അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.
42 വയസ്സുള്ള എന്റെ സഹോദരന് Left Kidney-യിൽ ഒരു abnormal growth ഉണ്ടെന്ന് കണ്ടെത്തി. അത് benign tumor ആണെങ്കിലും ഒന്നുകിൽ partial nephrectomy, അല്ലെങ്കിൽ embolization ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. ഇതറിഞ്ഞ സഹോദരൻ എന്നെ വിളിക്കുകയും ഒരുപാട് കരയുകയും ചെയ്തു. ധൈര്യമായി ഇരിക്കുവാനും, അന്തോണിസ് പുണ്യവാളനിൽ അഭയം പ്രാപിച്ചാൽ ഒരു സർജറിയുടെയും ആവശ്യം വേണ്ടിവരില്ലെന്നും ഞാൻ പറഞ്ഞു. സർജറി നടക്കാതിരിക്കണമെങ്കിൽ miracle സംഭവിക്കണമെന്ന് എന്റെ സഹോദരൻ പറഞ്ഞു. ഞങ്ങൾ, ആദ്യം കണ്ട ഡോക്ടറിനെ കൂടാതെ നാല് ഡോക്ടേഴ്സിനെ കൂടി കണ്ടു. എല്ലാവരും procedure അഥവാ സർജറി വേണ്ടിവരുമെന്ന് പറഞ്ഞു. ഞാൻ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുകയും, പൂമാല ചാർത്തുകയും ചെയ്തു. ജൂലായ് 6-ന് procedure-നായി theatre-ലേക്ക് മാറ്റി. അതിന് മുമ്പ് മയങ്ങാനുള്ള Morphin കൊടുക്കുകയും, എന്റെ സഹോദരൻ മയക്കത്തിലാവുകയും ചെയ്തു. അതിനുശേഷം ഡോക്ടർ വീണ്ടും Image നോക്കിയപ്പോൾ ഇടതുവശത്തെ കിഡ്‌നിയിൽ ഉണ്ടായിരുന്ന Growth, കിഡ്നിക്ക് ഒരു ദോഷവും ഇല്ലാത്ത സ്ഥലത്തേക്ക് നീങ്ങിയതായി കണ്ടു. അതുകൊണ്ട് സർജറി വേണ്ടായെന്ന് ഡോക്ടർ അറിയിച്ചു. അത്ഭുതമെന്ന് പറയാനല്ലാതെ മറ്റ് വാക്കുകൾ ഒന്നും ഇല്ല. അങ്ങനെ ഒന്നും ചെയ്യാതെ, ബോധം വീണപ്പോൾ, വീട്ടിലേക്ക് തിരികെ പോന്നു. ഒരു Miracle സംഭവിച്ചാൽ, ആ അനുഭവം, മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ, സാക്ഷ്യം എഴുതിയിടുമെന്ന് നേർന്നിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ഈ വലിയ അത്ഭുതം ഞാൻ എല്ലാവരുമായി പങ്കുവയ്ക്കുന്നു. അന്തോണിസ് പുണ്യവാളൻ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.
അശ്വതി
———————————————————————————————————————————————————————————————————
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി. ഈ കഴിഞ്ഞ ജൂൺ മാസം, എന്റെ ഓഫീസിൽ ഗവൺമെന്റ ഓഡിറ്റ് നടക്കുവാൻ പോകുന്ന സമയം. അത്യാവശ്യ കാര്യങ്ങൾ പോലും നടത്തുവാൻ ആവശ്യത്തിന് ജോലിക്കാരില്ലാതെ കഴിഞ്ഞ രണ്ട് വർഷത്തോളമായി മാനസികമായും, ശാരീരികമായും വല്ലാതെ തകർന്ന അവസ്ഥയിലായിരുന്നു, ഞങ്ങൾക്ക് ഈ ഓഡിറ്റിനെ അഭിമുഖീകരിക്കേണ്ടി വന്നത്. രാപകലില്ലാതെ നടത്തിയ അദ്ധ്വാനങ്ങൾക്കൊടുവിൽ ഞങ്ങളാൽ കഴിയും വിധം ഫയലുകളും, മറ്റ് രജിസ്റ്ററുകളുമെല്ലാം ഒരുക്കി വച്ചു.
ഓഡിറ്റിംഗ് മുന്നോട്ട് പോകുന്തോറും മുന്നിൽ വലിയ മതിൽപോലെ ഒരു പ്രതിസന്ധി. ഏറ്റവും പ്രധാനപ്പെട്ട രേഖകൾ അടങ്ങിയ രണ്ട് ഫയലുകൾ കാണാനില്ല. ആളുകൾ മാറി മാറി പരിശോധിച്ചിട്ടും ലഭിക്കാതെ വന്നപ്പോൾ ഒരുപാട് ആളുകളോട് പ്രാർത്ഥനാസഹായം തേടി ഞാൻ ഫോൺ ചെയ്തു. അവരെല്ലാവരും എന്നോട് പറഞ്ഞത് വി. അന്തോണിസിന്റെ മാധ്യസ്ഥം തേടൂ……..തീർച്ചയായും ഫയലുകൾ ലഭിക്കുമെന്നാണ്. രാത്രി പതിനൊന്ന് മണിവരെ ഓഫീസിലെ ഫയലുകൾ അരിച്ചുപെറുക്കി മനസ് മടുത്ത് നിരാശനായി ആ രാത്രി തന്നെ ഈ പള്ളി നടയിൽ എത്തി തിരികത്തിച്ച് നെഞ്ചുരുകി പ്രാർത്ഥിച്ചു, പുണ്യവാള ആ ഫയലുകൾ തിരികെ ലഭിക്കുവാൻ സഹായിക്കണമേ എന്ന്…………..
