കൃതജ്ഞത- ഒക്ടോബർ 10, 2017

കൃതജ്ഞത- ഒക്ടോബർ 10, 2017
കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണീസ് പുണ്യവാളന് നന്ദി.

കഴിഞ്ഞ മൂന്ന്‍  വർഷമായി എല്ലാ ചൊവ്വാഴ്ചയും,  ദിവ്യബലിയിലും, നൊവേനയിലും, ആരാധനയിലും മുടങ്ങാതെ സംബന്ധിക്കുന്ന വ്യക്തിയാണ് ഞാൻ. വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴിയായി നിരവധി അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ദൈവാനുഗ്രഹത്താൽ രണ്ട് എഞ്ചിനീയറിംഗ് കോളജുകളിൽ ജോലി ചെയ്യാൻ സാധിച്ചു. ഒരു ഗവർൺമെന്റ് ജോലി ലഭിക്കുന്നതിനായി അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വരുകയും കഴിഞ്ഞ 100 ചൊവ്വാഴ്ച്ചകളായി ഈ ആവശ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ 100 ചൊവ്വാഴ്ചകൾ പൂർത്തിയാക്കുന്നതിന് തൊട്ട് മുമ്പ് 2016 ഓഗസ്റ്റ് 25-ന്  G.C.D.A -യിൽ draftsman/  overseer തസ്തികയിൽ PSC വഴി ഞാൻ സർവീസിൽ പ്രവേശിച്ചു. സാധാരണ ഗതിയിൽ PSC പരീക്ഷ എഴുതി 3 വർഷം വരെയെങ്കിലും കാത്തിരുന്നാണ് പലരും ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ പരീക്ഷ എഴുതി 1 വർഷത്തിനുള്ളിൽ തന്നെ എനിക്ക് ജോലിയിൽ പ്രവേശിക്കുവാൻ സാധിച്ചു. വിശുദ്ധന്റെ മാധ്യസ്ഥം ഒന്നുകൊണ്ട് മാത്രമാണ് ഈ വലിയ അനുഗ്രഹം ലഭിച്ചതെന്ന് ഞാനും എന്റെ കുടുംബവും ഉറച്ച് വിശ്വസിക്കുന്നു കൂടാതെ ഇവിടെ വരുന്ന വിശ്വാസികൾക്കുവേണ്ടി പ്രത്യേകിച്ച് ജോലി ഇല്ലാതെ വിഷമിക്കുന്നവർക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

അന്തോണിസ് പുണ്യവാളന് ഒരായിരം നന്ദി

ജിസ് മോൻ 

കല്ലറക്കൽ, മാനാഞ്ചേരിക്കുന്ന് 

കൃതജ്ഞത

 

പാദുവായിലെ വി. അന്തോണിസിന് നന്ദി.

ഞാൻ വർഷങ്ങളായി കലൂർ പള്ളിയിൽ വരുകയും നൊവേനയിൽ  സംബന്ധിക്കുകയും ചെയ്യുന്നു.   ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. ഒരു സ്ഥിര വരുമാനമില്ലാത്തത് എന്റെ കുടുംബത്തെ അലട്ടിയിരുന്നു. എങ്കിലും വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ട് പോയിരുന്നു.

ഡിഗ്രി കഴിഞ്ഞ് എന്റെ മകൻ ലണ്ടനിൽ ഒരു കോഴ്സ് ചെയ്യുവാനായി തീരുമാനിച്ചിരുന്നു. ഇതിനായി വീടിന്റെ ആധാരം പണയപ്പെടുത്തി ബാങ്കിൽ നിന്നും ലോൺ എടുക്കുവാൻ തീരുമാനിച്ചു. എന്നാൽ അത്രയും വലിയ തുകയ്ക്ക് ലോൺ ശരിയായില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതും ലോൺ ലഭിക്കാതിരിക്കാൻ കാരണമായി. പലതവണ ബാങ്കുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മറ്റൊരു വിധത്തിലും ആ തുക സംഘടിപ്പിക്കുവാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല. അവസാനം നാട്ടിൽ തന്നെ ഒരു കോഴ്സിന് എന്റെ മകൻ ചേർന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ, മുൻപ് കോളജിൽ പഠിക്കുമ്പോൾ എഴുതിയിരുന്ന ഒരു ബാങ്ക് ടെസ്റ്റിന്റെ റിസൾട്ട് വന്നു. അതിൽ അവൻ പാസ്സായി. ക്യാമ്പസിൽ നിന്നു തന്നെ മൂന്ന് ഘട്ടങ്ങളായുള്ള പരീക്ഷയിലും  Group discussion-നിലും  വിജയിച്ചു. ഈ ജോലി ലഭിക്കുന്നതിനായി ഞങ്ങൾ അന്തോണിസ് പുണ്യവാളനോട് മനമുരുകി പ്രാർത്ഥിക്കുകയും അടിമ സമർപ്പണം നടത്താമെന്നും കൃതജ്ഞത എഴുതിയിടാമെന്നും നേരുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹത്താൽ ഇന്റർവ്യൂവിൽ വിജയിച്ചു. അതിനുശേഷം ഒരു ചൊവ്വാഴ്ച clerk-ആയി ജോലിയിൽ പ്രവേശിച്ചു. പിന്നീട്  വീണ്ടും ടെസ്റ്റ് എഴുതി പാസ്സയി.  Assistant manager – സ്ഥാനത്തേക്കുള്ള   ഇന്റർവ്യൂ നടന്നതും, select ചെയ്തു എന്ന അറിയിപ്പ്   ലഭിച്ചതും ചൊവ്വാഴ്ചകളിലായിരുന്നു. ഒടുവിൽ Assistant Manager -ആയി ജോലിയിൽ പ്രവേശിക്കുന്ന ഇന്ന് (03.10.2017) -ഒരു ചൊവ്വാഴ്ച ആണെന്നതും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. അന്തോണിസ് പുണ്യവാളൻ നൽകിയ ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

