കൃതജ്ഞത – 31.12.2019

കൃതജ്ഞത 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. എന്റെ മകനും അവന്റെ കൂട്ടുകാരനും വിദേശത്ത് ജോലി ചെയ്യുവാനുള്ള അവസരം ലഭിച്ചു. അതിനായുള്ള മെഡിക്കൽ ടെസ്റ്റും അവർ പാസ്സായി. ഏജൻസി ആവശ്യപ്പെട്ടിരുന്ന തുകയുടെ പകുതിയും ഞങ്ങൾ കൊടുത്തിരുന്നു. വിസ കിട്ടുമെന്ന പറഞ്ഞ തീയതി കഴിഞ്ഞിട്ടും അവന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടിയില്ല. കൂട്ടുകാരന്റെയും മകന്റെയും മെഡിക്കൽ ടെസ്റ്റ് ഒരുമിച്ചാണ് നടന്നത്. എന്നാൽ കൂട്ടുകാരന് കിട്ടിയിട്ടും മകന് മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടിയില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് Download ചെയ്യുവാൻ ശ്രമിക്കുമ്പോൾ Network Error എന്നാണ് കാണിച്ചു കൊണ്ടിരുന്നത്. ഏഴ് ദിവസം കഴിഞ്ഞിട്ടും അത് തന്നെയായിരുന്നു അവസ്ഥ. ഇനി ഒരു ദിവസം കൂടി കഴിഞ്ഞാൽ അവന് പോകുവാൻ സാധിക്കാതെ വരുമായിരുന്നു. പ്രാർത്ഥനയുടെ കുറവുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്ന് അക്രൈസ്തവനായ കൂട്ടുകാരൻ അവനോട് പറഞ്ഞു. വർഷങ്ങളായി ഈ ദൈവാലയത്തിന് മുന്നിലൂടെയാണ് ഞാൻ പോകുന്നതെങ്കിലും ഇതുവരെയും ഇവിടെ വന്ന് പ്രാർത്ഥിച്ചിട്ടില്ലായിരുന്നു. ഞാൻ കണ്ണീരോടെ പുണ്യവാളന്റെ അടുക്കൽ പ്രാർത്ഥിക്കുകയും, ഒൻപതാഴ്ച്ച ദിവ്യബലിയിലും, നൊവേനയിലും സംബന്ധിക്കാമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി അന്ന് വൈകുന്നേരം തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.


കൃതജ്ഞത 

പാദുവായിലെ വി. അന്തോണിസിന് നന്ദി. ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്. വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും ഞങ്ങൾക്ക് കുട്ടികൾ ഇല്ലായിരുന്നു. അതിനുശേഷം ഗർഭിണിയായെങ്കിലും ആ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. പിന്നീട് മാസങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ അമ്മ അന്തോണിസ് പുണ്യവാളന്റെ നൊവേന പുസ്തകം എനിക്ക് തന്നു. സങ്കടം തോന്നുമ്പോഴെല്ലാം ഞാൻ അന്തോണിസ് പുണ്യവാളനോടുള്ള നൊവേന ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അത് കഴിഞ്ഞ് ഞാൻ മരുന്നെല്ലാം നിർത്തി. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കുവാൻ ഞാൻ പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഞാൻ മരുന്നൊന്നും കഴിക്കാതെ തന്നെ ഗർഭിണിയാകുകയും ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. വിശുദ്ധനിലൂടെ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.


