കൃതജ്ഞത 29.10.2019
അത്ഭുത പ്രവർത്തകനായ അന്തോണിസ്
പുണ്യവാളന് നന്ദി.
ആദ്യം തന്നെ കൃതജ്ഞത എഴുതിയിടാൻ
വൈകിയതിൽ ക്ഷമ ചോദിക്കുന്നു. എന്റെ
ഭർത്താവിന്, കണ്ണിൽ ദശവളർച്ച ഉണ്ടായതിനെ
തുടർന്ന് ഒരു സർജറി ചെയ്യേണ്ടി വന്നു. കഴിഞ്ഞ
നവംബർ മാസത്തിലായിരുന്നു സർജറി ചെയ്യ്തത്.
അതൊരു ട്യുമർ ആണെന്നും ബയോപ്സിക്ക്
അയക്കണമെന്നും ഡോക്ടർ പറഞ്ഞു. ബയോപ്സി
റിസൾട്ടിൽ, കണ്ണിൽ ട്യൂമർ ആണെന്ന് സ്ഥിതീകരിച്ചു.
വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു
ഹോസ്പിറ്റലിലേക്ക് മാറ്റി. എന്ത്
ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന അവസ്ഥയിൽ
ഞാനും കുടുംബവും പുണ്യവാളന്റെ അടുക്കൽ
വന്ന് പ്രാർത്ഥിക്കുകയും ഒൻപതാഴ്ച്ച നൊവേനയിൽ
സംബന്ധിക്കാമെന്ന് നേരുകയും ചെയ്യ്തു. അതിന്റെ
ഫലമായി രണ്ടാമത് Treatment ആരംഭിക്കുന്നതിന്
മുമ്പായി ഒരിക്കൽ കൂടി Biopsy ടെസ്റ്റ് നടത്തുവാൻ
തീരുമാനിച്ചു. അത്ഭുതമെന്ന് പറയട്ടെ, ആ റിസൾട്ട്
വന്നപ്പോൾ കാൻസറിന്റെതായ യാതൊരുവിധ
ലക്ഷണങ്ങളും ഇല്ലെന്ന് അറിഞ്ഞു. അതൊരു
ഇൻഫെക്ഷൻ ആണെന്നും, അത് മാറുവാൻ തുള്ളി
മരുന്ന് ഒഴിച്ചാൽ മതിയെന്നും ഡോക്ടർ അറിയിച്ചു.
ഈ വലിയ അനുഗ്രഹം അന്തോണിസ്
പുണ്യവാളന്റെ മാധ്യസ്ഥതയാൽ മാത്രം
ലഭിച്ചതാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
പുണ്യവാളനിലൂടെ ലഭിച്ച ഈ വലിയ
അനുഗ്രഹത്തിന് ഒരായിരം നന്ദി.
———————————————————————————————————————————————————————————————————
പാദുവായിലെ വി. അന്തോണിസിന് നന്ദി.
കഴിഞ്ഞ കുറേ വർഷങ്ങളായി കലൂർ പള്ളിയിൽ
വരുകയും നൊവേനയിൽ സംബന്ധിക്കുകയും
ചെയ്യുന്ന ഒരു വിശ്വാസിയാണ് ഞാൻ. അന്തോണിസ്
പുണ്യവാളന്റെ മാധ്യസ്ഥതയാൽ നിരവധി
അനുഗ്രഹങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. അതിലൊന്ന്
ഇവിടെ സാക്ഷ്യപ്പെടുത്തുന്നു.