പിറ്റേ ദിവസം ഓഡിറ്റേഴ്സ് ആ ഫയൽ ചോദിക്കുമ്പോൾ എന്തു മറുപടി പറയും! ഭയപ്പെട്ട പോലെ രാവിലെ തന്നെ അവർ ആ ഫയൽ ആവശ്യപ്പെട്ടു. എന്റെ സഹപ്രവർത്തകനായ വ്യക്തിയോട് ഒരിടത്ത് കൂടെ നോക്കാൻ പറയാൻ എനിക്ക് തോന്നി. അദ്ദേഹം ആ അലമാര തുറന്ന് രണ്ട് മിനിട്ടിനുള്ളിൽ കാണാതായ ഫയലുകളിൽ ഒന്ന് ലഭിച്ചു. കാണാതായ രണ്ടാമത്തെ ഫയൽ മറ്റുരേഖകളുടെ സഹായത്തോടെ Objection ഇല്ലാതെ നോക്കി തീർത്തു. തുടർന്നുള്ള ദിവസങ്ങളിൽ പ്രശ്നങ്ങളുടെ വൻ തിരകൾ ആഞ്ഞടുത്തപ്പോഴൊക്കെ അങ്ങയുടെ മാദ്ധ്യസ്ഥം തീർത്ത സംരക്ഷണ കവചത്തിൽ ഞങ്ങൾ സംരക്ഷിക്കപ്പെട്ടു എന്നതാണ് സത്യം.
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വി. അന്തോണിസേ അങ്ങയുടെ മാധ്യസ്ഥതയാൽ ദൈവം കൃപ ചൊരിഞ്ഞതിനാൽ ഓഡിറ്റേഴ്സിൽ നിന്ന് ” ഈ ശോചനിയാവസ്ഥയിലും 90% ഭംഗിയായി ഓഡിറ്റിങ്ങ് നടത്തുവാൻ വേണ്ട കാര്യങ്ങൾ ഇവർ ഒരുക്കി” എന്ന comment കേൾക്കാൻ ഇടയായി. എല്ലാറ്റിനും അങ്ങയോട് ഞാനും, എന്റെ സഹപ്രവർത്തകരും കുടുംബവും ഒരായിരം നന്ദി പറയുന്നു.
———————————————————————————————————————————————————————————————————-
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ കലൂരിലെ വി. അന്തോണിസേ അങ്ങേയ്ക്ക് ഒരായിരം നന്ദി.
കഴിഞ്ഞ ജൂൺ മാസം 4-ന് രാത്രി, ഭക്ഷണം കഴിക്കുവാൻ വേണ്ടി ഇരിക്കുമ്പോൾ എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി. കുറച്ച് കഴിഞ്ഞപ്പോൾ,വല്ലാതെ വിയർക്കുകയും നെഞ്ചു വേദന അനുഭവപ്പെടുകയും ചെയ്തു. ഇത് കണ്ടപ്പോൾ തന്നെ, എന്റെ ഭർത്താവ്, എന്നെ ഒരു ഹോസ്പിറ്റലിൽ എത്തിച്ചു. അസഹ്യമായ നെഞ്ച് വേദനയോടെയായിരുന്നു അന്ന് ഞാൻ കലൂർ പള്ളിയുടെ മുന്നിലൂടെ ഹോസ്പിറ്റലിലേക്ക് പോയത്. ഞാൻ അന്തോണിസ് പുണ്യവാളന്റെ ഭക്തയാണ്. കഴിഞ്ഞ 40 വർഷമായി ഈ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുകയും തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി ഒത്തിരി അനുഗ്രഹങ്ങൾ ഞങ്ങളുടെ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. ECG -യിൽ പ്രശ്നം കണ്ട് ഡോക്ടർ ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞു. എന്റെ ഭർത്താവ്, ഡോക്ടറായ ഞങ്ങളുടെ മൂത്ത മകളെ വിളിച്ച് സംസാരിച്ചു. അവൾ ഉടനെ എന്റെ അടുക്കൽ വന്നു. എല്ലാവരും എനിക്കായി അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എന്നെ പലവിധ ടെസ്റ്റുകൾക്കും ഡോക്ടേഴ്സ് വിധേയയാക്കി. അവസാനം അവർ പറഞ്ഞു…First Heart Attack ആണെന്നും ഒരു വലിയ ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും. പക്ഷേ പിന്നീട് അത് താഴേക്ക് വന്ന് blood vessel-ൽ മാത്രമായി ചുരുങ്ങി. ഇപ്പോൾ നോക്കുമ്പോൾ അത് കാണുന്നുപോലുമില്ലെന്ന്. അതുകൊണ്ട് അഡ്മിറ്റ് ചെയ്യേണ്ട കാര്യമില്ലെന്നും നാളെ തന്നെ വീട്ടിൽ പോകാമെന്നും സാധാരണ ജോലിയിൽ ഏർപ്പെടാമെന്നും പറഞ്ഞു. പെട്ടെന്ന് ഉണ്ടായ ഈ അപകടത്തിൽ നിന്നും എന്നെ രക്ഷിച്ചത്, എന്റെ ഈശോയും അന്തോണിസ് പുണ്യവാളനും കൂടിയാണെന്ന്, ഞാനും എന്റെ കുടുംബവും പൂർണ്ണമായും വിശ്വസിക്കുന്നു. വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.