കൃതജ്ഞത- 19.08.2019

കൃതജ്ഞത- 19.08.2019

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

വിവാഹം കഴിഞ്ഞ് 10 വർഷത്തോളം കുട്ടികൾ ഉണ്ടാവാതിരുന്നതിനാൽ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച്‌ ഞങ്ങൾ എല്ലാ ചൊവ്വാഴ്ചയും  നൊവേനയിൽ പങ്കെടുക്കുകയും പ്രാർത്ഥിക്കുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി ഈക്കഴിഞ്ഞ മാർച്ച് 11-ന് ഞങ്ങൾക്ക് ഒരു ആൺ കുഞ്ഞിനെ ലഭിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങളും ഞങ്ങളുടെ ജീവിതത്തിൽ ലഭിക്കുകയുണ്ടായി. വിശുദ്ധനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.        

——————————————————————————————————————-

പാദുവായിലെ വി. അന്തോണിസിന് നന്ദി.

എനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ തന്ന എന്റെ പുണ്യവാളനോട് എത്ര നന്ദിപറഞ്ഞാലും തീരില്ല. എന്റെ ഭവനത്തിൽ നടന്ന ഒരു അനുഗ്രഹമാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. എന്റെ അനിയന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമായി. അവന്റെ ഭാര്യയ്ക്ക് ചില സ്വഭാവ ദൂഷ്യങ്ങൾ ഉണ്ടായിരുന്നു. ധൂർത്തും, മുഴുവൻ സമയമുള്ള ഫോൺ കോളുകളും, പലരുമായുള്ള കറക്കവും ഒക്കെ ഉണ്ടായിരുന്നു. അവൾ പല പല കള്ളങ്ങൾ പറഞ്ഞായിരുന്നു വീട്ടിൽ നിന്ന് പോയ്കൊണ്ടിരുന്നത്. പക്ഷേ ഈ കാര്യങ്ങളൊന്നും അനിയന് അറിയില്ലായിരുന്നു. ഇതെല്ലാം അനിയനോട് തുറന്ന് പറയുവാനുള്ള ധൈര്യവും ഞങ്ങൾക്ക് ഇല്ലായിരുന്നു. എന്നാൽ മറ്റൊരു മാർഗ്ഗത്തിലൂടെ അവൻ ഇതെല്ലാം അറിഞ്ഞു.

അവളോട് ചോദിച്ചപ്പോൾ ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും പിന്നീട് തെളിവുകൾ സഹിതം ചോദിച്ചപ്പോൾ സത്യമെല്ലാം തുറന്ന് പറഞ്ഞു. പക്ഷേ എനിക്ക് നല്ല പേടിയായിരുന്നു. അങ്ങനെ അവൾ അവളുടെ വീട്ടിലേക്ക് പോയി. അവളുടെ സ്വഭാവത്തെക്കുറിച്ച്‌, ഞാൻ എന്റെ Identity വ്യക്തമാക്കാതെ അവനെ ചില കാര്യങ്ങൾ അറിയിച്ചിരുന്നു. ഞാൻ കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്ന കുറ്റബോധം എന്നെ എപ്പോഴും അലട്ടികൊണ്ടിരുന്നു. അവർ പിരിഞ്ഞു നിൽക്കുന്നതുകൊണ്ട് ഞാൻ ഒത്തിരി വിഷമിച്ചിരുന്നു. ഞാൻ പുണ്യവാളന്റെ അടുക്കൽ വന്ന് കണ്ണീരോടെ  പ്രാർത്ഥിക്കുകയും ഒൻപതാഴ്ച നൊവേനയിൽ സംബന്ധിക്കാമെന്ന് നേരുകയും ചെയ്തു. എട്ടാമത്തെ നൊവേന കഴിഞ്ഞുള്ള ഞായറാഴ്ച അവളും അവളുടെ വീട്ടുകാരും ഞങ്ങളുടെ വീട്ടിൽ വരുകയും ചെയ്ത തെറ്റെല്ലാം ഏറ്റുപറയുകയും ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന്     ഉറപ്പ് നൽകുകയും ചെയ്തു. അങ്ങനെ എല്ലാ പ്രശ്നങ്ങളും ഒത്തു തീർപ്പായി. അങ്ങനെ അവൾ വീണ്ടും അവനുമൊത്ത് ജീവിതം ആരംഭിച്ചു. ഒൻപതാമത്തെ നൊവേന ഞങ്ങൾ കുടുംബസമേതമാണ് കൂടിയത്. ഞങ്ങളുടെ കൂടെ അവളും  ഉണ്ടായിരുന്നു. ആപത്ത് സമയത്ത് ഞങ്ങളെ സഹായിച്ച, ഞങ്ങൾക്ക്  അത്ഭുതങ്ങൾ കാട്ടിത്തന്ന അന്തോണിസ്  പുണ്യവാളന് ഒരായിരം നന്ദിയർപ്പിക്കുന്നു.

——————————————————————————————————————

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസിന് ഒരായിരം നന്ദിയർപ്പിക്കുന്നു. .

ഞാൻ എന്റെ ചെറിയ പ്രായം മുതൽ ഈ ദൈവാലയത്തിൽ വന്നു തുടങ്ങിയതാണ്. കഴിയുന്ന എല്ലാ ദിവസവും തന്നെ ഈ ദൈവാലയത്തിൽ വന്ന് പൂമാല ചാർത്തി പ്രാർത്ഥിക്കാറുമുണ്ട്. ചെറുതും വലുതുമായ ഒത്തിരി അനുഗ്രഹങ്ങൾ പുണ്യവാളന്റെ മാധ്യസ്ഥതയാൽ എനിക്ക് ലഭിച്ചിട്ടുണ്ട്.

ഞാൻ ഒരു Divorce കഴിഞ്ഞ വ്യക്തിയാണ്. രണ്ടാമത് ഒരു വിവാഹത്തിന് 4 വർഷമായിട്ട് നോക്കുന്നു. പക്ഷേ അത് നടന്നിരുന്നില്ല. പുണ്യവാളന്റെ മുന്നിൽ കണ്ണീരോടെ മുട്ടിപ്പായി പ്രാർത്ഥിക്കുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. പുണ്യവാളന്റെ ഒൻപത് ദിവസത്തെ തിരുനാൾ നൊവേനയും ദിവ്യബലിയും ഇതിനിടയിലായിരുന്നു. അതിലും ഞാൻ മുടങ്ങാതെ വരികയും വിശുദ്ധനോട് പ്രാർത്ഥിക്കുകയും ചെയ്തു. ഒൻപതാമത്തെ നൊവേന ജൂൺ 25-ന് ആയിരുന്നു. ഞാൻ ഒരിക്കലും നടക്കില്ലായെന്ന് കരുതിയിരുന്ന എന്റെ വിവാഹം ജൂൺ 24-ന് നടക്കുകയും ചെയ്തു. ഈ വലിയ അനുഗ്രഹം അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ മാത്രം ലഭിച്ചതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.

വിശുദ്ധന് ഒരായിരം നന്ദി.