കൃതജ്ഞത – 10.12.2019

കൃതജ്ഞത                       10.12.2019

പാദുവായിലെ വി. അന്തോണിസിന് നന്ദി.

എന്റെ മകൻ 2014 -ൽ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നു. 2016-ൽ അതിന്റെ പണി തീരുമെന്നും, താമസ യോഗ്യമാകുമെന്നും അതിന്റെ ബിൽഡേഴ്സ് പറഞ്ഞിരുന്നു. അതിനാൽ രണ്ട് വർഷം കൊണ്ട് അതിന്റെ ഏതാണ്ട് മുഴുവൻ തുകയും അവർ ആവശ്യപ്പെട്ടതനുസരിച്ച്‌ ശമ്പളത്തിൽ നിന്നു തന്നെ നേരിട്ട് അടച്ചുകൊണ്ടിരിക്കുകയും ചെയ്തു. എന്നാൽ 2019 ആയിട്ടും അവർ അതിന്റെ പണി പൂർത്തിയാക്കിയില്ല. അങ്ങനെയിരിക്കുമ്പോൾ മറ്റൊരാവശ്യത്തിനായി കുറേ പണം ആവശ്യമായി വന്നു. ആ സാഹചര്യത്തിൽ ഫ്ലാറ്റ് മറ്റാർക്കെങ്കിലും മറിച്ച്‌ വിറ്റ് പണം കണ്ടെത്തുവാനുള്ള ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. ബിൽഡേഴ്സിനോട് ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം തിരികെ എടുത്തിട്ട്,  പണം റീ ഫണ്ട് ചെയ്യാൻ ആവശ്യപ്പെട്ടു.  പക്ഷേ അവർ അതിന്  തയ്യാറായില്ല. അങ്ങനെ വളരെയധികം വിഷമിച്ചിരിക്കുമ്പോൾ ഞങ്ങൾ അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു.   അതിന്റെ ഫലമായി മുടങ്ങി കിടന്നിരുന്ന ഫ്ലാറ്റിന്റെ പണി പുനഃരാരംഭിക്കുകയും അധികം താമസ്സിയാതെ തന്നെ അത് ഏതാണ്ട് പൂർത്തീകരിക്കുകയും ചെയ്തു. ആ അവസ്ഥയിൽ ആ ഫ്ലാറ്റ്  വാങ്ങുവാൻ ഒരാളെ കണ്ടെത്തുവാനും സാധിച്ചു. എന്നാൽ ഒന്നിന് പുറകെ ഒന്നായി പല തടസ്സങ്ങളും വില്പനയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്നു. വില്പന നടക്കുമോ എന്ന് വരെ സംശയിച്ചു. ഒടുവിൽ മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷം ദൈവാനുഗ്രഹത്താൽ ആ ഫ്ലാറ്റ് വിൽക്കുവാൻ സാധിച്ചു.  അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.    


അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ നെടുമ്പാശ്ശേരി സ്വദേശിനിയാണ്. 2015, ജൂൺ മാസത്തിലെ തിരുനാൾ ഒരുക്ക നവനാൾ നൊവേനയിൽ മുടങ്ങാതെ സംബന്ധിച്ചിരുന്നു. തുടർന്നും ഞാൻ ഇവിടെ വന്ന് ദിവ്യബലിയിലും, നൊവേനയിലും സംബന്ധിക്കാറുണ്ട്. എന്റെ ഭർത്താവിന് ഒരു സ്ഥിര ജോലി ലഭിക്കുന്നതിനായി ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ടായിരുന്നു. എന്നാൽ അത് എങ്ങനെ ലഭിക്കും എന്നതിനെക്കുറിച്ച് ഒരു രൂപവും ഇല്ലായിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ പാലക്കാട് Industrial Tribunal -ന്റെ വിധി അനുസരിച്ച് K.S.E.B. കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുവാൻ Order വരികയുണ്ടായി. P.S.C. നടത്തിയ പരീക്ഷയിൽ വിജയിച്ചെങ്കിലും പിന്നീടും പലവിധത്തിലുള്ള പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു. പത്താം ക്ലാസ് പാസ്സായവരെയും പരിഗണിക്കുവാൻ വിധി ഉണ്ടായിരുന്നു. അങ്ങനെ പല വിധത്തിലുള്ള പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായെങ്കിലും ഞങ്ങൾ അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അന്തോണിസ് പുണ്യവാളനോട് മാധ്യസ്ഥം യാചിച്ചാൽ വെറുതെയാവില്ല; പ്രതിഫലം കിട്ടും എന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2019 സെപ്റ്റംബർ 17-ന് എന്റെ ഭർത്താവ് ഒരു സ്ഥിര ജോലിയിൽ പ്രവേശിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.    

Lilly  


അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

കഴിഞ്ഞ മാസം 11-ന്,  എന്റെ അപ്പാപ്പനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചുമയും ശ്വാസതടസ്സവുമാണ് ഉണ്ടായിരുന്നത്. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അപ്പാപ്പനെ ICU വിലേക്കും, തുടർന്ന് വെന്റിലേറ്ററിലേക്കും മാറ്റി.  ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്നും കിഡ്‌നിയുടെ പ്രവർത്തനം തകരാറിലാണെന്നും,  ബ്ലഡിൽ ഓക്സിജന്റെ അളവ് കുറവാണെന്നും അറിയിക്കേണ്ടവരെ അറിയിക്കുവാനും പറഞ്ഞു.      മരുന്നുകളോട് ശരീരം പ്രതികരിക്കാത്തതിനാൽ മരുന്ന് നൽകുന്നത് നിർത്തി. അപ്പാപ്പന് അന്ത്യ കൂദാശ നൽകുകയും ചെയ്തു. അപ്പാപ്പനെ  ഞങ്ങൾക്ക് തിരിച്ചുവേണം എന്ന അതിയായ ആഗ്രഹം ഉള്ളതിനാൽ എന്തെങ്കിലും ഒരു സാധ്യത ഉണ്ടോയെന്ന് വീണ്ടും ചോദിച്ചു. പ്രാർത്ഥിക്കുക വേണമെങ്കിൽ ഹോസ്പിറ്റൽ മാറാമെന്നും അവർ പറഞ്ഞു. ഞങ്ങൾ ഹോസ്പിറ്റൽ മാറ്റി നോക്കി. അവരും വലിയ പ്രതീക്ഷ വേണ്ടാ എന്നു തന്നെയാണ് പറഞ്ഞത്. അത് കേട്ടതോടെ ഞങ്ങൾ ഒത്തിരി വിഷമിച്ചു. കണ്ണീരോടുകൂടി ഞങ്ങൾ  പുണ്യവാളന്റെ അടുക്കൽ  പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്പാപ്പൻ ജീവിതത്തിലേക്ക് മടങ്ങി വന്നാൽ ഞങ്ങൾ ആദ്യം അപ്പാപ്പനുമായി വരുന്നത് ഈ തീർത്ഥാടന കേന്ദത്തിലേക്കായിരിക്കുമെന്ന്,  ഉറപ്പിച്ചു. കഴിഞ്ഞ മാസം 12-ന്   നൊവേന മദ്ധ്യേ അപ്പാപ്പനുവേണ്ടി പ്രാർത്ഥിച്ചിരുന്നു. അതിന്റെ ഫലമായി അപ്പാപ്പൻ സുഖം പ്രാപിക്കുകയും 26.11.2019-ൽ discharge ലഭിക്കുകയും ചെയ്തു. അപ്പാപ്പന്റെ കാര്യത്തിൽ സംഭവിച്ചത് ഒരു അത്ഭുതം തന്നെയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.     അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.