കൃതജ്ഞത – ഏപ്രിൽ 24, 2018

കൃതജ്ഞത	– ഏപ്രിൽ 24, 2018

കൃതജ്ഞത

 

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസിന് നന്ദി.

വിശുദ്ധന്റെ മാധ്യസ്ഥതയാൽ നിരവധി അനുഗ്രഹങ്ങൾ എനിക്ക് ഈശോയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. സ്ഥിര വരുമാനമുള്ള ഒരു ജോലിക്കായി ഞാൻ ഒത്തിരി നാളായി ശ്രമിക്കുന്നു. ദൈവകൃപയാൽ രണ്ടു മൂന്ന് P.S.C റാങ്ക് ലിസ്റ്റിൽ ഞാൻ കയറിക്കൂടി. പക്ഷേ, ജോലി എന്ന ലക്ഷ്യത്തിലേക്ക് അതെന്നെ എത്തിച്ചില്ല. വിശ്വാസം കൈവിടാതെ ദൈവത്തിലാശ്രയിച്ചുകൊണ്ട് ഞാൻ വീണ്ടും പരിശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ വിവാഹം കഴിഞ്ഞു. അതോടെ ജോലി എന്നത് സ്വപ്‍നമായി തീർന്നു. എങ്കിലും അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വരുമ്പോൾ ഞാൻ ഈക്കാര്യം സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ, കുറച്ചു മാസങ്ങൾക്ക് മുമ്പ് എഴുതിയ പരീക്ഷയുടെ മെയിൻ ലിസ്റ്റിൽ എന്റെ പേര് വരികയും അധികം താമസിയാതെ പോസ്റ്റിങ്ങ് നടക്കുകയും ചെയ്തു. അങ്ങനെ സിവിൽ സപ്ലൈസിനു കീഴിലുള്ള അസിസ്റ്റന്റ് സെയിൽസ്മാൻ എന്ന തസ്തികയിലേക്ക് നിയമനം ലഭിച്ചു. ഞാൻ ആ ജോലിയിലിരുന്നുകൊണ്ട് കുറച്ചു കൂടി മെച്ചപ്പെട്ട ജോലിക്കായി ശ്രമിച്ചു തുടങ്ങി.          അങ്ങനെ എനിക്ക് കമ്പനി/കോർപ്പറേഷന്റെ ക്ലറിക്കൽ തസ്തികയുടെ മെയിൻ ലിസ്റ്റിൽ വരാൻ സാധിച്ചു. പക്ഷേ എന്റെ റാങ്ക് 3500-നു മേലെയായിരുന്നു. അതുകൊണ്ടു തന്നെ ആ ലിസ്റ്റിൽ നിയമനം ലഭിക്കുക എന്നത് അസാധ്യമായ ഒരു കാര്യമായിരുന്നു. ലിസ്റ്റ് ക്യാൻസൽ ചെയ്യാൻ ഒരു മാസം ശേഷിക്കെ P.S.C-യിൽ 250 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ദൈവാനുഗ്രഹം കൊണ്ടുമാത്രം  ആ 250 പേരിൽ കമ്മ്യൂണിറ്റി കാറ്റഗറി വച്ച് ആദ്യത്തെ 25 പേരിൽ ഒരാളാകുവാൻ എനിക്ക് സാധിച്ചു. നല്ലൊരു കമ്പനിയിൽ പ്രവേശിക്കുവാനുള്ള Advice memo-യും ലഭിച്ചു. പോസ്റ്റിങ്ങ് ദൂരെയാകുമോ എന്നോർത്തു ഭയന്നിരുന്നെങ്കിലും അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ വീടിനടുത്തു തന്നെ Posting ലഭിച്ചു.     പ്രത്യാശ കൈവിടാതെ ദൈവത്തെ വിളിച്ചപേക്ഷിച്ചാൽ, അതു കുറച്ചു വൈകിയാണെങ്കിലും, ദൈവം അത് നമുക്കായി നടത്തിത്തരും എന്ന വലിയ സത്യം  എന്റെ ജീവിതം എന്നെ പഠിപ്പിച്ചു.  അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്നും ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

ഒരു വിശ്വാസി

 

കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

വിശുദ്ധന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. 2017  സെപ്റ്റംബറിൽ എന്റെ സഹോദരി ജോയ്‌സിക്ക് Acute Lymphoblastic B Cell Leukemia ആണെന്നറിയുകയും അതിനെ തുടർന്ന് ഏഴു മാസം Chemotherapy എടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. രോഗം വിവരം അറിഞ്ഞതു മുതൽ ഞാനും, കുടുംബാംഗങ്ങളും അവൾക്കുവേണ്ടി ദിവ്യബലിയിലും, നൊവേനയിലും സംബന്ധിച്ച്, രോഗസൗഖ്യത്തിനായി മുട്ടിപ്പായി പ്രാർത്ഥിച്ചുവരുന്നു.   2018 ജൂണിൽ  Chemotherapy തീരാനിരിക്കെ അവൾക്ക്  കാലുവേദനയും Joint pains-ഉം കൂടുതലാവുകയും ചെയ്തു

അതിനാൽ ഡോക്ടർ Matching Donor ടെസ്റ്റിനും ബയോപ്സിക്കും പറയുകയും ചെയ്തു. 2018 മാർച്ച്‌ 13-ന് ജോയ്‌സി Biopsy-ക്ക് വിധേയയാവുകയും ആ Biopsy നെഗറ്റീവ് ആയി വരികയും ചെയ്തു. അവളുടെ ശരീരത്തിൽ കാൻസർ സെൽ ഇല്ലായെന്നുള്ളത് ഞങ്ങൾക്ക് ഒത്തിരി സന്തോഷം നൽകുന്നു. Treatment failure ആയാൽ Transplant-ഉം, മറ്റ് നടപടികളിലേക്കും പോകണമെന്നിരിക്കെ ജോയ്‌സിയുടെ Biopsy നെഗറ്റീവ് ആയത് വി. അന്തോണിസിന്റെ മാധ്യസ്ഥ സഹായം ഒന്നുകൊണ്ടുമാത്രമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.   അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്നും ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദിയർപ്പിക്കുന്നതിനോടൊപ്പം ജോയ്‌സിയുടെ തുടർന്നുള്ള രണ്ട് വർഷത്തെ ചികിത്സയ്ക്കു വേണ്ടിയും രോഗ സൗഖ്യത്തിനുവേണ്ടിയും എല്ലാവരുടെയും പ്രാർത്ഥന സഹായം അപേക്ഷിക്കുകയും ചെയ്യുന്നു.

ജോബിഷ് ജോസ്    

 

 കൃതജ്ഞത

 

എന്റെ പേര് ജോസഫ്. ഞങ്ങൾ CSI വിഭാഗത്തിലുള്ളവരാണ്. ഞങ്ങൾ സ്ഥിരമായി നൊവേനയിൽ പങ്കെടുക്കുകയും അന്തോണിസ് പുണ്യവാളനിലൂടെ   പലവിധത്തിലുള്ള അത്ഭുതങ്ങളും  ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവരുമാണ്. ഈയടുത്ത് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള രണ്ട് വലിയ കാര്യങ്ങൾ വിവരിക്കാനാണ് ഈ കത്ത് എഴുതുന്നത്.

എന്റെ ജേഷ്ഠന്റെ 24 വയസ്സുള്ള ഒരേയൊരു മകൾക്ക് കാൻസർ പിടിപ്പെട്ടു.  എറണാകുളത്തുള്ള പ്രശസ്തമായ ഹോസ്പിറ്റലിലെ നീണ്ട ചികിത്സയ്ക്കു ശേഷം വെല്ലൂരിലേക്ക് മാറ്റുകയും അവിടെ നിന്നും സുഖം പ്രാപിക്കാത്തതിനാൽ വീട്ടിലേക്ക് മടങ്ങുകയും ഹോമിയോ ചികിത്സ ആരംഭിക്കുകയും ചെയ്തു. പ്രതീക്ഷ കൈവിട്ട ഞങ്ങൾ ഇവിടെ വന്ന് സ്ഥിരമായി നൊവേനയിൽ സംബന്ധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി  മകൾ,  ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്തു.

മറ്റൊരു അത്ഭുതം, എന്റെ മകൻ MBA പഠിക്കുന്നതിനുവേണ്ടി അയർലണ്ടിലേക്ക് 4 കൂട്ടുകാരോടൊപ്പം അപേക്ഷിക്കുകയും കൂട്ടുകാർ എല്ലാവരും IELTS പാസാവുകയും ചെയ്തു. എന്റെ മകൻ പല പ്രാവശ്യം ശ്രമിച്ചിട്ടും ലഭിച്ച score 5.30 മാത്രമായിരുന്നു. ആ അവസരത്തിൽ ഞങ്ങൾ വളരെ ദുഃഖത്തോടെ ഇവിടെ വരുകയും നൊവേനയിൽ സംബന്ധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. അത്ഭുതമെന്നു പറയട്ടെ. ഈ സ്കോറോടു കൂടി തന്നെ അഡ്മിഷൻ കിട്ടുകയും കൂട്ടുകാരോടൊപ്പം ഫെബ്രുവരി 18-ന് അയർലണ്ടിലേക്ക് പോവുകയും പഠനം ആരംഭിക്കുകയും ചെയ്തു.

ഈ വലിയ ഉപകാരങ്ങൾ, അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ മാത്രം ലഭിച്ചതാണെന്ന്  ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. വിശുദ്ധന് ഒരായിരം നന്ദി.

ജോസഫ് എം. ജെ      

Leave a Reply

Your email address will not be published.