കൃതജ്ഞത – മെയ് 1, 2018

കൃതജ്ഞത	– മെയ് 1, 2018

കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാനിവിടെ വന്നു പ്രാർത്ഥിക്കാറുള്ള ഒരു വിശ്വാസിയാണ്. എന്റെ ചാച്ചൻ ഒരു നെൽകർഷകനാണ്. ചാച്ചനും മറ്റു കൃഷിക്കാരും കൃഷിക്കായി ഒരു ഗവണ്മെന്റ് ഏജൻസിയിൽ നിന്നും വാങ്ങിയ വിത്തുകൾ ഗുണമേന്മയില്ലാത്തവ ആയിരുന്നതിനാൽ അവ സമയത്തു മുളച്ചില്ല. പല സമയത്തായി മുളച്ച വിത്തുകൾ കർഷകർക്ക് ഉപയോഗിക്കുവാൻ സാധിക്കാത്തതുകൊണ്ട് കൃഷിയിറക്കുവാൻ കഴിഞ്ഞില്ല. പരാതിപ്പെട്ടെങ്കിലും പുതിയ വിത്തുകൾ നല്കുവാനോ പണം തിരികെ നല്കുവാനോ ഏജൻസി തയ്യാറായതുമില്ല.

വർഷത്തിൽ ഏഴ് മാസം നീളുന്ന ഒരൊറ്റ കൃഷിയേ, നടത്തുവാൻ കഴിയുമായിരുന്നുള്ളൂ. കൃഷിക്കായി നിലം ഒരുക്കാൻ മാസങ്ങൾ നീണ്ട അദ്ധ്വാനവും പണവും വരുമാനവും എല്ലാം നഷ്ടപ്പെട്ട കർഷകർ കോടതിയിൽ കേസ് file ചെയ്തു. കേസ് നീണ്ടുപോയി. കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ  കൂടെയുള്ള പലരും അവിടം ഉപേക്ഷിച്ചുപോയി. അതിജീവനത്തിനായി എല്ലാം നിസ്സാര വിലയ്ക്ക് കൊടുക്കേണ്ടി വന്നു. ചിലർ നിരാശയോടെ കേസിൽ നിന്ന്  പിൻവാങ്ങി.

എന്റെ ചാച്ചൻ തനിച്ചായതോടെ പലരീതിയിലും അവർ ബുദ്ധിമുട്ടിക്കുവാൻ തുടങ്ങി. പ്രായമുള്ള ആളായതിനാൽ മടുത്തു പിന്മാറുവാനുള്ള എല്ലാവഴികളും അവർ ചെയ്തുകൊണ്ടിരുന്നു. ചാച്ചന്റെ മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകൾ കാണുമ്പോൾ, നഷ്ടപ്പെട്ടതൊക്കെ വിട്ടുകളയുവാൻ    ഞങ്ങളും പറഞ്ഞുകൊണ്ടിരുന്നു. “ഇതെന്റെ മാത്രം കാര്യമായിരുന്നെങ്കിൽ ഞാൻ വിട്ടുകളഞ്ഞാനെ…..ഇത് ഒരുപാട് പേരുടെ കണ്ണീരാണ്…..ദൈവം നീതി നടത്തിത്തരുമെന്ന്” പറഞ്ഞ് ചാച്ചൻ ഒറ്റയ്ക്ക് മുന്നോട്ട് പോയി.       ചാച്ചൻ, കേസിൽ വിജയിക്കുന്നതിനായി ഞാൻ എന്നും പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. 82 വയസ്സുള്ള ചാച്ചൻ നീതിക്കായി അലയുന്നതിനെക്കുറിച്ച്‌ ഓർക്കുമ്പോൾ എനിക്ക് ഒരു സമാധാനവും കിട്ടിയിരുന്നില്ല. 18 വർഷത്തെ കേസിനു ശേഷം കഴിഞ്ഞ ആഴ്ച കേസിന്റെ വിധി വന്നു. 18 വർഷത്തെ നഷ്ടപരിഹാരം 12% പലിശയോടെ നൽകാൻ കോടതി വിധിച്ചു.

