കൃതജ്ഞത 17.12.2019

കൃതജ്ഞത

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി. ഞങ്ങളുടെ മോൾ സാൽവിയ നിക്‌സൺ പനിയും ചർദ്ദിയുമായി കഴിഞ്ഞ രണ്ടു മാസമായി ചികിത്സയിലായിരുന്നു. ഞങ്ങൾ ആദ്യം മകളെ കാണിച്ചത് എറണാകുളത്തെ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു. അവിടെ വച്ച് അവൾ വെന്റിലേറ്ററിൽ ആയി. അവളുടെ ആരോഗ്യ നിലയിൽ ഒരു പുരോഗതിയും കാണാത്തതിനാൽ ഞങ്ങൾ അവളെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ എത്തിയപ്പോൾ അവളുടെ രക്തത്തിന്റെ കൗണ്ടും, പ്ലേറ്റ്ലറ്റും കുറഞ്ഞു പോയി. 48 മണിക്കൂർ ഒന്നും പറയുവാൻ സാധിക്കുകയില്ലെന്ന് ഡോക്ടർ പറഞ്ഞു. അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. അന്ന് നൊവേന മധ്യേ അച്ചൻ അവളുടെ പേര് പറഞ്ഞ് പ്രാർത്ഥിച്ചിരുന്നു. അത്ഭുതമെന്ന് പറയട്ടെ, അന്ന് തന്നെ അവളുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായി. അഞ്ച് ദിവസം കഴിഞ്ഞപ്പോൾ അവളെ I.C.U-വിൽ നിന്ന് മാറ്റി. അരയ്ക്ക് താഴെ പൂർണ്ണമായും തളർന്നിരുന്ന അവൾ പതുക്കെ നടക്കുവാൻ തുടങ്ങി. അവൾക്ക് യൂറിൻ പോകാത്തതിനാൽ ട്യൂബ് ഇട്ടിരിക്കുകയായിരുന്നു. പിറ്റേ ചൊവ്വാഴ്ച ഞങ്ങൾ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് മകൾക്കുവേണ്ടി പ്രാർത്ഥിച്ചു. അതിന്റെ അടുത്ത ദിവസം രാവിലെയായപ്പോൾ യൂറിൻ പോയി. ഡോക്ടർ ചോദിച്ചു; ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്ന് . അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി.


കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദി. ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന നാവികൻ ആണ്. നാട്ടിൽ വരുമ്പോഴെല്ലാം പുണ്യവാളന്റെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യാറുണ്ട്. ഞാൻ ചെയ്തിരുന്ന ജോലിയിൽ നിന്ന് എനിക്ക് Promotion ലഭിക്കുകയുണ്ടായി. അതിന്റെ ഭാഗമായി എനിക്ക് ആറ് മാസത്തെ Training ഉണ്ടാവുകയും ആ കാലയളവിൽ എന്റെ കണ്ണുകൾ വീർക്കുകയും ഭയങ്കരമായ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. നാട്ടിൽ വന്ന് ടെസ്റ്റ് ചെയ്യ്തപ്പോൾ Chemical അലർജി മൂലം ലൂബ്രിക്കേഷൻ ഗ്ലാൻഡ് ബ്ലോക്ക് ആയതാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഉടൻ തന്നെ ഈ ജോലി സാഹചര്യത്തിൽ നിന്ന് മാറണമെന്ന് ഡോക്ടർ പറഞ്ഞു. പഴയ ജോലിയിലേക്ക് തിരികെ പോകുവാൻ ഒത്തിരി കടമ്പകൾ ഉണ്ടായിരുന്നു. കൂടാതെ എനിക്ക് പകരം മറ്റൊരാളെ അവൈഡ് നിയമിക്കുകയും ചെയ്തിരുന്നു. ആകെ വിഷമിച്ചൊരു അവസ്ഥയായിരുന്നെങ്കിലും ഞങ്ങൾ വിശ്വാസത്തോടെ അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി പഴയ post- ൽ Salary Hike- ഓടെ ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കുകയും Treatment തുടരുവാൻ കഴിയുകയും ചെയ്തു. ഇപ്പോൾ കണ്ണുകളുടെ അസ്വസ്ഥത പൂർണ്ണമായും മാറി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.


കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. വർഷങ്ങളായി പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുന്ന ഒരു വിശ്വാസിയാണ് ഞാൻ. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ചെറുതും വലുതുമായ നിരവധി അനുഗ്രഹങ്ങൾ എന്റെ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്റെ മകൾ, പഠിക്കുന്ന കാലത്ത് ഒരു പയ്യനുമായി സ്നേഹ ബന്ധത്തിലായിരുന്നു. ഞങ്ങൾക്ക് ആ ബന്ധം ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുമായിരുന്നില്ല. ഞങ്ങൾ അവളോട് അതിൽ നിന്നും പിന്മാറുവാൻ ആവശ്യപ്പെട്ടു. ഞങ്ങളെ വേദനിപ്പിക്കുവാൻ അവൾക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് അവൾ ആ ബന്ധത്തിൽ നിന്ന് പിന്മാറി. എന്നാൽ ആ പയ്യൻ, മകൾക്ക് വേറെ വിവാഹാലോചന വന്നപ്പോൾ, ഞങ്ങളെ ഭീഷണിപ്പെടുത്തുകയും കല്യാണം നടത്തുന്നത് ഒന്ന് കാണട്ടെയെന്നും പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിൽ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് തന്നെ നല്ലൊരു കുടുംബത്തിൽ നിന്ന് മകൾക്കൊരു വിവാഹാലോചന വന്നു. കഴിഞ്ഞ 24-നായിരുന്നു നിശ്ചയം. ആ ചടങ്ങ് നടക്കുമോ എന്ന് വരെ ഞങ്ങൾ ഭയപ്പെട്ടിരുന്നു. ഹിന്ദുമത വിശ്വാസിയാണെങ്കിലും പുണ്യവാളനിൽ എനിക്ക് വലിയ വിശ്വാസമായിരുന്നു. ഞാൻ പുണ്യവാളനോട് കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമില്ലാതെ വിവാഹം മംഗളകരമായി നടന്നു. വരുന്ന ഏപ്രിൽ 26-നാണ് വിവാഹം. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി