കൃതജ്ഞത
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ഞങ്ങൾക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. ഒരു ദിവസം രാത്രി എന്റെ അമ്മയുടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങി. പ്രത്യേകിച്ച് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. രാത്രി 1.30 ആയതിനാൽ ഒരു വണ്ടി കിട്ടുവാൻ ഞങ്ങൾ ഒത്തിരി ബുദ്ധിമുട്ടി. അവസാനം വീടിനടുത്തുള്ള ഒരാൾ ഞങ്ങളെ സഹായിച്ചു. ഹോസ്പിറ്റലിൽ പോകുംവഴിയെല്ലാം ഞാൻ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം രക്തം വന്നുകൊണ്ടിരിക്കുകയായിരുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ, ഹോസ്പിറ്റലിൽ എത്തിയപ്പോൾ രക്തം വരുന്നത് നിന്നു. അതോടെ ഞങ്ങൾക്ക് ആശ്വാസമായി. ഡോക്ടർ പരിശോധിച്ചപ്പോൾ, പെട്ടെന്ന് B.P. കൂടിയതാണെന്നും കുഴപ്പമില്ലെന്നും പറഞ്ഞു. E.C.G. -യും എടുത്തു. അതിലും കുഴപ്പമൊന്നും ഇല്ലായിരുന്നു. നേരം പുലരാറായതുകൊണ്ട് അന്ന് രാവിലെ Main ഡോക്ടറെ കണ്ടിട്ട് പോകാമെന്ന് കരുതി, ഞങ്ങൾ അമ്മയെ അഡ്മിറ്റ് ചെയ്തു. അന്ന് ഡോക്ടർ പരിശോധിച്ചപ്പോൾ കുഴപ്പമൊന്നും ഇല്ലെന്നും ഡിസ്ചാർജ് നൽകാമെന്നും അറിയിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.
കൃതജ്ഞത
പാദുവായിലെ വി. അന്തോണിസിന് നന്ദി. എന്റെ മകൻ പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. അപ്പൻ സ്ഥലത്ത് ഇല്ലാതിരുന്ന ഒരു ദിവസം എന്റെ മകൻ കാറ് എടുത്തിട്ട് പോയി. കാറിന്റെ താക്കോൽ അലമാരയിൽ പൂട്ടി സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ അന്ന്, എവിടെ നിന്നോ, മകന്, കാറിന്റെ താക്കോൽ കിട്ടി. അവൻ കാർ ഓടിച്ചുകൊണ്ടുപോകുന്നത് C.C.T.V. -യിൽ കണ്ട പോലീസുകൾ അപ്പനെ സ്റ്റേഷനിലക്ക് വിളിപ്പിച്ചു. അപ്പോഴേക്കും അപ്പനും മകനും വീട്ടിൽ എത്തിയിരുന്നു. ഒരുപാട് കാലം ആഗ്രഹിച്ചിട്ട്, ലോൺ എടുത്ത് വാങ്ങിയ കാറായിരുന്നു അത്. എവിടെക്കെയോ ഇടിച്ചതുകൊണ്ട് കാറിന്റെ രണ്ട് ഡോറുകൾ കേടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയുവാൻ, ഞാൻ, മകനോട് ചോദിച്ചിട്ട്, അവൻ ഒന്നും പറയുന്നില്ലായിരുന്നു. എന്റെ മകൻ കമ്പ്യൂട്ടറിൽ കാറിന്റെ ഗെയിം കളിക്കുമായിരുന്നു. അത് മാത്രമായിരുന്നു അവന് കാർ ഓടിക്കുവാനുള്ള പരിചയം. ഫൈനുമായി സ്റ്റേഷനിലേക്ക് വരുവാൻ പോലീസുകാര് പറഞ്ഞു. സാമ്പത്തികമായി ഏറെ വിഷമിക്കുന്ന സമയമായിരുന്നു അത്. കുട്ടികളെ പഠിപ്പിക്കുവാൻ പോലും ബുദ്ധിമുട്ടിയിരുന്നു. ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെയെങ്കിലും മോചനം ലഭിക്കുവാൻ ഞാൻ അന്തോണിസ് പുണ്യവാളനോട് കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി കുഴപ്പമൊന്നും കൂടാതെ ചെറിയ ഫൈൻ മാത്രം അടച്ച് ആ കേസ് തീർപ്പാക്കി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.
കൃതജ്ഞത
അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ സഹോദരന്റെ 12 വയസ്സുള്ള മകന് തലച്ചോറിൽ കാൻസർ വന്നു. വളരെ അപകടം നിറഞ്ഞ സർജറി ആയിരുന്നു അത്. ശസ്ത്രക്രിയ സമയത്ത് തലച്ചോറിൽ ബ്ലീഡിങ് ഉണ്ടായതിനെ തുടർന്ന് സർജറി നിർത്തിവെയ്ക്കേണ്ടി വന്നു. അവനെ ജീവനോടെ കിട്ടുമെന്ന് ഉറപ്പില്ലായിരുന്നു. ഒന്നുകിൽ “കോമാ” സ്റ്റേജിലാകുകയോ അല്ലെങ്കിൽ അവയവങ്ങൾക്ക് വൈകല്യം സംഭവിക്കുകയോ ചെയ്യുമെന്ന് ഡോക്ടർമാർ വിധി എഴുതി. 14 ദിവസം എന്ത് സംഭവിക്കുമെന്നറിയാതെ അവൻ I.C.U -വിൽ കിടന്നു. ആ സമയം ഞങ്ങൾ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വരുകയും ആ മകനെ തിരികെ, ആരോഗ്യത്തോടെ കിട്ടുന്നതിനും അവനുമായി, ഈ ദൈവാലയത്തിൽ വന്ന് ദിവ്യബലിയിലും, നൊവേനയിലും സംബന്ധിക്കുവാൻ ഭാഗ്യം നൽകണമേയെന്നും അപേക്ഷിക്കുകയും ചെയ്തു. അതിന്റെ ഫലമായി ശസ്ത്രക്രിയ പൂർണ്ണമായും വിജയിച്ചു. യാതൊരുവിധ പ്രശ്നങ്ങളും കൂടാതെ അവൻ ജീവിതത്തിലേക്ക് മടങ്ങി വന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.