കൃതജ്ഞത 

പാദുവായിലെ വി. അന്തോണിസിന് നന്ദി. ഞാൻ B.Sc. Nursing പൂർത്തിയാക്കിയെങ്കിലും എനിക്ക് ഒരു ജോലി ഇല്ലായിരുന്നു. വളരെ പെട്ടെന്ന് തന്നെ വിവാഹം കഴിയുകയും ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടാവുകയും ചെയ്തു. ഇനി നല്ലൊരു ജോലി കിട്ടുമോ എന്നോർത്ത് ഞാൻ ഭയപ്പെട്ടിരുന്നു. എന്റെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. പക്ഷേ സാലറി കുറവായതിനാൽ ഞങ്ങളെ കൂടെ കൊണ്ടുപോകുവാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് ഞാൻ വിദേശത്തേക്ക് പോകുവാനുള്ള ശ്രമം തുടങ്ങി. അതിനായി German പഠിക്കുവാൻ ആരംഭിച്ചു. ഞാൻ രണ്ട് പ്രാവശ്യം പരീക്ഷ എഴുതിയിട്ടും രണ്ട് Module മാത്രമാണ് എനിക്ക് ലഭിച്ചത്. അതോടെ ഞാൻ നിരാശ്ശയിലായി. പിന്നീട് ക്ലാസ്സിൽ പോകാതെ വീട്ടിലിരുന്ന് പഠിക്കുവാൻ തുടങ്ങി. എല്ലാ ചൊവ്വാഴ്ചയും ഞാൻ കുമ്പസാരിക്കുകയും, ദിവ്യബലിയിലും നൊവേനയിലും സംബന്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. 65 മിനിറ്റുള്ള ആദ്യ എക്സാമിൽ, ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, എനിക്ക് ആകെ 21 ചോദ്യങ്ങൾ മാത്രമാണ് അറ്റൻഡ് ചെയ്യുവാൻ സാധിച്ചത്. 18 എണ്ണം ശരിയായാൽ മാത്രമാണ് എക്സാം പാസ്സാകുവാൻ സാധിക്കുക. എന്തായാലും തോറ്റുപോകുമെന്ന് ഉറപ്പായി. ആ വിഷമത്തിൽ അടുത്ത എക്സാം ശരിക്കും അറ്റൻഡ് ചെയ്യാതെ ഞാൻ അവിടെ നിന്ന് മടങ്ങി. തിരികെ വരുമ്പോൾ ഞാൻ പുണ്യവാളന്റെ അടുക്കൽ വന്ന് കണ്ണീരോടെ പ്രാർത്ഥിച്ചു. എന്തായാലും ശ്രമം ഉപേക്ഷിക്കുവാൻ മനസ്സ് വന്നില്ല. Language പഠനത്തിനായി Chennai-യിലേക്ക് പോകുവാൻ തീരുമാനിച്ചു. ഞാൻ അവിടെയ്ക്ക് പോകുന്നതിന് മുമ്പ് തന്നെ, നേരത്തെ എഴുതിയ എക്സാമിന്റെ റിസൾട്ട് വന്നുവെന്ന് അറിയാൻ കഴിഞ്ഞു. തോറ്റു പോകുമെന്ന് ഉറപ്പായതിനാൽ ഞാൻ റിസൾട്ട് നോക്കിയില്ല. എന്നാൽ എന്റെ ഭർത്താവ് ചുമ്മാ റിസൾട്ട് നോക്കുവാൻ തീരുമാനിച്ചു. പാസ്സ് ആകുവാൻ 50 മാർക്ക് ആണോ വേണ്ടതെന്ന് ഭർത്താവ് ചോദിച്ചപ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു, എനിക്ക് കിട്ടിയിരിക്കുന്നത് 50 മാർക്കാണെന്ന്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു 50 അല്ല 60 കിട്ടിയാൽ മാത്രമേ എക്സാം പാസ്സാവുകയുള്ളൂവെന്ന്. ഭർത്താവ് പറഞ്ഞു; എനിക്ക് ഒരു എക്സാമിന് 60-ഉം രണ്ടാമത്തെ എക്സാമിന് 63-ഉം ഉണ്ടെന്ന്. എന്റെ പേരുള്ള മറ്റൊരു കുട്ടിയുണ്ട്, അതുകൊണ്ട് റിസൾട്ട് ശരിക്കും നോക്കുവാൻ ഞാൻ ഭർത്താവിനോട് പറഞ്ഞു. അവസാനം ഭർത്താവ് റിസൾട്ട് അയച്ചു തന്നു. അത് കണ്ടപ്പോൾ, ഞാൻ പാസ്സായി എന്ന് ഉറപ്പായി. ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയത്തിനായിരുന്നു 63 മാർക്ക് ലഭിച്ചത്. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.