കൃതജ്ഞത
പാദുവായിലെ വി. അന്തോണിസിന് നന്ദി.
വിവാഹിതനായ ഞങ്ങളുടെ മൂത്തമകൻ ഡിക്സൺ ഷാർജയിൽ ഒരു കമ്പനിയിൽ സെയിൽസ് മാനേജറായി ജോലി ചെയ്ത് 9 വർഷമായി ഷാർജയിൽ താമസിച്ച് വരികയായിരുന്നു. 6 വയസ്സുള്ള ഒരു മകളുണ്ട്. നേഴ്സായ ഭാര്യയ്ക്ക് അയർലന്റിൽ ജോലി ലഭിക്കുകയും 2016-ൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. മകളെ അവിടെ പഠിക്കാൻ ചേർത്തു. കുടുംബ സമേതം താമസിക്കുവാൻ വേണ്ടി ഷാർജയിലെ ജോലി രാജിവെച്ച് മകൻ, അയർലന്റിലേക്ക് പോയി. അവിടെ മകന് ജോലി ശരിയായി വരുമ്പോൾ, ഷാർജയിലെ കമ്പനിയിലെ Settlement-നായി, 2017 July മാസത്തിൽ ഷാർജയിൽ വരുകയും കാര്യങ്ങൾ Settle ചെയ്യാനുള്ള നടപടിക്രമങ്ങൾ തുടങ്ങുകയും ചെയ്തു. ഓഗസ്റ്റ് 1-ന് ഒത്തിരി പ്രാവശ്യം മകനെ ഫോണിൽ വിളിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഒടുവിൽ, അവിടെയുള്ള സുഹൃത്തുക്കൾവഴി പോലീസിൽ പരാതിപ്പെട്ടു. അവരുടെ അന്വേഷണത്തിൽ മകനെ കാറിനുള്ളിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തി. Heart attack ആയിരുന്നു മരണ കാരണം. മരണാനന്തര ചടങ്ങുകൾക്കായി മകളും, കുട്ടിയും നാട്ടിലേക്ക് വന്നു. വീട്ടിൽ ഞങ്ങളെല്ലാവരും വളരെ വേദനയോടെ ദിവസങ്ങൾ നീക്കവേ, അയർലന്റിൽ അവർ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിക്കപ്പെട്ടു എന്ന വിവരം അറിയുവാൻ ഇടയായി. ഒന്നിന് പുറകെ ഒന്നായി വരുന്ന ഈ വേദനയിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചിരുന്ന സമയത്ത് ഞങ്ങളെല്ലാവരും അന്തോണിസ് പുണ്യവാളനോട്, മാധ്യസ്ഥ സഹായത്തിനായി പ്രാർത്ഥിച്ചു. എല്ലാ വിഷമവും സങ്കടവും ഉള്ളിലൊതുക്കി മകളും കുഞ്ഞും അയർലന്റിലേക്ക് പോയി. നഷ്ടപ്പെട്ട കാറിന്റെ കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അവരുടെ അന്വേഷത്തിൽ കാർ കണ്ടെത്താൻ കഴിയാതെ വന്നു. എങ്കിലും ഞങ്ങൾ പ്രാർത്ഥന തുടർന്നു. ഇവിടെ വന്ന് ദിവ്യബലിയിലും നൊവേനയിലും സംബന്ധിക്കുകയും കൃതജ്ഞത എഴുതിയിടാമെന്ന് നേരുകയും ചെയ്തു. വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ 45 ദിവസങ്ങൾക്കു ശേഷം, ഒരു പോറൽ പോലും സംഭവിക്കാതെ ആ കാർ തിരികെ ലഭിച്ചു. ഭർത്താവ് നഷ്ടപ്പെട്ട മകൾക്കും, അവരുടെ കുഞ്ഞിനും അവിടെ ജീവിക്കുവാൻ ജോലിയും ഈ വാഹനവും ഒരു പ്രചോദനമായി. വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദിപറയുന്നതിനോടൊപ്പം ഇവിടെ വരുന്ന എല്ലാ വിശ്വാസികൾക്കായി പ്രാർത്ഥിക്കയും ചെയ്യുന്നു.
എ. പൗലോസ്, തോപ്പിലാൻ, ഐമുറി
കൃതജ്ഞത
നന്മകളുടെ നിറകുടമായ അന്തോണിസ് പുണ്യവാളന് നന്ദി.