വിവാഹപ്രായം കഴിഞ്ഞ എനിക്ക് വിവാഹം
നടക്കാത്തതിൽ വളരെയധികം വിഷമം
ഉണ്ടായിരുന്നു. എനിക്കും എന്റെ വീട്ടുകാർക്കും
അക്കാരണത്താൽ ഒരുപാട് വേദനയും ആളുകളുടെ
കുറ്റപ്പെടുത്തലും സഹിക്കേണ്ടി വന്നിട്ടുണ്ട്. 30
വയസ്സു കഴിഞ്ഞതുകൊണ്ട്, എന്നെ രണ്ടാം
വിവാഹക്കാരെകൊണ്ട് വിവാഹം കഴിപ്പിക്കുവാൻ
വരെ പറഞ്ഞവരുണ്ട്. അത് കേട്ടപ്പോൾ ഒത്തിരി
വിഷമം തോന്നിയെങ്കിലും വിശ്വാസം കൈവിടാതെ,
ഞാൻ അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥം
തേടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. തത്ഫലമായി
നല്ലൊരു വിവാഹക്കാര്യം എനിക്ക് വരുകയും
കഴിഞ്ഞ മാസം ഞങ്ങളുടെ വിവാഹം നടക്കുകയും
ചെയ്തു. പരീക്ഷണങ്ങൾ നേരിട്ടപ്പോഴെല്ലാം
വിശ്വാസം കൈവിടാതെ പ്രാർത്ഥിച്ചതുകൊണ്ട്
എനിക്ക് നല്ലൊരു കുടുംബ ജീവിതം ലഭിച്ചു.
അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ
ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ
അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു.
——————————————————————————————————————————————————————————————————–
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ്
പുണ്യവാളന് നന്ദി.
എന്റെ ചേട്ടന്റെ കുട്ടിക്കുവേണ്ടിയാണ് ഞാൻ ഈ
കൃതജ്ഞത എഴുതുന്നത്. കഴിഞ്ഞ ഒക്ടോബർ 8 –
നായിരുന്നു കുഞ്ഞ് ജനിച്ചത്. പിറ്റേ ദിവസം
കുഞ്ഞിന് Breathing Problem ഉണ്ടായിരുന്നു.
അതുകൊണ്ട് കുഞ്ഞിനെ മറ്റൊരു
ഹോസ്പിറ്റലിലേക്ക് മാറ്റുകയും NICU-വിൽ
അഡ്മിറ്റാക്കുകയും ചെയ്തു. അവനെ തിരിച്ചു
കിട്ടില്ലെന്നാണ് ഞങ്ങൾ കരുതിയത്. എങ്കിലും
ഞങ്ങൾ അന്തോണിസ് പുണ്യവാളനോടുള്ള നൊവേന
ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ
ഫലമായി കുഞ്ഞിന്റെ ആരോഗ്യ നിലയിൽ മാറ്റം
കണ്ടു തുടങ്ങി. കഴിഞ്ഞ ആഴ്ച ഞാൻ
പുണ്യവാളന്റെ അടുക്കൽ വന്നപ്പോൾ ഞാൻ
അപേക്ഷിച്ചിരുന്നു…. അടുത്ത ആഴ്ച്ച ഞാൻ ഇവിടെ
വരുമ്പോൾ കുട്ടിയും, ഞങ്ങളുടെ കൂടെ വീട്ടിൽ
ഉണ്ടാകണമേയെന്ന്. അന്തോണിസ് പുണ്യവാളന്റെ
മാധ്യസ്ഥതയാൽ അതുപോലെ തന്നെ സംഭവിച്ചു.
ഈ ചൊവ്വാഴ്ച ഞാൻ ഇവിടെ വന്നപ്പോൾ
കുഞ്ഞ് വീട്ടിൽ സുഖമായിരിക്കുകയായിരുന്നു. ഈ
വലിയ അനുഗ്രഹം അന്തോണിസ് പുണ്യവാളന്റെ
മാധ്യസ്ഥതയാൽ മാത്രം ലഭിച്ചതാണെന്ന് ഞങ്ങൾ
ഉറച്ചു വിശ്വസിക്കുന്നു. വിശുദ്ധനിലൂടെ ലഭിച്ച
എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു
Leave a Reply