തമ്പുരാന്റെ മുൻപിൽ ഞങ്ങൾക്ക് നീതി ലഭിക്കുവാൻ മാധ്യസ്ഥം നിന്ന  അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി.

 

   കൃതജ്ഞ

പാദുവായിലെ വി. അന്തോണിസിന് നന്ദി.

എന്റെ പേര് അനില തോമസ്. ഇടുക്കി ജില്ലയിലെ പന്നിയാർകുട്ടിയിലാണ് എന്റെ വീട്. 2012-ൽ B. Tech പാസ്സായ ഞാൻ, ഒരു ജോലിക്കായി ഒത്തിരി ശ്രമിച്ചിരുന്നു. നിരവധി ടെസ്റ്റുകൾ  എഴുതിയെങ്കിലും അതിലൊന്നു പോലും വിജയിക്കുവാൻ സാധിക്കാത്തതുകൊണ്ട് ഞാൻ കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നു. എങ്കിലും ഞാൻ വീട്ടിലിരുന്ന് പഠിക്കുവാൻ തുടങ്ങി.  എറണാകുളത്തെ ബന്ധുവീട്ടിൽവന്നപ്പോഴാണ്  എനിക്ക്  കലൂർ പള്ളിയിൽ വന്ന് നൊവേനയിൽ സംബന്ധിക്കുവാൻ അവസരം ലഭിച്ചത്. . തുടർന്ന്  ബാങ്ക് ടെസ്റ്റ് coaching-നായി എറണാകുളത്ത് താമസിക്കുവാൻ തുടങ്ങിയപ്പോൾ മുതൽ,  ഞാൻ  ഇവിടെ വന്ന് പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. ഇവിടെ, നൊവേന മധ്യേ വായിക്കുന്ന സാക്ഷ്യങ്ങൾ എന്റെ വിശ്വാസത്തെ വർദ്ധിപ്പിച്ചു.  അതെനിക്ക് കൂടുതൽ പ്രതീക്ഷകൾ നൽകി. പക്ഷേ തുടർന്ന് വന്ന ബാങ്ക് പരീക്ഷകളിൽ എനിക്ക് വിജയിക്കുവാൻ സാധിച്ചില്ല. എന്നാൽ PSC പരീക്ഷകൾ എഴുതിയിരുന്ന ഞാൻ, പ്രതീക്ഷ കൈവിടാതെ പഠനം തുടർന്നു. പിന്നീട് വന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും നിശ്ചിത മാർക്കിൽ കൂടുതൽ നേടുകയും ചെയ്തു. ഒട്ടേറെ പരീക്ഷണങ്ങൾ നേരിട്ടുവെങ്കിലും ഇതിന് ആവശ്യമായ എൻഡ്യൂറൻസ് ടെസ്റ്റിലും Physical ടെസ്റ്റിലും ഞാൻ വിജയിച്ചു. 2017 ഏപ്രിൽ 28-ന് ജോലി ലഭിക്കുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ      2017 മെയ് 1-ന് എന്റെ വിവാഹവും കഴിഞ്ഞു. വനം വകുപ്പിൽ ജോലി ചെയ്തു വരികെ, ഒരു വർഷം തികയുന്നതിനു മുമ്പ് Revenue Department-ൽ L.D ക്ലർക്കായും എനിക്ക് നിയമനം ലഭിച്ചു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥ സഹായശക്തി ഒന്നുകൊണ്ടു മാത്രമാണ് എനിക്കിതെല്ലാം ലഭിച്ചതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. വിശുദ്ധനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

കൃതജ്ഞത എഴുതിയിടാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു

അനില തോമസ്                                                   

പന്നിയാർകുട്ടി                                                                                                               

ഇടുക്കി

 

   കൃതജ്ഞത

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ യാക്കോബായ വിശ്വാസിയാണ്. 1980 മുതൽ ഞാൻ കലൂർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കുന്നു.  അന്തോണിസ് പുണ്യവാളനിലൂടെ എനിക്കും  എന്റെ കുടുംബത്തിനും  നിരവധി അനുഗ്രഹങ്ങൾ അതിൽ മൂന്നെണ്ണം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു.

എന്റെ ഭർത്താവിന്റെ മരണശേഷം അദ്ദേഹം ബാങ്കിലിട്ടിരുന്ന തുകകൊണ്ട് ഞാനും എന്റെ സഹോദരങ്ങളും 45 സെന്റ്‌ സ്ഥലം വാങ്ങി. ഒരു മാസത്തിനുശേഷം വക്കീൽ നോട്ടീസ് വന്നപ്പോൾ ഞാൻ ഞെട്ടി. വർഷങ്ങളായി കേസിൽ കിടന്നിരുന്ന സ്ഥലമായിരുന്നു അത്. പിന്നീട് കണ്ണീരിന്റെ, പ്രാർത്ഥനകളുടെ ദിനങ്ങളായിരുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ആ കേസ് ഒത്തു തീർപ്പിലാകുകയും വലിയ പരിക്കു കൂടാതെ ഞാൻ രക്ഷപ്പെടുകയും ചെയ്തു.   രണ്ടാമതായി എന്റെ മകന്റെ കാര്യമാണ്. അവൻ വിദേശത്ത് പോയി M.S ചെയ്യാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. പക്ഷേ സാമ്പത്തിക പ്രശ്നങ്ങൾകൊണ്ട് ആ ആഗ്രഹം അവൻ മാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞവർഷം അവൻ അതിനായി അപേക്ഷിക്കുകയും U.S-ൽ selection കിട്ടുകയും ബാങ്ക് ലോൺ എടുത്ത് അവിടെയ്ക്ക് പോവുകയും ചെയ്തു. ലോൺ കൂടി കൂടി വന്നപ്പോൾ ഒരു internship കിട്ടുവാൻ ഞങ്ങൾ ഒത്തിരി ശ്രമിച്ചു. നാല്പതോളം അപേക്ഷകൾ അയച്ചുവെങ്കിലും ഒന്നും ശരിയായില്ല. അവൻ നിരാശനായി.   എങ്കിലും പ്രതീക്ഷ കൈവിടാതെ  ഒൻപത് നൊവേനയിൽ മുടങ്ങാതെ സംബന്ധിക്കുവാൻ ഞാൻ തീരുമാനിച്ചു. അഞ്ചാമത്തെ ചൊവ്വാഴ്ച, അവന്  ഒരു electric കമ്പനിയിൽ selection കിട്ടിയെന്ന സന്തോഷ വാർത്ത അറിയുവാൻ സാധിച്ചു.           മൂന്നാമതായി എന്റെ മകളുടെ കാര്യമാണ്. അവൾക്ക് 28 വയസ്സായിട്ടും ഒരു വിവാഹാലോചന പോലും വന്നിട്ടില്ലായിരുന്നു. സ്വർണ്ണം ഉണ്ടെങ്കിലും കാര്യങ്ങൾ നടത്തുവാനാവശ്യമായ  പണം ഞങ്ങളുടെ കൈവശം ഇല്ലായിരുന്നു. ആളുകളുടെ ചോദ്യങ്ങൾ മറുഭാഗത്ത്. ഞാൻ വല്ലാതെ വിഷമിച്ചു. കഴിഞ്ഞ ജനുവരിയിൽ മകൾക്ക് ഒരു വിവാഹാലോചന വന്നു. യോഗ്യനായ ഒരു പയ്യൻ. Demand ഒന്നും ഇല്ല. പക്ഷേ ചെലവുകൾക്കായുള്ള പണത്തിനായി ഞാൻ വിഷമിച്ചു. എന്റെ അവസ്ഥയറിഞ്ഞ് സഹോദരിയും ഭർത്താവും സഹായിച്ചു. ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം ഭംഗിയായി നടന്നു. എന്റെ ചെറിയ പ്രാർത്ഥനയ്ക്കു പോലും ദൈവം ഉത്തരമരുളുന്നു. ഞങ്ങളുടെ ഓരോരുത്തരുടെയും വിഷമങ്ങൾക്ക് മാധ്യസ്ഥം വഹിച്ച്‌ ദൈവത്തിന്റെ കരങ്ങളിൽ നിന്നും അനുഗ്രഹങ്ങൾ നേടിത്തരുന്ന അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി.

മേരി ജേക്കബ്                

Leave a Reply

Your email address will not be published.