കൃതജ്ഞത – 22.10.2019

കൃതജ്ഞത – 22.10.2019

കൃതജ്ഞത 22.10.2019

പാദുവായിലെ വി. അന്തോണിസിന് നന്ദി.
ഹിന്ദുമത വിശ്വാസിയാണെങ്കിലും വർഷങ്ങളായി ഞാൻ
കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുന്നുണ്ട്.
സാധിക്കുന്ന ചൊവ്വാഴ്ചകളിളെല്ലാം നൊവേനയിലും
സംബന്ധിക്കാറുണ്ട്. അതിന്റെ ഫലമായി ഒരുപാട്
അനുഗ്രഹങ്ങൾ പുണ്യവാളൻ എനിക്ക് നൽകിയട്ടുണ്ട്.
അതിൽ ഒന്നാണ് കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന ഞങ്ങൾക്ക്
4 വർഷത്തിനുശേഷം കുഞ്ഞിനെ ലഭിച്ചത്. എന്റെ
ഭർത്താവിന് ഷിപ്പിലായിരുന്നു ജോലി. എന്നാൽ ഒരു
ചികിത്സയുടെ ഭാഗമായി ജോലി ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീട് മറ്റൊരു ജോലിക്കായി ശ്രമിച്ചെങ്കിലും ഒന്നും
ശരിയായില്ല. Service Gap വന്നതുകൊണ്ട്
അവസരങ്ങളെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരുന്നു.
അതിനിടയിൽ ഒത്തിരി പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു.
എങ്കിലും ഞങ്ങൾ വിശ്വാസം കൈവിടാതെ
പ്രാർത്ഥിച്ചു. അതിന്റെ ഫലമായി കഴിഞ്ഞ ആഴ്ച
അദ്ദേഹത്തിന് ഒരു ജോലി ശരിയായി. ഇപ്പോൾ അദ്ദേഹം
ഷിപ്പിൽ ജോലി ചെയ്യുന്നു. അന്തോണിസ്
പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന്
ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം
നന്ദിയർപ്പിക്കുന്നു.

———————————————————————————————————————————————————————————————————

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ്
പുണ്യവാളന് നന്ദി.
അങ്ങ് നൽകിയ അനുഗ്രഹം സാക്ഷ്യപ്പെടുത്തുവാൻ
വൈകിയതിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു.
ഞാനൊരു ഹിന്ദുമത വിശ്വാസിയാണെങ്കിലും
അന്തോണിസ് പുണ്യവാളന്റെ ഭക്തയാണ്. അന്തോണിസ്
പുണ്യവാളനിലൂടെ ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ
സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ നാല് വർഷമായി എന്റെ
അമ്മയ്ക്ക് തൈറോയ്ഡ് ഉണ്ട്. പിന്നീട് അത് കൂടി.
അമ്മയ്ക്ക് ശ്വാസം എടുക്കാനോ, ആഹാരം കഴിക്കുവാനോ,
ഉറങ്ങുവാനോ സാധിക്കുമായിരുന്നില്ല. പിന്നീട്
ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ സർജറിക്കായി

ഡോക്ടർ നിർദ്ദേശിച്ചു. കഴുത്തിലായതിനാൽ പല അപകട
സാധ്യതകളും ഉണ്ടെന്ന് ഡോകട്ർ അറിയിച്ചു. സംസാര
ശേഷി വരെ നഷ്ടമാവാമെന്നും ഡോക്ടർ പറഞ്ഞു.
എങ്കിലും അമ്മയുടെ വേദന കണ്ടു നിൽക്കുവാൻ
സാധിക്കാത്തതുകൊണ്ട് ഞങ്ങൾ സര്‍ജറി നടത്തുവാൻ
തീരുമാനിച്ചു. ഞങ്ങൾ അന്തോണിസ് പുണ്യവാളന്റെ
മാധ്യസ്ഥം തേടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ
ഫലമായി കഴിഞ്ഞ ജൂലൈയ് 15-ന് ഒരു പ്രശ്നവുമില്ലാതെ
സർജറി കഴിഞ്ഞു. ഇപ്പോൾ അമ്മയ്ക്ക് ഒരു കുഴപ്പവും
ഇല്ല. നന്നായി സംസാരിക്കുവാൻ കഴിയുന്നുണ്ട്.
പൂർണ്ണ ആരോഗ്യവതിയായി ഞങ്ങളുടെ അമ്മയെ തിരികെ
നൽകിയ അന്തോണിസ് പുണ്യവാളന്
നന്ദിയർപ്പിക്കുന്നു .

———————————————————————————————————————————————————————————————————

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന്
നന്ദി.
എന്റെ ജീവിതത്തിൽ നടന്ന വലിയൊരു അത്ഭുതം ഇവിടെ
സാക്ഷ്യപ്പെടുത്തുന്നു. 2011-ൽ ഞാൻ ഒരു
സ്ഥാപനത്തിൽ ജോലിക്കായി അപേക്ഷിച്ചിരുന്നു.
എന്റെ വീടിന്റെ അടുത്തുള്ള ബ്രാഞ്ചിൽ ജോലി
ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എന്നാൽ
എനിക്ക് ജോലി ലഭിച്ചത് ആ സ്ഥാപനത്തിന്റെ വളരെ
ദൂരെയുള്ള ഒരു ബ്രാഞ്ചിലായിരുന്നു. അവിടെ ഞാൻ ഒരു
വർഷം ജോലി ചെയ്തു. പിന്നീട് അവിടെ തുടരുവാൻ
സാധിച്ചില്ല. അതിനുശേഷം പല സ്ഥാപനങ്ങളിൽ ഞാൻ
ജോലി ചെയ്തു. പക്ഷേ ഒരിടത്തും സ്ഥിരമായി
നിൽക്കുവാൻ സാധിച്ചില്ല. ഈ വർഷം ഞാൻ ഒരു
ജോലിക്കും പോകാതെ വീട്ടിലിരിക്കുകയായിരുന്നു.
വല്ലാത്ത മടുപ്പ് എനിക്ക് അനുഭവപ്പെട്ടു
തുടങ്ങിയിരുന്നു. സാധിക്കുമ്പോഴെല്ലാം ഞാനും എന്റെ
ഭർത്താവും ഇവിടെ വന്ന് നൊവേനയിൽ
സംബന്ധിക്കുമായിരുന്നു. അങ്ങനെയിരിക്കെ, ഒരു
ചൊവ്വാഴ്ച്ച, ഇവിടെ വായിച്ച കൃതജ്ഞതകളിലൊന്ന്
നഷ്ടപ്പെട്ടു പോയ ജോലി തിരികെ
കിട്ടിയതിനെക്കുറിച്ചായിരുന്നു. അത് കേട്ടപ്പോൾ
ഞാനും പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിക്കുവാൻ

തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ 2011 -ൽ ഞാൻ
ജോലിക്കായി Apply ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന്
എന്നെ വീണ്ടും ഇന്റർവ്യൂവിനായി വിളിക്കുകയും ഞാൻ
അതിൽ വിജയിക്കുകയും വീടിന്റെ അടുത്തുള്ള ബ്രാഞ്ചിൽ
എനിക്ക് നിയമനം ലഭിക്കുകയും ചെയ്തു. അന്തോണിസ്
പുണ്യവാളന്റെ മാധ്യസ്ഥതയാൽ മാത്രമാണ് ഈ വലിയ
അനുഗ്രഹം ലഭിച്ചതെന്ന് ഞാൻ ഉറച്ചു
വിശ്വസിക്കുന്നു. വിശുദ്ധന് ഒരായിരം നന്ദി

Leave a Reply

Your email address will not be published.