കൃതജ്ഞത – ജൂൺ 12, 2018

കൃതജ്ഞത	– ജൂൺ 12, 2018

കൃതജ്ഞത

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

ഞാനും എന്റെ കുടുംബവും കുറച്ചു വർഷങ്ങളായി ലണ്ടനിലാണ് താമസിക്കുന്നത്. രണ്ട് വർഷം മുമ്പ് ഞങ്ങൾക്ക് ഒരാൺ കുഞ്ഞ് പിറന്നു. അവന് ഒന്നര വയസ്സാകുന്നതുവരെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ അത് കഴിഞ്ഞപ്പോൾ ആ പ്രായത്തിനു വേണ്ട സംസാരവും കാര്യങ്ങൾ തിരിച്ചറിയുന്നതിനുള്ള ബുദ്ധിയും കുറവാണെന്ന് മനസ്സിലായി. ഞങ്ങൾ ഇവിടെയുള്ള Pediatrician-നെ കാണിച്ചു. രണ്ടര വയസ്സായാലേ എന്തെങ്കിലും പറയാൻ സാധിക്കൂ എന്ന് അവർ പറഞ്ഞു. കാര്യങ്ങൾ പിന്നെയും നീണ്ടു പോകുന്നതിനാൽ നാട്ടിൽ കാണിക്കുവാൻ തീരുമാനിച്ചു. നാട്ടിലും ഞങ്ങൾക്ക് വേണ്ട വിധത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ സാധിച്ചില്ല. വളരെ വിഷമത്തിലായ ഞങ്ങൾ കലൂർ പള്ളിയിൽ  വന്ന്,  അച്ചനെ കണ്ട് ഞങ്ങളുടെ സങ്കടങ്ങൾ പറഞ്ഞു. അച്ചൻ പറഞ്ഞതനുസരിച്ച്‌ ഞങ്ങൾ അവനെ, വിശുദ്ധന്റെ തിരുവസ്ത്രം ധരിപ്പിച്ച്‌ നൊവേനയ്ക്ക് കൊണ്ടു വന്നു.      അതിന്റെ ഫലമായി ഭർത്താവിന്റെ അച്ചൻ, ആരോ പറഞ്ഞതനുസരിച്ച്‌ വീടിന്റെ അടുത്ത് ഒരു ഹോസ്പിറ്റൽ ഉണ്ടെന്ന് പറഞ്ഞു. ലീവ് കഴിഞ്ഞതിനാൽ ഞങ്ങൾ ലണ്ടനിലേക്ക് മടങ്ങിയിരുന്നു. മോനെയും കൊണ്ട് ഭർത്താവിന്റെ അച്ഛനും, അമ്മയും ആ ഹോസ്പിറ്റലിലേക്ക് പോയി. അവന് childhood Autism ആണെന്ന് ഡോക്ടർ പറഞ്ഞു. വിവാഹം ശേഷം അഞ്ച് വർഷം കാത്തിരുന്നതിനുശേഷം ലഭിച്ച കുട്ടിയാണ് അവൻ. വളരെ വിഷമത്തോടെയാണ് ഞങ്ങൾ അത് ഉൾക്കൊണ്ടത്. എന്നിരുന്നാലും പ്രതീക്ഷ കൈവിടാതെ ഞങ്ങൾ അന്തോണിസ് പുണ്യവാളനോട്   പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവനെ കാണാതെ ഞങ്ങൾക്ക് ജീവിക്കുവാൻ സാധ്യമല്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾ ഓഫീസിൽ ഈ വിവരം അറിയിച്ചു.  മാസത്തിൽ, രണ്ടാഴ്ച നാട്ടിലും രണ്ടാഴ്ച ലണ്ടനിലുമായി ജോലി ചെയ്യാനുള്ള permission അവർ നൽകി. ഇതിനിടയിൽ മകന്റെ ടെസ്റ്റുകളും, treatment ഉം ആരംഭിച്ചിരുന്നു. രണ്ട് മാസത്തിനു ശേഷമുള്ള Consulting -ൽ ഡോക്ടർ പറഞ്ഞത് അവിശ്വസനീയമായ കാര്യമാണ്. മോന് വളരെയധികം മാറ്റമുണ്ടെന്നും, ഇത്രയും പെട്ടെന്ന് ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ അറിയിച്ചു. ഈ വലിയ അനുഗ്രഹം അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ മാത്രം ലഭിച്ചതാണെന്ന് ഞങ്ങൾ ഉറച്ച്‌ വിശ്വസിക്കുന്നു. വിശുദ്ധന് ഒരായിരം നന്ദി.

ഒരു വിശ്വാസി

 

