കൃതജ്ഞത- ഓഗസ്റ്റ് 29, 2017

കൃതജ്ഞത- ഓഗസ്റ്റ് 29, 2017
കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദി.

ഞാൻ യാക്കോബായ സഭയിലെ ഒരംഗമാണ്. കഴിഞ്ഞ ഒൻപത് വർഷമായി കലൂർ പള്ളിയിൽ വരുകയും നൊവേനയിൽ സംബന്ധിക്കുകയും ചെയ്യുന്നു. ചെറുതും വലുതുമായ, ഒട്ടേറെ അനുഗ്രഹങ്ങൾ എനിക്ക്  അന്തോണിസ്  പുണ്യവാളനിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഞാൻ ഒരു സർക്കാർ ജീവനക്കാരനായിരുന്നു. എന്റെ സഹോദരങ്ങൾക്ക് തൊഴിൽ ഇല്ലാത്തതുകൊണ്ട് ഞാൻ ഒരു ബസ് വാങ്ങിച്ചു കൊടുത്തു. എന്റെ ഫാദറിന്റെ പേരിലായിരുന്നു ബസ്. ഫാദറിന്റെ മരണശേഷം കാശ് എല്ലാം കൊടുത്തു തീർന്നെങ്കിലും പഴയ ഉടമസ്ഥനിൽ നിന്നും ബസ്  മറ്റാരുടെയും പേരിലേക്ക് മാറ്റിയില്ല. എന്റെ ഭാര്യയുടെ സഹോദരൻ അതിനായി ശ്രമിച്ചെങ്കിലും രജിസ്ട്രേഡ് ഓണർ സമ്മതിച്ചില്ല. ബസ് മാറ്റിക്കിട്ടുന്നതിനായി ഞാൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. പക്ഷേ അതിൽ ഞാൻ തോറ്റു. ഇതിനിടയിൽ രണ്ട് തൊഴിലാളികളെ, ഡ്രൈവിംഗ് ലൈസൻസില്ലാതെ ബസ് ഓടിച്ച കുറ്റത്തിന് ഞാൻ പിരിച്ചു വിട്ടു. ആ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് രജിസ്ട്രേഡ് ഓണർ ശഠിച്ചു.  ഞാൻ സമ്മതിച്ചില്ല. എന്നെ തകർക്കുന്നതിനായി ആ മനുഷ്യൻ, ഏഴ് തൊഴിലാളികളെ കൊണ്ട് ക്ഷേമനിധിയിൽ പരാതികൊടുത്തു. 7 ലക്ഷം രൂപ അടക്കുവാൻ ക്ഷേമനിധി ഓഫീസിൽ നിന്നും അയാള്‍ക്ക് അറിയിപ്പ് കിട്ടി. രജിസ്‌ട്രേഡ് ഓണർ ആയതുകൊണ്ട് അയാൾ തന്നെ ആ പണം അടയ്‌ക്കേണ്ടി വന്നു. ആ തുക എന്നിൽ നിന്നും ഈടാക്കുന്നതിനായി എനിക്കെതിരെ കേസ് കൊടുക്കുകയും മരിച്ചു പോയ എന്റെ പിതാവിന്റെ പേരിലുള്ള വസ്തുവിൽ എനിക്കും അവകാശമുണ്ടെന്ന് കാണിച്ച് ആ വസ്തു ജപ്തി ചെയ്തു. ജപ്തി നടപടികൾ മാറ്റി കിട്ടുന്നതിന് വേണ്ടി കേസ് കൊടുക്കുവാൻ പല വക്കീലൻമാരെയും സമീപിച്ചു. കേസ് എടുത്തവരെല്ലാം കേസ് ജയിക്കില്ല എന്നുപറഞ്ഞ് പിന്മാറി. അവസാനം ഒരു ജൂനിയർ അഡ്വക്കേറ്റിനെ കേസ് ഏൽപ്പിച്ചതിനുശേഷം ഈ തിരുസന്നിധിയിൽ വരുകയും അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിക്കുകയും ഒൻപതാഴ്‌ച മുടങ്ങാതെ നൊവേനയിൽ സംബന്ധിക്കാമെന്ന് നേരുകയും ചെയ്തു. രണ്ട് കൊല്ലം കേസ് അവധി മാറി കടന്നുപോയി. 2017 ഏപ്രിൽ മാസം എനിക്ക് അനുകൂലമായി വിധി വന്നു. എന്റെ ഫാദറിന്റെ പേരിലുള്ള വസ്തുവിന്റെ ജപ്തി കോടതി റദ്ദാക്കി. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

എ.പി കുര്യൻ,കണ്ടത്തിൽ പുത്തൻപുരയിൽ , ഇരിങ്ങോൾ

 

കൃതജ്ഞത

 

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.

ഞാനൊരു ഹിന്ദു മത വിശ്വാസിയാണ്. വർഷങ്ങളായി ഇവിടെ വന്ന് പ്രാർത്ഥിക്കാറുണ്ട്. പല അനുഗ്രഹങ്ങളും എനിക്കും എന്റെ കുടുംബത്തിനും അന്തോണിസ് പുണ്യവാളൻ നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു.