എന്റെ പേര് സാറാമ്മ ജോസഫ്. ഞാൻ 25 വർഷമായി മസ്കറ്റിൽ നഴ്‌സായി ജോലി ചെയ്തു വരുന്നു. കഴിഞ്ഞ മാർച്ച് മാസം ഒരു ദിവസം രാവീലെ, കട്ടിലിൽ നിന്നും എഴുന്നേല്ക്കുമ്പോൾ ഞാൻ നിലത്തു വീഴുകയും മുട്ടിന് പൊട്ടൽ സംഭവിക്കുകയും, Ligament പൊട്ടുകയും ചെയ്തു. MRI ചെയ്തപ്പോൾ ligament rupture with bone calcification with fluid collection ആണെന്ന് കണ്ടു. മസ്കറ്റിലുള്ള ഡോക്ടേഴ്സ് ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു. അവിടെ വച്ച് ഓപ്പറേഷൻ ചെയ്യാൻ താത്പര്യമില്ലാത്തതിനാൽ functional knee braces ഇട്ടുകൊണ്ടാണ് ഞാൻ നടന്നിരുന്നത്. മുട്ട് മടക്കുവാൻ പോലും സാധിക്കാത്ത രീതിയിൽ അതിവേദനയായിരുന്നു ഞാൻ അനുഭവിച്ചുകൊണ്ടിരുന്നത്. സെപ്റ്റംബർ 11-ന് ഞാൻ നാട്ടിലേക്ക് വന്നു. സെപ്റ്റംബർ 12, ചൊവ്വാഴ്ച മുതൽ, ഞാൻ കലൂർ പള്ളിയിൽ വന്നു തുടങ്ങി. ആദ്യത്തെ നൊവേന ദിനം, മുട്ട് മടക്കുവാൻ സാധിക്കാത്തതിനാൽ, ഞാൻ നിന്നുകൊണ്ട് പ്രാർത്ഥിച്ചു. രണ്ടാമത്തെ ചൊവ്വാഴ്‌ച എനിക്ക് പള്ളിക്കകത്ത് കയറി മുട്ടു കുത്തുവാൻ സാധിച്ചു. കടുത്ത വേദന ഉണ്ടായിരുന്നെങ്കിലും എനിക്ക് മുട്ടുകുത്തി പ്രാർത്ഥിക്കുവാൻ സാധിച്ചു . മൂന്നാമത്തെ ആഴ്‌ച്ച എനിക്ക് knee brace ഇടാതെ വരാനും, മുഴുവൻ സമയവും മുട്ടു കുത്തി പ്രാർത്ഥിക്കുവാനും സാധിച്ചു. ഇന്ന് 7/11/2017 (ഒൻപതാം ആഴ്ച) എനിക്ക് പൂർണ്ണ സൗഖ്യത്തോടെ ഒരു വേദനയും ഇല്ലാതെ ഈ തിരുസന്നിധിയിൽ മുട്ടുകുത്തുവാൻ സാധിക്കുന്നു, അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ യേശുവിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിച്ചുകൊണ്ട്,
Saramma Joseph
കൃതജ്ഞത
അത്ഭുതപ്രവർത്തകനായ കലൂരിലെ അന്തോണിസ് പുണ്യവാളന് നന്ദി.
സാധിക്കുന്ന എല്ലാ ചൊവ്വാഴ്ചയും ഇവിടെ വന്ന് ദിവ്യബലിയിലും, നൊവേനയിലും സംബന്ധിക്കുന്ന ഒരു വിശ്വാസിയാണ് ഞാൻ. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. വിദേശത്തേക്ക് ജോലിക്ക് പോകുവാൻ കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് മുമ്പ് മെഡിക്കൽ എടുത്തപ്പോൾ Unfit എന്നായിരുന്നു എന്റെ റിപ്പോർട്ട്. 217 ആയിരുന്നു ഷുഗർ ലെവൽ. യൂറിനിലും ഷുഗർ ഉണ്ട്. അതുകൊണ്ട് ഷുഗർ നോർമലാണെങ്കിൽ മാത്രമേ പോകുവാൻ സാധിക്കുകയുള്ളൂവെന്ന് ഏജൻറ് അറിയിച്ചു. വളരെ വിഷമത്തിലായ ഞാൻ അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു. മാസാവസാന ചൊവ്വാഴ്ചയിലെ തിരുക്കർമ്മങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അച്ചനെ കണ്ട് കാര്യങ്ങളെല്ലാം പറഞ്ഞു. അച്ചൻ തലയിൽ കൈവച്ച് പ്രാർത്ഥിക്കുകയും അന്തോണിസ് പുണ്യവാളന്റെ കാശ് രൂപം നൽകുകയും ചെയ്തു. പിറ്റേ ദിവസം ചെക്കപ്പിന് പോകുന്നതിന് മുമ്പായി ഞാൻ അച്ചന്റെ അടുക്കൽ വരുകയും പ്രാർത്ഥന സഹായം ആവശ്യപ്പെടുകയും ചെയ്തു. അച്ചൻ എനിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. അവിടെ ചെന്നപ്പോൾ അവർ പറഞ്ഞു; ഈ റിപ്പോർട്ടിലും unfit എന്നാണെങ്കിൽ നിങ്ങൾക്ക് ഇനി പോകുവാൻ സാധിക്കുകയില്ലെന്ന്. ഞാൻ അവിടെയിരുന്ന് അന്തോണിസ് പുണ്യവാളനോട് നൊവേന ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ടെസ്റ്റുകളെല്ലാം കഴിഞ്ഞ് ഞാൻ തിരികെ പോന്നു. റിസൾട്ട് മൊബൈലിൽ ലഭിക്കുമെന്ന് അവർ പറഞ്ഞു. അത്ഭുതമെന്ന് പറയട്ടെ റിസൾട്ട്കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഷുഗർ ലെവൽ 111-ഉം യൂറിനിൽ nil എന്നും, മെഡിക്കൽ ഫിറ്റ് ആണെന്നും അറിയുവാൻ സാധിച്ചു. അന്തോണിസ് പുണ്യവാളന്റെ അത്ഭുതമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിപറയുന്നതിനോടൊപ്പം ഇവിടെ വരുന്ന എല്ലാ വിശ്വാസികൾക്കായി പ്രാർത്ഥിക്കയും ചെയ്യുന്നു.
ആന്റണി ജോർജ്ജ്
Leave a Reply