രമ, എരൂർ   

 

കൃതജ്ഞത

അത്ഭുതപ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ Husband-ന് Brain Tumor ആയി ഒരു ഹോസ്പിറ്റലിൽ treatment-ൽ ആയിരുന്നു. Husband അന്യമത വിശ്വാസിയാണ്. Treatment-ന്റെ ഭാഗമായി 24 കീമോ ഡോക്ടർ പറഞ്ഞിരുന്നു. എന്റെ സഹോദരിയും അമ്മയും രണ്ട് വർഷമായി എല്ലാ ചൊവ്വാഴ്ചയും നൊവേനയിൽ സംബന്ധിക്കാറുണ്ട്. ഒരു ദിവസം അമ്മ എന്നോട്, നീ കലൂർ  പള്ളിയിൽ പോയി  നൊവേനയിൽ പങ്കെടുക്കാൻ പറഞ്ഞു. M. G റോഡിലാണ് താമസിക്കുന്നതെങ്കിലും ഇവിടെ വന്ന് പ്രാർത്ഥിക്കുവാൻ എനിക്ക് മടിയായിരുന്നു. അത്ര താത്പര്യം ഇല്ലെങ്കിലും അമ്മ പറഞ്ഞതല്ലേ എന്നു വിചാരിച്ചു ഞാൻ വന്നു. നൊവേനയിൽ സംബന്ധിച്ചു. അന്ന് മനസ്സിൽ നല്ല സന്തോഷമായിരുന്നു. പിന്നീട് എല്ലാ ചൊവ്വാഴ്ചയും ഞാൻ വരുകയും  പൂമാല ചാർത്തുകയും ചെയ്തു തുടങ്ങി. അസുഖം മാറിയാൽ കൃതജ്ഞത എഴുതിയിടാമെന്നും നേർന്നു.  അങ്ങനെ അഞ്ചാമത്തെ ചൊവ്വാഴ്ച നൊവേന കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയപ്പോൾ Husband-നോട് കലൂർ പള്ളിയെക്കുറിച്ച് വാതോരാതെ സംസാരിച്ചു. Husband-ന് അത്ര വിശ്വാസമില്ലെങ്കിലും അന്ന് കിടക്കുന്നതിന് മുമ്പ് ആദ്യമായി വിശുദ്ധനോട് പ്രാർത്ഥിച്ചു ‘അന്തോണിസ് പുണ്യവാള എന്റെ അസുഖം മാറ്റണമേ’ എന്ന്.   പിറ്റേദിവസം Treatment-നായി പോകേണ്ട ദിവസമായിരുന്നു. പന്ത്രണ്ടാമത്തെ കീമോയായിരുന്നു ആ ദിവസം ചെയ്യേണ്ടത്. അന്ന് കീമോ ചെയ്യുന്നതിന് മുമ്പായി  ടെസ്റ്റുകൾ നടത്തി. അത്ഭുതമെന്ന് പറയട്ടെ റിസൾട്ട് വന്നപ്പോൾ അസുഖം 80% കുറഞ്ഞതായി ഡോക്ടർ പറഞ്ഞു. ഇനി കീമോ അവസാനിപ്പിക്കാമെന്നും Treatment  വേണ്ടായെന്നും  ഇടയ്ക്ക്   ടെസ്റ്റുകൾ മാത്രം നടത്തിയാൽ മതിയെന്നും അറിയിച്ചു. അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹത്താലാണ് ഈ അത്ഭുതം സംഭവിച്ചതെന്ന് ഞാനും കുടുംബവും ഉറച്ച് വിശ്വസിക്കുന്നു. വിശുദ്ധന് ഒരായിരം നന്ദി.

ബിന്ദു ജേക്കബ്