കൃതജ്ഞത- ഓഗസ്റ്റ് 1, 2017

കൃതജ്ഞത- ഓഗസ്റ്റ് 1, 2017
കൃതജ്ഞത

പാദുവായിലെ വി. അന്തോണിസിന് നന്ദി. ഞാനും എന്റെ കുടുംബവും വർഷങ്ങളായി എല്ലാ ചൊവ്വാഴ്ചകളിലും, ഈ തീർത്ഥാടന കേന്ദ്രത്തിൽ  മുടങ്ങാതെ വരുകയും , തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ 2013 ഒക്ടോബറിൽ എന്റെ പപ്പയ്‌ക്ക് stroke വരികയും  അതേ തുടർന്ന് മരണം സംഭവിക്കുകയും ചെയ്തു. അതിനുശേഷം ഒരു വർഷത്തോളം എനിക്ക് ദൈവവിശ്വാസം നഷ്ടപ്പെടുകയും ഞാൻ ഇവിടെ വരാതാവുകയും ചെയ്തു. ഇത്രയധികം നല്ല മനുഷ്യനായ, എല്ലാവർക്കും സഹായങ്ങൾ ചെയ്തിരുന്ന എന്റെ പപ്പയുടെ അപ്രതീക്ഷിതമായ വിയോഗം എന്നെ ദൈവത്തിൽ നിന്നും അകറ്റാൻ കാരണമായി. പക്ഷേ ആരുടെയൊക്കെയോ പ്രാർത്ഥനയുടെ ഫലമായി ഒരു വർഷത്തിനുളളിൽ എനിക്ക് ദൈവത്തിലുള്ള വിശ്വാസം തിരികെ ലഭിച്ചു. എല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്ന് കരുതി ഞാൻ ആശ്വസിച്ചു. പിന്നീടുള്ള മൂന്ന് വർഷത്തോളം ഞാൻ സ്ഥിരമായി അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് നൊവേനയിൽ സംബന്ധിക്കുന്നു. അന്തോണിസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ,  ഈ കാലഘട്ടത്തിൽ, ഒട്ടേറെ അനുഗ്രഹങ്ങൾ എനിക്കും എന്റെ കുടുംബത്തിനും ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു.  വളരെ ഉയർന്ന മാർക്കോടെ Plus Two പാസ്സായ ഞാൻ, താത്പര്യമില്ലാതെയാണ് B. Tech Computer Science എഞ്ചിനീയറിംഗിന് ചേർന്നത്. 2017 ഏപ്രിലിൽ, ഉയർന്ന മാർക്കോടെ ഞാൻ B. Tech പാസ്സായി. എന്റെ കൂടെ പഠിച്ച ഭൂരിഭാഗം കുട്ടികൾക്കും ദൈവാനുഗ്രഹത്താൽ Campus Placement വഴി ജോലി ലഭിച്ചു. എന്നാൽ ഉപരിപഠനത്തിന്  വിദേശത്ത് പോകുവാൻ ആഗ്രഹമുള്ളതിനാലും ജർമ്മനിയിൽ ബന്ധുക്കൾ ഉള്ളതിനാലും ഞാൻ അവിടെ, 5 university കളിലേക്ക്, MS Mathematics-ന് Apply ചെയ്തു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും, ഒരു യൂണിവേഴ്സിറ്റിയിൽ നിന്നു പോലും മറുപടി ലഭിക്കാത്തതിനാൽ ഞാൻ വല്ലാതെ നിരാശയിലായി. അതിനുപുറമേ രണ്ട് യൂണിവേഴ്സിറ്റികൾ, എന്റെ Application reject ചെയ്തു. Maths-ൽ ഡിഗ്രി ഇല്ലാത്ത എനിക്ക് Masters ചെയ്യാൻ സാധിക്കില്ല എന്നതായിരുന്നു കാരണം. തീർത്തും പ്രതീക്ഷ നഷ്ടപ്പെട്ടെങ്കിലും ഞാൻ അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. വിശുദ്ധന്റെ മാധ്യസ്ഥ സഹായ ശക്തിയാൽ എനിക്ക് ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും അഡ്മിഷൻ ലെറ്റർ ലഭിച്ചു. എങ്കിലും ബന്ധുക്കളുടെ അടുത്തല്ലാത്തതിനാൽ എനിക്ക് വിഷമം ഉണ്ടായിരുന്നു. എന്നാൽ പിന്നീടാണ് ഞാൻ അറിയുന്നത്, എനിക്ക് അഡ്മിഷൻ ലഭിച്ചത് ജർമ്മനിയിലെ, ഒന്നാം റാങ്കുള്ള യൂണിവേഴ്സിറ്റിയിൽ ആണെന്ന്. ഇതറിഞ്ഞ ഞാൻ അനുഭവിച്ച സന്തോഷം വിവരിക്കാൻ ആവാത്തതാണ്.  വി. അന്തോണിസിന്റെ മാധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.    ANNE

