കൃതജ്ഞത
പാദുവായിലെ വി. അന്തോണിസിന് നന്ദി.
ഒത്തിരി പ്രായമായിട്ടും വിവാഹജീവിതാന്തസ്സിൽ പ്രവേശിക്കുവാൻ സാധിക്കാതെ വിഷമിക്കുകയായിരുന്നു ഞാൻ. ആലോചനകൾ പലതും വന്നെങ്കിലും ഒന്നും ശരിയായില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ കലൂർ പള്ളിയിൽ വരുവാനും നൊവേനയിൽ സംബന്ധിക്കുവാനും തീരുമാനിച്ചത്. മൂന്നാമത്തെ നൊവേന കഴിഞ്ഞപ്പോൾ തന്നെ ഒരു നല്ല വിവാഹാലോചന വന്നു. അന്ന് ഞാൻ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചു ‘ എന്റെ അപ്പച്ചൻ മരിച്ചു പോയതാണ്. അവിടുന്ന് എന്റെ അപ്പച്ചനെ പോലെ എനിക്ക് വേണ്ട കാര്യങ്ങളെല്ലാം ഈശോയെകൊണ്ട് നടത്തിച്ചു തരണമേയെന്ന്’. നല്ല കുമ്പസാരം നടത്തി, വളരെ പ്രത്യാശയോടു കൂടിയാണ് ഞാൻ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചിരുന്നത്. അതിന്റെ ഫലമായി അഞ്ചാമത്തെ നൊവേന കഴിഞ്ഞപ്പോൾ, ആ വിവാഹാലോചന തീരുമാനത്തിലെത്തി. അന്ന് ഞാൻ ഇവിടെ, വികാരിയച്ചനോട് എല്ലാം വിശദമായി പറയുകയും വിശുദ്ധന്റെ തിരുസ്വരൂപം വെഞ്ചിരിച്ച് വീട്ടിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ആദ്യത്തെ ഒൻപത് നൊവേന കഴിഞ്ഞപ്പോൾ അമേരിക്കയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നല്ലൊരാളുടെ ആലോചന അന്തോണീസ് പുണ്യവാളൻ എനിക്ക് ശരിയാക്കി തന്നു. വീണ്ടും ഒൻപതാഴ്ച കൂടി നൊവേനയിൽ സംബന്ധിക്കുവാൻ ഞാൻ തീരുമാനിച്ചു. പെട്ടെന്ന് വന്ന ആലോചനയായതുകൊണ്ട് അതിനുവേണ്ടുന്ന സാമ്പത്തികാവസ്ഥ വീട്ടിൽ ഇല്ലായിരുന്നു. എന്നാൽ പുണ്യവാളന്റെ സഹായത്താൽ 12 ലക്ഷം രൂപ സ്വരൂപിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. സ്ത്രീധനമായി അവർ ഒന്നും ആവശ്യപ്പെട്ടിരുന്നില്ല എങ്കിലും 40 പവൻ സ്വർണ്ണാഭരണങ്ങളുമായിട്ടാണ് എന്റെ വിവാഹം വീട്ടുകാർ നടത്തിയത്. കഴിഞ്ഞ July 23-ന് ഞങ്ങളുടെ വിവാഹം ആശീർവദിക്കപ്പെട്ടു. ഇപ്പോൾ ഞാൻ U.S-ൽ പോകുവാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. എന്റെ പ്രിയ അന്തോണിസ് പുണ്യവാളൻ എനിക്കായി ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിച്ചുകൊണ്ട്
ഷാരോൺ
ചെല്ലാനം
കൃതജ്ഞത
അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.
ഞാനൊരു ഹിന്ദുമത വിശ്വാസിയാണ്. കഴിഞ്ഞ 26 വർഷമായി സ്വന്തമായി ഒരു വീടിനുവേണ്ടി അലയുകയായിരുന്നു. എല്ലാ വർഷവും, സ്ഥലം വാങ്ങുവാനും വീട് പണിയുവാനും പദ്ധിതിയിടുമായിരുന്നു. എന്നാൽ ഒന്നും സാധിച്ചിരുന്നില്ല. എന്റെ ഭർത്താവ് മരിച്ചുപോയാതാണ്. ഞാൻ ചെറിയൊരു കട നടത്തുകയാണ്. മകൻ New Zealand-ൽ പഠിക്കുന്നു. ഇപ്പോൾ പഠനം കഴിഞ്ഞ് അവിടെ തന്നെ ജോലി ചെയ്യുന്നു. ഒരു വീടിന്റെ ആവശ്യത്തിനായി അവൻ മൂന്ന് മാസത്തെ ലീവെടുത്ത് നാട്ടിൽ വന്നു. ഞങ്ങൾ ഒരുപാട് അലഞ്ഞു. ഒന്നും ശരിയായില്ല. അങ്ങനെയിരിക്കുമ്പോൾ ഞാനൊരാളെ കണ്ടു. എന്റെ പ്രശ്‌നം പറഞ്ഞ് നോക്കി കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് വീടിന് യോഗം ഇല്ല എന്നായിരുന്നു. നെഞ്ച് പൊട്ടുന്ന വേദനയോടെയാണ് അന്ന് ഞാൻ അവിടെ നിന്നിറങ്ങിയത്. അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യുന്ന ഭക്തയാണ് ഞാൻ. ഒരു വീടിനായി പ്രാർത്ഥിക്കുകയും 13 ചൊവ്വാഴ്ച മുടങ്ങാതെ നൊവേനയിൽ മുടങ്ങാതെ സംബന്ധിക്കാമെന്ന് നേരുകയും ചെയ്തു. അങ്ങനെ രണ്ടാമത്തെ നൊവേന കഴിഞ്ഞപ്പോൾ ഐശ്വര്യമുള്ള ഒരു വീട് പുണ്യവാളൻ ഞങ്ങൾക്ക് കാണിച്ചു തന്നു. മൂന്നാമത്തെ ആഴ്ച ആ വീട് വാങ്ങിക്കുവാനുള്ള കരാറ് ഉറപ്പിച്ചു. പിന്നീട് അത് വാങ്ങിക്കുവാനുള്ള പണത്തിനായി നെട്ടോട്ടം ഓടുകയായിരുന്നു. അതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോൾ തന്നെ അത്ഭുതമാണ് തോന്നുന്നത്. എങ്ങനെ ഞങ്ങൾക്ക് ഇത്രയും തുക കണ്ടെത്തുവാൻ സാധിച്ചുവെന്നത് ഇപ്പോഴും അറിയില്ല. ഒരു ദിവസം കൊണ്ട് ബാങ്ക് ലോൺ പാസ്സാവുക എന്നത് അന്തോണിസ് പുണ്യവാളന്റെ സഹായം കൊണ്ട് മാത്രം ലഭിച്ചതാണെന്ന് ഞാൻ ഉറപ്പിച്ച് പറയും. പന്ത്രാണ്ടാമത്തെ നൊവേന ദിനത്തിലായിരുന്നു രജിസ്ട്രേഷൻ. ഈ വലിയ അനുഗ്രഹം ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ അന്തോണിസ് പുണ്യവാളനോട് ഞാൻ ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കും. എനിക്ക് ഒരിക്കലും വീട് ആകുകയില്ലായെന്ന് പറഞ്ഞവരോട് ഞാൻ ഉറപ്പിച്ച് പറഞ്ഞു – ‘അന്തോണിസ് പുണ്യവാളൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നും ഈ പ്രപഞ്ചത്തിൽ ഇല്ലായെന്ന്’. വിശുദ്ധൻ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി
ദേവി
കൃതജ്ഞത
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസിന് നന്ദി.
ഞങ്ങളുടെ മകൾക്ക് ലഭിച്ച വലിയൊരു അനുഗ്രഹത്തിന് നന്ദി സൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു, മകൾ +2 -വിന് പഠിക്കുന്ന സമയം. പഠനത്തിൽ പിന്നോട്ട് പോയതിനാൽ അദ്ധ്യാപകർ അവളെ വളരെയേറെ ശകാരിച്ചു. അതോടെ ഞങ്ങളുടെ മകൾ, മാനസിക സമ്മർദ്ധത്തിലായി. ആദ്യത്തെ മോഡൽ പരീക്ഷയിലും രണ്ടാമത്തെ മോഡൽ പരീക്ഷയിലും അവൾ എല്ലാ വിഷയത്തിലും പരാജയപ്പെട്ടു. സ്‌കൂളിൽ നിന്ന് വിളിച്ചപ്പോഴാണ് ഞങ്ങൾ ഇതെല്ലം അറിയുന്നത്. അതോടെ ഞങ്ങൾക്കും ആകെ സങ്കടമായി. മോളോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അവൾ പഠനം നിർത്തുകയാണെന്ന് പറഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും , ആരോടും സംസാരിക്കാതെ, ഭക്ഷണം കഴിക്കാതെ, മുറിയിൽ നിന്ന് പുറത്തിറങ്ങാതെയായിരുന്നു അവൾ കഴിഞ്ഞിരുന്നത്. മൂന്നാമത്തെ പരീക്ഷ എഴുതിയില്ല. വീടിന് പുറത്തിറങ്ങുന്നതോ വീട്ടിലേക്ക് ആരെങ്കിലും വരുന്നതോ അവൾക്ക് ഇഷ്ടമല്ലായിരുന്നു. ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അവൾ ബഹളം വയ്ക്കും. അങ്ങനെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുന്ന അവസ്ഥയിലാണ് ഞങ്ങൾ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിച്ചതും, നൊവേനയിൽ സംബന്ധിക്കാമെന്ന് നേർന്നതും. നൊവേനയിൽ സംബന്ധിക്കുവാൻ തീരുമാനിച്ച അന്ന് മുതൽ പ്രകടമായ പല മാറ്റങ്ങളും അവളിൽ വന്നു. എന്നാൽ പഠന കാര്യത്തിൽ മാത്രം യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ഞങ്ങൾ അവളുമായി വന്ന് നൊവേനയിൽ സംബന്ധിച്ചുകൊണ്ടിരുന്നു. പരീക്ഷാ ദിവസങ്ങളിൽ ഇവിടെ വന്ന് വി. കുർബ്ബാനയിൽ സംബന്ധിച്ചതിനുശേഷമായിരുന്നു പരീക്ഷയ്ക്ക് പോയിരുന്നത്. തോറ്റു പോകുമെന്നായിരുന്നു എല്ലാവരും വിചാരിച്ചത്. എന്നാൽ അത്ഭുതമെന്ന് പറയട്ടെ റിസൾട്ട് വന്നപ്പോൾ 74% മാർക്ക് ലഭിച്ചു. കൂടാതെ cut off മാർക്ക് 75% ആയിരുന്ന ഒരു കോളേജിൽ അഡ്‌മിഷനും ലഭിച്ചു. വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദിയർപ്പിച്ചുകൊണ്ട്
ഒരു വിശ്വാസി