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഒരുപാട് അനുഗ്രഹങ്ങൾ കൈവരിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. കഴിഞ്ഞ 12 വർഷമായി നൊവേനയിൽ സംബന്ധിക്കുന്നു. അന്ന്, ഏവിയേഷൻ കോഴ്സിന് പഠിക്കുന്ന സമയത്താണ് ഞാൻ ആദ്യമായി ഇവിടെ വന്നത്. ആ കോഴ്സിനു ശേഷം എന്റെ കൂടെ പഠിച്ചവർക്കെല്ലാം ഉടനെ ജോലി ലഭിച്ചു. 95 ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്തിട്ടും എനിക്ക് മാത്രം ജോലി ലഭിച്ചില്ല.           അതുകൊണ്ട് ഒത്തിരി വിഷമത്തോടെ ഞാൻ ഇവിടെ വന്ന് മനംനൊന്ത് പ്രാർത്ഥിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ Friend-ന്റെ ഇന്റർവ്യൂവിനു വേണ്ടി Airport-ൽ പോകുകയും അവിടെ വച്ച് ഒരു international Airlines-ൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അവസരം ലഭിക്കുകയും ചെയ്തു.  ആ ഇന്റർവ്യൂവിൽ ഞാൻ വിജയിച്ചു. ജോലിയും ലഭിച്ചു. എന്നാൽ എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ആ ജോലി   ഉപേക്ഷിക്കേണ്ടി വന്നു.  പിന്നീട് ആ പ്രശ്നങ്ങളൊക്കെ അതിജീവിക്കുകയും എന്നെയും എന്റെ കുടുംബത്തെയും മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയെ ലഭിക്കുകയും ചെയ്തു.  അതിനുശേഷം  ഒരു Education സ്ഥാപനം നടത്തുവാനുള്ള അവസരം എനിക്ക് ലഭിച്ചു. പിന്നീട് ആ സ്ഥാപനം ഉയർന്നു വന്നപ്പോൾ എന്റെ Husband അദ്ദേഹത്തിന്റെ ജോലി ഉപേക്ഷിക്കുകയും ഒരു ഏവിയേഷൻ അക്കാദമി തുടങ്ങുകയും ചെയ്തു. അവിടെ എന്റെ ഇന്റർവ്യൂ experience എന്റെ students പറഞ്ഞു കൊടുക്കുവാൻ സാധിക്കുകയും അവർക്ക് പെട്ടെന്ന് തന്നെ Airlines job-ൽ എത്തിപ്പെടാൻ സാധിക്കുകയും ചെയ്യുന്നു. അതോടൊപ്പം ദൈവം ഞങ്ങൾക്ക് ഒരു പെൺ കുഞ്ഞിനെ തന്ന് അനുഗ്രഹിച്ചു.        പിന്നീട് ഒരു വീടിനുവേണ്ടി ഞങ്ങൾ ആഗ്രഹിച്ചപ്പോൾ ഏറ്റവും പെട്ടെന്ന് ദൈവം അതിനുള്ള വഴിയിലേക്ക് നയിച്ചു. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ ദൈവം നിരവധി അനുഗ്രഹങ്ങൾ നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ചു. വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അന്തോണിസ് പുണ്യവാളൻ ഉപേക്ഷിക്കില്ലെന്നും പ്രതിസന്ധികളെല്ലാം നേട്ടങ്ങളിലേക്കുള്ള ചവിട്ടു പാടികളാണെന്നും എന്റെ ജീവിതം എന്നെ പഠിപ്പിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

Remya Tinu

 

കൃതജ്ഞത

 

പാദുവായിലെ വി. അന്തോണിസിന് നന്ദി.

ഞാനൊരു ഹിന്ദു യുവതിയാണ്. സാധിക്കുമ്പോഴെല്ലാം അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കാറുണ്ട്. ഒരുപാട് അനുഗ്രഹങ്ങൾ എനിക്ക് വിശുദ്ധനിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഒരു ഗവർൺമെന്റ് ജോലി എന്നത് ആദ്യമൊന്നും എന്റെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല. ഇത്തിരി വൈകിയെങ്കിലും അങ്ങനെയൊരു ആഗ്രഹം എന്റെ മനസ്സിൽ തോന്നിയത് മുതൽ അതിനായി ശ്രമിക്കുകയും അങ്ങയോട് അപേക്ഷിക്കുകയും ചെയ്തു. മുടങ്ങാതെ എല്ലാ ചൊവ്വാഴ്ചയും ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കുന്നു. ഒൻപത് ചൊവ്വാഴ്ച കഴിഞ്ഞ് ഞാനെഴുതിയ ആദ്യത്തെ പരീക്ഷയിൽ തന്നെ ഞാൻ വിജയിച്ചു.  ഇന്റർവ്യൂ കഴിഞ്ഞ്  അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ  10-ന് താഴെ റാങ്ക് ലഭിച്ചത് ഒരു ബാങ്കിൽ മാത്രമായിരുന്നു.     ബാക്കിയെല്ലായിടത്തും ഒരുപാട് റാങ്കിന് ഞാൻ പിറകിലോട്ട്  പോയി. പ്രതീക്ഷ മുഴുവൻ ആദ്യ 10-നുള്ളിൽ റാങ്ക് ലഭിച്ച  ആ ബാങ്കിൽ ആയിരുന്നു. എന്നാൽ അവർ എന്നോട് പണം ആവശ്യപ്പെട്ടു. അതോടെ എന്റെ പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടു. എല്ലാ വഴിയും അടഞ്ഞപ്പോൾ ഞാൻ അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് കണ്ണീരോടെ പ്രാർത്ഥിച്ചു. പക്ഷേ എനിക്ക് അവിടെ നിയമനം ലഭിച്ചില്ല. ഞാൻ ഒത്തിരി വിഷമിച്ചെങ്കിലും വിശുദ്ധനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി അവസാന റാങ്ക് ലിസ്റ്റിൽ, ഞാൻ  ഒരുപാട് റാങ്കിന്  പുറകിലായ ഒരു ബാങ്കിൽ നിന്നും എനിക്ക് Appointment order ലഭിച്ചു. അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഈ ജോലി ലഭിച്ചതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. വിശുദ്ധന് ഒരായിരം നന്ദി.

അനിത                                 

Leave a Reply

Your email address will not be published.