കൃതജ്ഞത- സെപ്റ്റംബര്‍ 19, 2017

കൃതജ്ഞത- സെപ്റ്റംബര്‍ 19, 2017
കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദി.

എന്റെ പപ്പയ്ക്ക്  ലഭിച്ച അനുഗ്രഹത്തിന് നന്ദിസൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. ഞാൻ എറണാകുളത്താണ് ജോലി ചെയ്യുന്നത്. എപ്പോഴും കലൂർ പള്ളിയുടെ മുമ്പിൽക്കൂടി പോകാറുണ്ടെങ്കിലും പള്ളിയിൽ കയറുകയോ പ്രാർത്ഥിക്കുകയോ ചെയ്യാറില്ല. അങ്ങനെയിരിക്കെ ഒരു ദിവസം പുണ്യവാളന്റെ നൊവേനയിൽ സംബന്ധിക്കുവാൻ തീരുമാനിച്ചു. രണ്ടാമത്തെ    നൊവേനയിൽ  പങ്കെടുത്തു കഴിഞ്ഞപ്പോൾ വീട്ടിൽ എന്തോ അപകടം വരുന്നതായിട്ട് തോന്നി. ഉടനെ തന്നെ ഞാൻ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയപ്പോൾ ആ തോന്നൽ ശരിയാണെന്ന് തോന്നുംവിധം എന്റെ പപ്പയ്ക്ക് ശരീരമാകെ വിറയൽ അനുഭവപ്പെടുകയും ഭക്ഷണം കഴിക്കുവാൻ സാധിക്കാതാവുകയും ചെയ്തു. പെട്ടെന്ന് തന്നെ ഒരു ഹോസ്പിറ്റലേക്ക് മാറ്റുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്തു. അതിൽ നിന്ന് വൃക്കയുടെ പ്രവർത്തനം കുറവാണെന്നും creatinine level 14 ആണെന്നും മനസ്സിലായി.   ആരോഗ്യനില മോശമായതിനാൽ എറണാകുളത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും ആരോഗ്യനിലയിൽ മാറ്റം ഉണ്ടാകാത്തതുകൊണ്ട് ഡയാലിസിസ് ആരംഭിച്ചു. അതോടെ ഞാൻ വളരെ വിഷമത്തിലായി. ഞങ്ങളുടെ കുടുംബത്തിന് ആകെയുള്ള വരുമാനം എന്റെ ശമ്പളം മാത്രമായിരുന്നു. പപ്പയുടെ രോഗം അറിഞ്ഞതുകൊണ്ട് ബന്ധുക്കൾ ആരും വിളിക്കുകയോ ഒരു ദിവസം പോലും സഹായിക്കുവാൻ വരുകയോ ചെയ്തില്ല. എന്ത് വന്നാലും നൊവേനയിൽ സംബന്ധിക്കുന്നത് മുടക്കുകയില്ലെന്ന് തന്നെ തീരുമാനിച്ചു. പപ്പയെ നോക്കുവാൻ ഒരു സെക്യൂരിറ്റി ജീവനക്കാരനെ ഏർപ്പാട് ചെയ്തതിനുശേഷം ഞാൻ ഇവിടെ വന്ന് നൊവേനയിൽ സംബന്ധിച്ചു.       അത് കഴിഞ്ഞ് രണ്ട് ഡയാലിസിസ് ചെയ്തു വീട്ടിലേക്ക് മടങ്ങി. തുടർ ചികിത്സയ്ക്കായി എന്റെ കൈയ്യിൽ പണം ഇല്ലെന്ന് മനസ്സിലാക്കിയ പപ്പ,  ഡയാലിസിസ് ചെയ്യാൻ വിസമ്മതിച്ചു. അത് എന്നെ വളരെ വേദനിപ്പിച്ചു. അങ്ങനെ പ്രയാസങ്ങളുടെ ഇടയിലും അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ച്, ഒൻപത് നൊവേനയിൽ മുടങ്ങാതെ പങ്കെടുത്ത് പപ്പയെ വീണ്ടും ചികിത്സയ്ക്കായി കൊണ്ടുവരുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ creatinine level 3 ആയി മാറിയിരുന്നു. ഇതുകണ്ട ഡോക്ടർ   ഡയാലിസിസ് ആവശ്യമില്ലെന്നും മരുന്ന് കഴിച്ചാൽ മതിയെന്നും പറഞ്ഞു. വി. അന്തോണിസിന്റെ മാദ്ധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

ലിജോ ചാക്കോച്ചൻ                                                                                                   മാങ്കുളം, ഇടുക്കി               

കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാനും എന്റെ കുടുംബവും സ്ഥിരമായി കലൂർ പള്ളിയിൽ വരുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യുന്നവരാണ്. ഞങ്ങളുടെ മകൾ +2 പഠനത്തോടൊപ്പം Medical Entrance coaching-നും പോയിരുന്നു. M.B.B.S-ന് നല്ലൊരു കോളേജിൽ അഡ്മിഷൻ ലഭിക്കുന്നതിനുവേണ്ടി കഴിഞ്ഞ രണ്ട് വർഷമായി അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. മകൾ ഒരു വിധം നല്ല മാർക്കിൽ എൻട്രൻസ് പാസ്സായെങ്കിലും പോണ്ടിച്ചേരി സെന്ററിൽ ഭീമമായ തുക ഫീസിനത്തിൽ വരുന്നതിനാൽ ചേരാൻ കഴിഞ്ഞില്ല. കർണ്ണാടകയിൽ BDS-ന് അഡ്‌മിഷൻ കിട്ടിയെങ്കിലും അന്ന് ഫീസ് അടയ്ക്കാൻ സാധിക്കാത്തതിനാൽ അവിടെയും ചേരാൻ സാധിച്ചില്ല. അങ്ങനെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരിക്കുമ്പോഴാണ് കേരള സർക്കാരിന്റെ Spot അഡ്മിഷന് പോകുവാൻ അവസരം ലഭിച്ചത്. അന്നേ ദിനം ഭർത്താവ് ഇവിടെ വന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഞാനും മകളും   Spot അഡ്മിഷനായി പോയി. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ ഒരു കോളേജിൽ Govt. merit quota -യിൽ തന്നെ അഡ്മിഷൻ ലഭിച്ചു. സെപ്റ്റംബർ 8-ന്, മകൾ അവിടെ M.B.B.S നായി ചേർന്നു. സെപ്റ്റംബർ 14-ന് ക്ലാസ് ആരംഭിക്കുകയും ചെയ്തു.   വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.

കൃതജ്ഞത

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ ചെറുപ്പം മുതൽ മാതാപിതാക്കളോടൊപ്പം വന്ന് നൊവേനയിൽ സംബന്ധിച്ചിരുന്ന വിശ്വാസിയായിരുന്നു. 2009-ൽ +2 പാസ്സായി. അതിനുശേഷം Engineering-ന് ചേർന്നെങ്കിലും എന്റെ അലസത കാരണം അത് പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. പിന്നീട് കൂട്ടുകാരോടൊപ്പം ഒരു ബിസിനസ്സ് ആരംഭിച്ചു. അത് വിജയിച്ചു. അതോടെ ഞാൻ അന്തോണിസ് പുണ്യവാളനിൽ നിന്നും അകന്നു. എന്നാൽ 2016-ലെ demonetization ഞങ്ങളുടെ ബിസിനസ്സിനെ ബാധിക്കുകയും Employees-ന് ശമ്പളം പോലും കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ അവരെ പിരിച്ച്  വിട്ട് കമ്പനി പൂട്ടേണ്ടി വന്നു. അതോടെ ഇനി എങ്ങനെ ജീവിക്കും എന്നായി എന്റെ ചിന്ത. ഒരു ഡിഗ്രി പോലും ഇല്ലാത്തതിനാൽ എനിക്ക് ആരും ജോലി തരാനും തയ്യാറായില്ല. ആ സമയത്ത് ഞാൻ വീണ്ടും, അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വരുവാനും നൊവേനയിൽ സംബന്ധിക്കുവാനും തുടങ്ങി. അപ്പോഴാണ് എന്റെ കസിൻ കാനഡയിൽ പഠിക്കുവാനും അവിടെ ജോലി ചെയ്യുവാനുമുള്ള സാധ്യതയെക്കുറിച്ച് പറഞ്ഞത്.  അതോടെ എന്റെ മനസ്സിൽ പ്രത്യാശയുടെ തിരി തെളിഞ്ഞു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ പല Education ഏജൻസികളുമായി ബന്ധപ്പെട്ടെങ്കിലും, എനിക്ക് ഡിഗ്രി ഇല്ലാത്തതിനാലും, +2 കഴിഞ്ഞ് 8 വർഷമായതിനാലും, എന്റെ Profile weak ആയതിനാലും Canada എന്ന സ്വപ്നം നടക്കില്ലായെന്ന് അവർ പറഞ്ഞു. പലരും എന്റെ Application പോലും സ്വീകരിക്കുവാൻ തയ്യാറായില്ല. ഇതിനിടയിൽ ഒരു ഏജൻസി എന്റെ Profile എടുക്കാമെന്നും വീസയ്ക്കായി ശ്രമിക്കാമെന്നും അറിയിച്ചു. പക്ഷേ അവരും വീസ കിട്ടുവാൻ സാധ്യതയില്ലെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് ഒരു Preparation-നും ഇല്ലാതെയാണ്   ഞാൻ I.E.L.T.S എക്സാമിനായി പോയത്. എന്നാൽ അന്തോണിസ് പുണ്യവാളന്റെ അനുഗ്രഹത്താൽ എനിക്ക് ഉയർന്ന സ്കോറായ 7.5 ലഭിച്ചു. ആ സമയങ്ങളിൽ ഞാൻ എല്ലാ ചൊവ്വാഴ്ച്ചയും നൊവേനയിൽ സംബന്ധിച്ചിരുന്നു. വീസ ലഭിച്ചാൽ കൃതജ്ഞത എഴുതിയിടാമെന്നും നേർന്നിരുന്നു. തുടർന്ന് കാനഡയിലെ ഒരു മികച്ച കോളേജിൽ പ്രവേശനം ലഭിക്കുകയും വീസ  processing-ന് ആവശ്യമായ 10 ലക്ഷം രൂപ പുണ്യവാളന്റെ സഹായത്താൽ പലരിൽ നിന്നും ലഭിച്ചു. അങ്ങനെ ജൂലൈയ് 27-ന് Visa application submit ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 5-ന് ഞാൻ നൊവേനയിൽ സംബന്ധിച്ചുകൊണ്ടിരിക്കുമ്പോൾ വീസ ലഭിച്ചു എന്ന അറിയിപ്പ് എനിക്ക് ലഭിച്ചു.    അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.