കൃതജ്ഞത

 

വേദനകളിൽ ആശ്വാസവും, ദുഃഖിതരെ ആശ്വസിപ്പിക്കുന്നവനുമായ കലൂരിലെ വി. അന്തോണിസേ, അങ്ങേയ്ക്ക് ഒരായിരം നന്ദി.

സാധിക്കുന്ന എല്ലാ ചൊവ്വാഴ്ചകളിലും ഇവിടെ വന്ന് നൊവേനയിൽ സംബന്ധിക്കുന്ന ഒരു വിശ്വാസിയാണ് ഞാൻ. അതിന്റെ ഫലമായി നിരവധി അനുഗ്രഹങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അതിൽ ചിലത് ഇവിടെ സാക്ഷ്യപ്പെടുത്തുന്നു.  കേരളത്തിലെ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് ഞാൻ. കുടുംബപരമായ ചില കാരണങ്ങളാൽ 41 വയസ്സായിട്ടും എന്റെ വിവാഹം നടന്നിരുന്നില്ല. ഇതിനിടയിൽ പല സ്ഥലങ്ങളിൽ, പെണ്ണു കാണാൻ പോയിരുന്നു. കല്ല്യാണ ആലോചനകൾ പലതും വളരെ അടുത്തു വന്നെങ്കിലും യാതൊരു കാരണവും കൂടാതെ എല്ലാം തന്നെ മാറിപ്പോയി. ഞാൻ വളരെ ദുഖിതനായിരുന്നു. ഉറപ്പിച്ച വിവാഹങ്ങൾ പോലും മാറിപ്പോയ സ്ഥിതിയുണ്ടായി. എങ്കിലും, സാധിക്കുന്ന ചൊവ്വാഴ്‌ചകളിൽ നൊവേനയിൽ സംബന്ധിക്കുന്നത് മുടക്കിയില്ല. അങ്ങനെ 2016, ജൂൺ മാസം, എന്നെ അന്വേഷിച്ച്, ഇങ്ങോട്ട് ഒരു വിവാഹാലോചന വരികയും അന്തോണീസ് പുണ്യവാളന്റെ മാധ്യസ്ഥതയാൽ യാതൊരു വിധ തടസ്സവും ഇല്ലാതെ അത് നടക്കുകയും ചെയ്തു.  ഞാൻ എന്നെ തന്നെ സ്വയം എഴുതി തള്ളിയ ഘട്ടത്തിലായിരുന്നു ഈ അത്ഭുതം സംഭവിച്ചത്.          പെൺകുട്ടി കാനഡയിൽ നഴ്സായിരുന്നു. ആയതിനാൽ എനിക്കും  കാനഡയ്ക്ക് പോകുവാൻ അവസരം ലഭിച്ചു. വിസയ്ക്ക് വേണ്ടി ശ്രമിക്കുന്നതിനോടൊപ്പം  Permanent Residence -നായി അപേക്ഷിക്കുകയും ചെയ്തു . അത്ഭുതമെന്ന് പറയട്ടെ 7 മാസം കൊണ്ട് എനിക്ക് വിസ കിട്ടി. കൂടാതെ ഈ 7 മാസം കൊണ്ട് തന്നെ ഞങ്ങൾക്ക് P.R ഉം ലഭിച്ചു. ഇതിനിടയിൽ, വില്ക്കാൻ സാധിക്കാതെ കിടന്നിരുന്ന എന്റെ ഒരു സ്ഥലം, വിറ്റുപോവുകയും ആ തുക കൊണ്ട് എനിക്ക് പുതിയൊരു വീടും സ്ഥലവും വാങ്ങിക്കുവാനും സാധിച്ചു. 2017 ജൂണിൽ അതിന്റെ രജിസ്‌ട്രേഷൻ നടന്നു. ഇതെല്ലാം സംഭവിച്ചത് അന്തോണിസ് പുണ്യവാളന്റെ അത്ഭുത പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. വി. അന്തോണിസിന് ഒരായിരം നന്ദി.