എന്റെ മകൾ B. Tech കഴിഞ്ഞയുടനെ ഒരു കേന്ദ്ര ഗവർൺമെന്റ് സ്ഥാപനത്തിൽ ജൂനിയർ എഞ്ചിനീയറുടെ പരീക്ഷ എഴുതിയിരുന്നു. പരീക്ഷ കഴിഞ്ഞപ്പോൾ അവൾക്ക് വലിയ പ്രതീക്ഷ ഒന്നും തോന്നിയില്ല. എങ്കിലും  ഞാൻ, അവളുടെ ജോലി കാര്യത്തിനായി അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിക്കുമായിരുന്നു. വിശുദ്ധന്റെ അനുഗ്രഹത്താൽ റാങ്ക് ലിസ്റ്റ് വന്നപ്പോൾ അവളുടെ പേരും അതിലുണ്ടായിരുന്നു. അവരുടെ ട്രെയിനിങിനുള്ള  തീയതിയും website-ൽ ഉണ്ടായിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർ നിയമന നടപടികളെല്ലാം നിർത്തിവെയ്ക്കുന്നുവെന്ന് അറിയിച്ചു. അതോടെ ഞങ്ങളെല്ലാവരും വളരെ വിഷമത്തിലായി. ഞാനും, ഭർത്താവും, മകളും മുടങ്ങാതെ നൊവേനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്തു.  ആ ജോലി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെ അവൾ മറ്റൊരു ജോലിക്കായി ശ്രമിക്കുവാൻ തുടങ്ങി. മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ ചെന്നൈയിലെ ഒരു I.T കമ്പനിയിൽ അവൾക്ക് ജോലി ലഭിച്ചു. ആ കമ്പനിയിൽ join ചെയ്യുന്നതിനായി ചെന്നൈയിലേക്ക് പോകാനൊരുങ്ങിയ അന്ന് ഉച്ചയ്ക്ക് മോൾക്ക് Certificate Verification-നു വേണ്ടി  തിരുവനത്തപുരത്ത് എത്തണമെന്ന  അറിയിപ്പ് ലഭിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ ട്രെയിനിങ് ആരംഭിക്കുകയും ചെയ്തു. ഈ ജോലി മകൾക്ക് ലഭിക്കുമെന്ന് ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല. എല്ലാം അന്തോണിസ് പുണ്യവാളൻ നൽകിയതാണെന്ന് ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു. ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നതിനോടൊപ്പം ഇവിടെ വരുന്ന ഭക്തർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഇന്ദിര  .  

 

കൃതജ്ഞത

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

എന്റെ ചേച്ചിക്കും കുടുംബത്തിനും ലഭിച്ച വലിയൊരു അനുഗ്രഹത്തിന് നന്ദിസൂചകമായി ഈ കൃതജ്ഞത ഇവിടെ സമർപ്പിക്കുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ഇതേ ആവശ്യത്തിനായി ഒരു അപേക്ഷയും പുണ്യവാളന്റെ മുന്നിൽ സമർപ്പിച്ചിരുന്നു.

മുപ്പത് വർഷത്തിലധികമായി എന്റെ ചേച്ചിയും കുടുംബവും ഖത്തറിലാണ്. ചേച്ചിയുടെ Husband-ന് അവിടെ ഒരു Shop ഉണ്ട്. ഒരു അറബിയുടെ sponsorship-ലാണ് അത് നടത്തി വരുന്നത്.  പിന്നീട്, ചേട്ടൻ കുറച്ച് Friends-മായി ചേർന്ന് മറ്റൊരു Shop കൂടി തുറന്നു. അത് അറബിക്ക് ഇഷ്ടപ്പെട്ടില്ല. അതോടെ ചേട്ടനുമായി നിരന്തരം വഴക്കായി. അയാളുടെ Sponsorship-ലുള്ള ആ shop എത്രയും വേഗം ഒഴിഞ്ഞു കൊടുക്കണമെന്ന് അറബി ആവശ്യപ്പെട്ടു തുടങ്ങി. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണത്. പുതിയ shop നല്ല രീതിയൽ പ്രവർത്തനക്ഷമമാകാൻ കുറേ നാൾ Work ചെയ്യേണ്ടി വരും. Shop-ൽ നിന്ന് ഒഴിപ്പിക്കാൻ  മാത്രമല്ല ചേട്ടന്റെയും കുടുംബത്തിന്റെയും Visa റദ്ദ് ചെയ്യാൻ വരെ അയാൾ പദ്ധിതിയിട്ടു. അങ്ങനെ സംഭവിച്ചാൽ അവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടതായി വരും. ഇളയ മകൻ അവിടെയാണ് പഠിക്കുന്നത്. മൂത്ത രണ്ട് പെൺകുട്ടികൾ ഇന്ത്യയിലും.   പഠനവും മറ്റ് കാര്യങ്ങളും, എല്ലാം കൂടി ആലോചിച്ച്‌ വിഷമിച്ചിരിക്കുമ്പോഴാണ് ഞങ്ങൾ അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിക്കുകയും അവരുടെ കുടുംബത്തിനായി ഞാൻ ഈ പള്ളിയിൽ വന്ന് അപേക്ഷ സമർപ്പിക്കുകയും ചെയ്തത്. അത്ഭുതമെന്ന് പറയട്ടെ, ഇപ്പോൾ ആ അറബി ചേട്ടന്റെ പിന്നാലെ നടക്കുകയാണ്, shop ഒഴിയരുതെന്നും അത് നടത്തികൊണ്ട് പോകുവാൻ എന്ത് സഹായവും ചെയ്തു തരാമെന്നും പറഞ്ഞ്. അന്തോണിസ് പുണ്യവാളന്റെ ശക്തമായ ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടായി എന്ന് ഞാനും എന്റെ കുടുംബവും ഉറച്ച് വിശ്വസിക്കുന്നു. ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.

സീമ സ്റ്റാൻലി