകള്‍ ആണ് ഞാന്‍ തുടര്‍ച്ചയായി കഴിച്ചു കൊണ്ടിരുന്നത് എന്നാല്‍ സ്കാനിംഗില്‍ കുഞ്ഞിന് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ല എന്ന് തിരിച്ചറിഞ്ഞു. അങ്ങിനെ ഗര്‍ഭാവസ്ഥയുടെ 35 ആഴ്ച പൂര്‍ണ്ണ ആരോഗ്യവാനായ ഒരു മകനെ നല്‍കി വിശുദ്ധ അന്തോണിസു വഴിയായി ഈശോ ഞങ്ങളെ അനുഗ്രഹിച്ചു. അവന് ഞങ്ങള്‍ ആന്‍റണി എന്ന് പേരുനല്‍കി, ജനിച്ചു പതിനഞ്ചാം ദിവസം ദേവാലയത്തില്‍ കൊണ്ടുവന്നു അടിമ വെച്ചു. ഇത്രയും സൈഡ് ഇഫക്ടുള്ള മരൂന്നൂകള്‍ പോലും ദൈവം വിശുദ്ധ അന്തോണീസ് വഴിയായി നിര്‍വീര്യമാക്കി എന്നെയും കുഞ്ഞിനെയും സംരക്ഷിച്ചു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസേ ഞങ്ങള്‍ക്കുവേണ്ടി ഇനിയും തുടര്‍ന്ന് പ്രാര്‍ത്ഥിക്കണമെ എന്ന് അപേക്ഷിച്ചുകൊണ്ട് അങ്ങേ ദാസി