കൃതജ്ഞത- 03.09.2019

കൃതജ്ഞത- 03.09.2019

 

കൃതജ്ഞത                           03.09.2019

 

എന്റെ പേര് റ്റിന്റു. സ്വദേശം പാലക്കാട്. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച  അനുഗ്രഹത്തിന് നന്ദിയർപ്പിക്കുന്നു.

കഴിഞ്ഞ ജൂൺ 30-ന് ഞാൻ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയിൽ നിന്നും Financial Crisis മൂലം ഞങ്ങളെ പിരിച്ചു വിട്ടു. അതിനുശേഷം മറ്റൊരു ജോലി ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നു. 12 interviews ഞാൻ അറ്റൻഡ് ചെയ്തു. എന്നിട്ടും ശരിയാകാതെ വന്നപ്പോൾ ഞാൻ അന്തോണിസ് പുണ്യവാളന്റെ സഹായം തേടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. രണ്ട് പ്രാവശ്യം ഞാൻ ഇവിടെ വന്ന് ദിവ്യബലിയിലും നൊവേനയിലും സംബന്ധിച്ച്‌ പ്രാർത്ഥിച്ചു. മൂന്നാമത്തെ ആഴ്ച ഇവിടെ വരുന്നതിന് മുമ്പായി, ഒരു ജോലി ശരിയാകുവാൻ വേണ്ടി ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു. എന്നാൽ ജോലി ലഭിക്കുന്നതിന് മുമ്പ് തന്നെ  മൂന്നാമതും ഇവിടെ വരുവാൻ ഇടയായി.    അതിനുശേഷം അറ്റൻഡ് ചെയ്ത ഇന്റർവ്യൂവിൽ Selection കിട്ടുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അതിന് നന്ദിസൂചകമായി  കൃതജ്ഞത സമർപ്പിക്കുകയും പൂമാല ചാർത്തുകയും ചെയ്തു.

എനിക്കും, എന്റെ ചേച്ചിക്കും, ഭർത്താവിനും ജോലി നഷ്ടപ്പെട്ടിരുന്നു. നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്കും ചേട്ടനും ജോലി ലഭിച്ചു. സമാധാനത്തോടെ ചെയ്യാൻ സാധിക്കുന്ന ജോലി നൽകിയതിന് അന്തോണിസ് പുണ്യവാളന് നന്ദിയർപ്പിക്കുന്നു.

കൃതജ്ഞത                           03.09.2019

 

വിളിച്ചാൽ കൈവിടാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്. എന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സ് മുതൽ വിവാഹ ആലോചന തുടങ്ങിയതാണ്. വരുന്ന കാര്യങ്ങളെല്ലാം പലവിധ കാരണങ്ങളാൽ മുടങ്ങിപ്പോകുമായിരുന്നു. അങ്ങനെ ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ഒരു വിവാഹക്കാര്യം ശരിയായി വന്നു. പക്ഷേ ജാതകം നോക്കിയ ജ്യോത്സൻ പറഞ്ഞു; സമയം വളരെ മോശമായതിനാൽ ചിലപ്പോൾ മുടങ്ങി പോകാമെന്ന്.

ഞാൻ ഇടയ്ക്ക് കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുന്ന വിശ്വാസിയായിരുന്നു. എന്നാൽ അതുവരെയും സ്ഥിരമായി നൊവേനയിൽ സംബന്ധിച്ചിരുന്നില്ല. പക്ഷേ ജ്യോത്സൻ പറഞ്ഞത് കേട്ടപ്പോൾ ആദ്യം തന്നെ കലൂർ പള്ളിയിൽ വന്ന് ഒൻപത് നൊവേന കൂടണമെന്നാണ് എന്റെ മനസ്സിൽ തോന്നിയത്. അങ്ങനെ ഞാൻ മുടങ്ങാതെ ഒൻപത് നൊവേന കൂടി.

ഒത്തിരി തടസ്സങ്ങൾ ഉണ്ടായെങ്കിലും 2017 സെപ്റ്റംബർ 13 -ന് എന്റെ വിവാഹം മംഗളകരമായി നടന്നു. ഇതെല്ലാം പുണ്യവാളന്റെ കൃപാകടാക്ഷങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൃതജ്ഞത എഴുതിയിടാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.

അങ്ങയിൽ നിന്ന് നിരവധിയായ അനുഗ്രഹങ്ങൾ എനിക്കും എന്റെ കുടുംബത്തിനും ലഭിച്ചിട്ടുണ്ട്. അതിന് എല്ലാറ്റിനും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി.

കൃതജ്ഞത                           03.09.2019

 

പാദുവായിലെ വി. അന്തോണിസിന് നന്ദി.

എന്റെ മകൻ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. അവൻ               പഠനത്തിൽ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. Dyslexia  ആയ അവന് കുറച്ചു നേരം പഠിക്കുമ്പോൾ തന്നെ മടുപ്പ് അനുഭവപ്പെടുമായിരുന്നു. പലവിധത്തിൽ അവന്റെ പഠന നിലവാരം ഉയർത്തുവാൻ ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം. പരീക്ഷ സമയങ്ങളിൽ അവൻ പഠിക്കാതെ  നടക്കുന്നത് കാണുമ്പോൾ ഞാൻ ഒത്തിരി വിഷമിക്കുമായിരുന്നു. പഠനം വലിയൊരു ഭാരമായാണ് അവൻ കണ്ടത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ അവന്റെ പഠന കാര്യത്തിനുവേണ്ടി മാത്രമായിരുന്നു പ്രാർത്ഥിച്ചിരുന്നത്. അവന് ഏറ്റവും ബുദ്ധിമുട്ടുള്ള ഫ്രഞ്ച് പരീക്ഷയുടെ സമയത്ത് ഞങ്ങൾ മുട്ടിപ്പായി അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. റിസൾട്ട് വന്നപ്പോൾ വന്നപ്പോൾ ഞങ്ങളെയെല്ലാം  ഞെട്ടിച്ചുകൊണ്ട് അവൻ 82% മാർക്ക് നേടിയിരുന്നു. അവനെ സംബന്ധിച്ച് അത് വളരെ നല്ല റിസൾട്ട് ആണ്. അതും ഫ്രഞ്ചിൽ, നൂറിൽ, നൂറും വാങ്ങിക്കുകയും ചെയ്തു. ഇതെല്ലാം അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ മാത്രം ലഭിച്ചതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. വിശുദ്ധന് ഒരായിരം നന്ദി.