കൃതജ്ഞത- 03.12.2019

കൃതജ്ഞത 03.12.2019

പാദുവായിലെ വി. അന്തോണിസിന് നന്ദി. വർഷങ്ങളായി, ഞാനും എന്റെ കുടുംബവും ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കുന്നവരാണ്. ആദ്യമൊക്കെ വിശ്വാസപൂർവ്വം ദിവബലിയിലും, നൊവേനയിലും സംബന്ധിച്ചിരുന്നെങ്കിലും ഞാൻ നേർച്ച കഞ്ഞി കുടിക്കുമായിരുന്നില്ല. നിരവധി അനുഭവങ്ങളും രോഗസൗഖ്യവും ഈ കഞ്ഞിയിലൂടെ അനേകം പേർക്ക് ലഭിച്ചിട്ടുണ്ടെന്ന് എന്റെ മമ്മി പറഞ്ഞപ്പോൾ ഞാൻ ആ വാക്കുകളിൽ വിശ്വസിച്ചു. വർഷങ്ങളായി തൈറോയിഡിന് മരുന്ന് കഴിക്കുന്നയാളാണ് ഞാൻ. എപ്പോഴൊക്കെ check ചെയ്താലും എന്റെ തൈറോയ്ഡ് ലെവൽ കൂടുതലായി തന്നെയാണ് കാണാറുള്ളത്. എന്നാൽ പിന്നീട് ഞാൻ കഞ്ഞി കുടിക്കുമ്പോഴെല്ലാം ഇത് ഓർത്ത് പ്രാർത്ഥിച്ചട്ടെ കുടിക്കാറുള്ളൂ. രണ്ടാഴ്ച്ച മുമ്പ് ഞാൻ check ചെയ്തപ്പോൾ എന്റെ ഹോർമോൺ ലെവൽ നോർമലായി കാണപ്പെട്ടു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.


അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.


ഞാൻ ഹിന്ദു യുവതിയാണ്. ആറ് വർഷത്തോളമായി മുടങ്ങാതെ ഞാൻ എല്ലാ ചൊവ്വാഴ്ച്ചയും നൊവേനയിൽ സംബന്ധിക്കുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ പ്രാർത്ഥിച്ച കാര്യങ്ങളെല്ലാം എനിക്ക് ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്റെ മകളുടെ, ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് ഭക്ഷണത്തിൽ നിന്ന് അണുബാധയുണ്ടായി. കുടലിലും, രക്തത്തിലും അണുബാധ വ്യാപിച്ചു. പിന്നീട് യൂറിൻ പോകാതെയായി. രണ്ട് ദിവസം മരുന്ന് കഴിച്ചിട്ടും കുറവ് ഉണ്ടായില്ല. ഭക്ഷണം കഴിക്കാതെ, രാത്രി ഉറങ്ങാതെ കുഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അസുഖം മാറുന്നതിനായി ഞങ്ങൾ പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കുഞ്ഞുമായി വന്ന് മൂന്നാഴ്ച്ച നൊവേനയിൽ സംബന്ധിക്കാമെന്നും, കൃതജ്ഞത എഴുതിയിടാമെന്നും നേരുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ പിറ്റേ ദിവസം രാവിലെ കുഞ്ഞിന്റെ അസുഖമെല്ലാം മാറിയിരുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.


പാദുവായിലെ വി. അന്തോണിസിന് നന്ദി.

എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. 2017 ജനുവരി മാസം ഞാൻ Pregnant ആവുകയും സെപ്റ്റംബർ മാസം 20-ന് ഒരാൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ കുഞ്ഞിനെ പുറത്തെടുത്ത സമയത്ത് അവൻ കരയുന്നുണ്ടായിരുന്നില്ല. കുഞ്ഞിനെ പരിശോധിച്ച ഡോകട്ർ പറഞ്ഞു. അവന് ഒരു തുടിപ്പ് മാത്രമേയുള്ളൂവെന്നും അതുകൊണ്ട് വെന്റിലേറ്ററിലേക്ക് മാറ്റാമെന്നും. 4 ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞ് മരിച്ചു. 3.800 K.G. ഭാരം കുഞ്ഞിന് ഉണ്ടായിരുന്നതുകൊണ്ടും, നോർമൽ ഡെലിവറി ആയിരുന്നതുകൊണ്ടും കുഞ്ഞിനെ പെട്ടെന്ന് പുറത്തേക്ക് എടുക്കുവാൻ സാധിച്ചില്ല. അതിനുശേഷം ഞാൻ ആകെ തകർന്നു പോയി. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. പിന്നീട് ഞാൻ വീണ്ടും കലൂർ പള്ളിയിൽ വരുവാൻ ആരംഭിക്കുകയും ദിവ്യബലിയിലും നൊവേനയിലും സംബന്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഫെബ്രുവരിയിലെയും ജൂണിലെയും തിരുനാൾ നൊവേനയിൽ മുടങ്ങാതെ സംബന്ധിക്കുകയും, ഒരു കുഞ്ഞിനെ ലഭിച്ചാൽ അവനെ പുണ്യവാളന്റെ തിരുവസ്ത്രം ധരിപ്പിച്ചുകൊണ്ട് നൊവേന കൂടാമെന്ന് നേരുകയും ചെയ്തു. 2018 സെപ്റ്റംബർ 24-ന് ഞങ്ങൾ ഇവിടെ വന്ന് ദിവ്യബലിയിൽ സംബന്ധിച്ചിരുന്നു. അന്നേ ദിനം ഞങ്ങളുടെ കുഞ്ഞ് മരിച്ചിട്ട് ഒരു വർഷം തികയുകയായിരുന്നു. കുഞ്ഞ് മരിക്കുന്നതിന് മുമ്പ് അവന് മാമ്മോദീസ നൽകിയിരുന്നു. അവന് ആന്റണി എന്ന പേരും നൽകിയിരുന്നു. അന്ന് കുർബ്ബാന കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഞാൻ pregnant ആണെന്ന് അറിയുന്നത്. അങ്ങനെ 2019 മെയ് 15-ന് ഞാനൊരു ആൺ കുഞ്ഞിന് ജന്മം നൽകി. അവനിപ്പോൾ അഞ്ച് മാസം പ്രായമുണ്ട്. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു