അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കുട്ടികൾ ഉണ്ടാവാത്ത വിഷമത്തിലായിരുന്നു. എനിക്ക് PCOD എന്ന അസുഖം ഉണ്ടെന്നും അതുകൊണ്ടാണ് കുട്ടികൾ ഉണ്ടാവാത്തതെന്നും ഡോക്ടർ പറഞ്ഞു. ഒരുപാട് ചികിത്സകൾ മാറി മാറി ചെയ്തെങ്കിലും ഫലമുണ്ടായില്ല. പണ്ടു മുതലേ എന്റെ എന്തു കാര്യത്തിനും അന്തോണിസ് പുണ്യവാളന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കണ്ണീരോടെ പ്രാർത്ഥിച്ചാൽ പുണ്യവാളൻ കൈവിടില്ല എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. അങ്ങന ഞാൻ ഇവിടെ വന്ന് 7 ചൊവ്വാഴ്ച നൊവേനയിൽ സംബന്ധിക്കുകയും വിശ്വാസത്തോടെ അപേക്ഷിക്കുകയും ചെയ്തു. അതിന്റെ ഫലമായി 7 ചൊവ്വാഴ്ചകളിലെ നൊവേന കഴിഞ്ഞതിന്റെ അടുത്ത മാസം ഞാൻ Pregnant ആവുകയും ഈക്കഴിഞ്ഞ ജനുവരിയിൽ പൂർണ്ണ ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇത് പുണ്യവാളൻ എന്റെ ജീവിതത്തിൽ എനിക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹമായി ഞാൻ കാണുന്നു. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദമ്പതികൾക്കുംവേണ്ടി ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.
രമ്യ രാഹുൽ
ആലപ്പുഴ
————————————————————————————————————————————————————————-
പാദുവായിലെ വി. അന്തോണിസിന് നന്ദി.
ഈ കൃതജ്ഞത എഴുതിയിടാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. എനിക്കും എന്റെ കുടുംബത്തിനും ലഭിച്ച വലിയൊരു അനുഗ്രഹത്തിന് നന്ദി സൂചകമായിട്ടാണ് ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നത്. എന്റെ കുഞ്ഞിന് രണ്ടാഴ്ച മുമ്പ് പനി വന്നു. തുടർന്ന് ചുമ വന്നതോടെ പനി കൂടുവാൻ തുടങ്ങി. നല്ലതുപോലെ ആഹാരം കഴിച്ചിരുന്ന എന്റെ മകൾ, പിന്നീട് ആഹാരം തൊട്ടു പോലും നോക്കാതെയായി. വെള്ളം മാത്രം കുടിക്കുമായിരുന്നു. ദിവസങ്ങളോളം ഈ പ്രവൃത്തി തുടർന്നപ്പോൾ എന്റെ കുഞ്ഞ് വല്ലാതെ ക്ഷീണിക്കുവാൻ തുടങ്ങി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചപ്പോൾ ഞാൻ പുണ്യവാളന്റെ അടുക്കൽ വരുകയും കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അന്ന് ഞാൻ നൊവേന കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എന്റെ മകൾ കുറച്ച്, ഭക്ഷണം കഴിച്ചു. പിറ്റേ ദിവസം മുതൽ, മകൾ പതിവുപോലെ ആഹാരം കഴിക്കുവാൻ തുടങ്ങി. രണ്ട് മൂന്ന് ദിവസം കൊണ്ട് അസുഖമെല്ലാം മാറി. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഘട്ടത്തിൽ പുണ്യവാളൻ ഞങ്ങളെ സഹായിക്കുകയും എന്റെ മകൾ സുഖം പ്രാപിക്കുകയും ചെയ്തു. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിക്കുന്നു. എന്റെ മകളെ എല്ലാവിധ അസുഖങ്ങളിൽ നിന്നും രക്ഷിക്കണമേയെന്നും ദൈവ സ്നേഹത്തിൽ വളരുവാൻ അനുഗ്രഹിക്കണമേയെന്നും പ്രാർത്ഥിക്കുന്നു.
പിതാവായ ദൈവത്തിനും, ലോക രക്ഷകനായ ഈശോയ്ക്കും,അവൾക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിച്ച അന്തോണിസ് പുണ്യവാളനും നന്ദി.
Pius
———————————————————————————————————————————————————————————————-
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.
ഞാനൊരു ഹിന്ദു യുവതിയാണ്. എനിക്ക് മൂന്ന് പെൺ കുട്ടികളാണ് ഉള്ളത്. അതിൽ രണ്ടാമത്തെ മകൾ ഒരു ചെറുപ്പക്കാരനുമായി സ്നേഹ ബന്ധത്തിലായി. ഞങ്ങൾക്ക് അംഗീകരിക്കുവാൻ സാധിക്കാത്ത വിധത്തിലുള്ള ഒരു ബന്ധമായിരുന്നു അത്. ഞങ്ങളുടെ വീട്ടികാർ ആരും തന്നെ അത് സമ്മതിച്ചില്ല. എന്റെ മകൾ ആ ബന്ധത്തിൽ നിന്ന് പിന്മാറുവാൻ ഞാൻ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിക്കുകയും ഒൻപതാഴ്ച നൊവേനയിൽ സംബന്ധിക്കാമെന്ന് നേരുകയും ചെയ്തു. അധികം വൈകാതെ മകൾ ആ ബന്ധത്തിൽ നിന്നും പിന്മാറി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ, നല്ലൊരു വിവാഹക്കാര്യം മകൾക്ക് വരുകയും ആ വിവാഹം നടക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ 20-നായിരുന്നു വിവാഹം. ഇപ്പോൾ അവർ സന്തോഷത്തോടെ ജീവിക്കുന്നു. പുണ്യവാളന്റെ സഹായം ഞങ്ങൾക്ക് എപ്പോഴും ഉണ്ടാവണമേയെന്ന് പ്രാർത്ഥിക്കുന്നു. എന്റെ ആഗ്രഹം സഫലമാക്കി തന്നതിന് അന്തോണിസ് പുണ്യവാളനോട് നന്ദിയർപ്പിക്കുന്നു.