കൃതജ്ഞത
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.
ഞാൻ സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച വ്യക്തിയാണ്. പല ജില്ലകളിലായി 27 വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. പൊറുക്കാനാവാത്ത തെറ്റുകൾ ചെയ്ത ഏതാനും സഹപ്രവർത്തകർക്കെതിരെ ഞാൻ അച്ചടക്ക നടപടികൾ എടുത്തതിന്റെ പേരിൽ അവരിൽ ചിലർ എനിക്ക് വിരോധികളായി മാറി. പുറമേ എന്നോട് ബഹുമാനവും അനുസരണവും അവർ കാട്ടിയിരുന്നുവെങ്കിലും എനിക്കെതിരായി വ്യാജപരാതികൾ വിജിലൻസിന് അയച്ചുകൊണ്ടിരുന്നു. എനിക്കെതിരായി 18 കള്ളക്കേസുകൾ വിജിലൻസ് മുമ്പാകെ എത്തി. തിരുവനന്തപുരത്തു നിന്നും വിജിലൻസ് ഉദ്യോഗസ്ഥർ ഞാൻ ജോലി ചെയ്ത ഓഫീസുകളിൽ അന്വേഷണം തുടങ്ങുകയും എന്റെ മൊഴി എടുക്കുകയും ചെയ്തു. ഞാൻ ചെയ്യാത്ത പല കുറ്റങ്ങളും ഞാൻ ചെയ്തതായും വൻതുക എനിക്ക് ബാധ്യത ഉണ്ടാക്കുന്ന രീതിയിലുമായിരുന്നു പരാതികളിൽ ഏറെയും. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള രേഖകൾ പലതും ഫയലുകളിൽ നിന്നും ആരോ മാറ്റിയിരുന്നു. അതിനാൽ എന്റെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും തടയപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന് ഞാൻ അറിഞ്ഞു. ഇതിനിടയിൽ ഞാൻ വിഷമത്തോടെ റിട്ടയർ ചെയ്തു. എന്റെ നിരപരാധിത്വം വിജിലൻസ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടണമേയെന്ന് അപേക്ഷിച്ചുകൊണ്ട് ഞാൻ കഴിഞ്ഞ ഒരു വർഷമായി എല്ലാ ചൊവ്വാഴ്ചയും നൊവേനയിൽ പങ്കെടുത്തു. വീട്ടിൽ എല്ലാ ദിവസവും ബൈബിളും വായിക്കുവാൻ തുടങ്ങി.അത്ഭുതമെന്ന് പറയട്ടെ എന്റെ നിരപരാധിത്വം തെളിയിക്കുന്നത്തിനുള്ള രേഖകൾ മേലുദ്യോഗസ്ഥർക്ക് ലഭിക്കുകയും വിജിലൻസിന് അവ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 18 പരാതികളിലും ഞാൻ നിരപധിയാണെന്നും വ്യക്തി വിരോധമാണ് പരാതികൾക്ക് പിന്നിലെന്നും വിജിലൻസ് ഉദ്യോഗസ്ഥർ തീർപ്പ് കല്പിച്ചു.
തടഞ്ഞുവച്ച എന്റെ എല്ലാ ആനുകൂല്യങ്ങളും ഇപ്പോൾ ലഭിച്ചു. കൂടാതെ പ്രതിമാസ പെൻഷനും അനുവദിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ യേശുവിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദിയർപ്പിച്ചുകൊണ്ട്
ഒരു വിശ്വാസി
കൃതജ്ഞത
അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.
എന്റെ പേര് അതുല്യ. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു വാഹനാപകടത്തിൽ അച്ചൻ മരിച്ചു. തുടർന്ന് കൂലിപ്പണി ചെയ്താണ് അമ്മ എന്നെയും അനുജനെയും പഠിപ്പിച്ചതും കുടുംബം പുലർത്തിയതും. ബന്ധുക്കളുടെയോ മറ്റാരുടെയുമോ യാതൊരുവിധ സഹായമോ സ്നേഹത്തോടെയുള്ള ഒരു വാക്കോ ലഭിച്ചിട്ടില്ല. എല്ലാവരെയും വെല്ലുവിളിച്ച് അമ്മ ഞങ്ങളെ വളർത്തി. എല്ലാവരെയും സംബന്ധിച്ച് ഞാനൊരു ബാധ്യത ആയിരുന്നു. എനിക്ക് 21 വയസ്സായപ്പോൾ ഒരു വിവാഹാലോചന വന്നു. ഡിമാൻഡുകൾ ഒന്നുമില്ല. ലളിതമായ വിവാഹത്തോട് താത്പര്യം. ബന്ധുബലമോ സാമ്പത്തികമോ പ്രശ്നമല്ലാത്ത ഒരു അധ്യാപകൻ. ഇത്രയും നാൾ കരഞ്ഞതിന്റെ ഫലമായി ദൈവം കൊണ്ടുതന്നതാണെന്ന് വിശ്വസിച്ചു. സ്വപ്‍നങ്ങൾ കാണാൻ തുടങ്ങി. എന്നാൽ വിവാഹത്തോടടുത്തപ്പോൾ ചില പ്രശ്നങ്ങളാൽ വിവാഹം മുടങ്ങി. അതോടെ മറ്റുള്ളവരിൽ നിന്നുള്ള കുത്തുവാക്കുകളും പരിഹാസങ്ങളും കൂടി വന്നു. എങ്കിലും പ്രാർത്ഥന കൈവിട്ടില്ല. കഴിഞ്ഞ ഒന്നര വർഷമായി ഞങ്ങൾ എല്ലാ ചൊവ്വാഴ്ചയും നൊവേനയിൽ സംബന്ധിക്കുകയും അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. മാസങ്ങൾക്ക് ശേഷവും മറുപടിയൊന്നും ലഭിക്കാത്തതിനാൽ എന്റെ പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടു. എന്റെ വീട്ടിലെ അവസ്ഥകളെല്ലാം അംഗീകരിച്ച് ഇനി ആരും വരില്ലായെന്ന് ഞാൻ ഉറപ്പിച്ചിരിക്കുമ്പോഴാണ് പഴയ ആലോചന വീണ്ടും വരുന്നത്. കാര്യങ്ങളെല്ലാം അറിയാമെന്നും അതുകൊണ്ട് ഒന്നും വേണ്ടായെന്നും വിവാഹ ചെലവുകൾ അവർ തന്നെ വഹിക്കാമെന്നും, കുട്ടി നല്ലതാണെന്നും, അത് മാത്രം മതിയെന്നും പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 5-ന് ഞങ്ങളുടെ വിവാഹം മംഗളകരമായി നടന്നു. അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹംകൊണ്ട് മാത്രമാണ് എനിക്കൊരു നല്ല ജീവിതം ലഭിച്ചതെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. വിശുദ്ധന് ഒരായിരം നന്ദി.
ആതിര ടി.എസ്
കൃതജ്ഞത
പാദുവായിലെ വി. അന്തോണിസിന് നന്ദി.
ഞാൻ ഡിഗ്രി കഴിഞ്ഞ് IELTS എക്സാം എഴുതിയിരിക്കുന്ന ഒരു വിദ്യാർത്ഥിനിയാണ്. എന്റെ ചേച്ചിക്കും കുടുംബത്തിനും ലഭിച്ച വലിയൊരു അനുഗ്രഹത്തിന് നന്ദി സൂചകമായി ഈ കൃതജ്ഞത സമർപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ചേച്ചിയും കുടുംബവും കാനഡയിലേക്ക് P.R നേടി പോകുന്നതിനായി ശ്രമിക്കുന്നു. തുടക്കം മുതലുള്ള Processing-ഉം കാര്യങ്ങളും ദൈവകൃപയാൽ എളുപ്പത്തിൽ നടന്നു. അതിനുശേഷം മെഡിക്കൽ കഴിഞ്ഞ് ആറ് മാസം കഴിഞ്ഞിട്ടും ഇതിനെക്കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല. ചേച്ചിയും കുടുംബവും വലിയ വിഷമത്തിലായിരുന്നു. ഞാൻ ഒരു വർഷമായി അന്തോണിസ് പുണ്യവാളന്റെ സന്നിധിയിൽ വന്ന് മുടങ്ങാതെ നൊവേനയിൽ സംബന്ധിക്കുന്നു. ഈ നിയോഗം സമർപ്പിച്ച് തിരുനാളിന് ഒരുക്കമായ ഒൻപത് ദിവസത്തെ നൊവേനയിൽ ഞാൻ ഭക്തിപൂർവ്വം പ്രാർത്ഥിച്ചു. അതിനുശേഷം ഇതിനെക്കുറിച്ച് ഞങ്ങൾ ഒരു mail ചെയ്തു. അതിൽ Rejection ഒന്നും ഇനി ഉണ്ടാകില്ല എന്ന് ഉറപ്പ് ലഭിച്ചു. എന്നിരുന്നാലും ആറ് മാസത്തിന് മേലെയായപ്പോൾ അത് വലിയ ദുഃഖത്തിന് കാരണമായി. തുടർന്ന് ഞങ്ങളെല്ലാവരും നൊവേനയിൽ സംബന്ധിച്ച് അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിക്കുവാൻ തുടങ്ങി. ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലമായി കഴിഞ്ഞ സെപ്റ്റംബർ 15-ന് P.R ലഭിക്കുകയും വീസ അടിക്കുന്നതിനായി പാസ്പോർട്ട് കൊടുക്കുകയും ചെയ്തു. അതിന്റെ processing എല്ലാം വളരെ വേഗത്തിൽ പൂർത്തിയായി. 2017 നവംബർ 8-ന് അവർ കാനഡയിലേക്ക് പോവുകയാണ്. ഈ വലിയ അനുഗ്രഹം അന്തോണിസ് പുണ്യവാളൻ നൽകിയതാണെന്ന് ഞാനും എന്റെ കുടുംബവും ഉറച്ച് വിശ്വസിക്കുന്നു. തുടർന്നുള്ള ജീവിതത്തിലും വിശുദ്ധന്റെ അനുഗ്രഹം ഞങ്ങളുടെ മേലും ഇവിടെ വന്ന് പ്രാർത്ഥിക്കുന്നവരുടെമേലും ഉണ്ടാകാണമേയെന്ന് താഴ്മയായി അപേക്ഷിക്കുകയും ചെയ്യുന്നു.
ദിവ്യ