ഒരു വിശ്വാസി                       .

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അന്തോണിസ് പുണ്യവാളന് നന്ദി.           എന്റെ ജീവിതത്തിൽ പല വിഷമ ഘട്ടത്തിലൂടെ കടന്നുപോയപ്പോഴെല്ലാം വിശുദ്ധൻ എന്നെ കൈപിടിച്ച് നടത്തിയിട്ടുണ്ട്. അന്തോണിസ് പുണ്യവാളനിലൂടെ  എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. പഠിച്ചിറങ്ങിയ ഉടനെ വിദേശത്ത്, നല്ലൊരു   കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ച വ്യക്തിയാണ് ഞാൻ. എന്റെ മമ്മി ഒരു ആക്‌സിഡന്റിൽപ്പെടുകയും തത്ക്ഷണം മരിക്കുകയും ചെയ്തു. വീട്ടിൽ ഒറ്റ മകനായതുകൊണ്ട് എനിക്ക് ജോലി ഉപേക്ഷിച്ച്, നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. നാട്ടിൽ പലയിടത്തും ജോലിക്ക് അപേക്ഷിച്ചെങ്കിലും ഒന്നും ശരിയായില്ല. എങ്കിലും,  എല്ലാ ചൊവ്വാഴ്ചകളിലും ഞാൻ ഇവിടെ വന്ന് കണ്ണീരോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഓരോ സാക്ഷ്യങ്ങൾ ഇവിടെ വായിച്ചു കേൾക്കുമ്പോൾ , എന്റെ കണ്ണുകൾ നിറയുകയായിരുന്നു. എല്ലാവരുടെയും ജീവിതത്തിൽ അനുഗ്രഹങ്ങൾ വർഷിക്കുന്ന  പുണ്യവാളൻ എന്റെ ജീവിതത്തിൽ മാത്രം എന്തുകൊണ്ട് ഇടപെടുന്നില്ല? എന്നോർത്ത് ഞാൻ വളരെയേറെ ദുഖിച്ചു. അങ്ങനെ, ഒരു ചൊവ്വാഴ്‌ച ഇവിടെ ഇരുന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ്, എനിക്ക് അർഹതയില്ലാത്ത പണം എന്റെ കൈയ്യിലിരിക്കുന്ന കാര്യം ഓർമ്മയിൽ വന്നത്. അത് അവകാശപ്പെട്ടവർക്ക് തിരിച്ചുകൊടുക്കണമെന്ന് തോന്നിയെങ്കിലും എന്റെ മനസ്സ് അതിന് അനുവദിച്ചില്ല. പിന്നീട് അന്തോണിസ് പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുമ്പോഴെല്ലാം, ആ പണം ഞങ്ങൾക്കിടയിൽ ഒരു തടസ്സമായി നിൽക്കുന്നു എന്ന സത്യം എനിക്ക് ബോധ്യപ്പെട്ടു തുടങ്ങിയപ്പോൾ ആ  തുക  അർഹതപ്പെട്ടവർക്ക് ഞാൻ തിരികെ കൊടുത്തു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേരളത്തിലെ ഒരു പ്രശസ്ത ആശുപത്രിയിൽ നിന്നും എന്നെ ഇന്റർവ്യൂവിനായി ക്ഷണിച്ചു. ഇന്റർവ്യൂ ഒരു ചൊവ്വാഴ്ചയായിരുന്നു. ഞാൻ നന്നായി പ്രാർത്ഥിച്ച്, പഠിച്ചൊരുങ്ങിയാണ് പോയത്. എന്നാൽ ഇന്റർവ്യൂവിന്, വേണ്ട രീതിയിൽ ഉത്തരങ്ങൾ നൽകുവാൻ എനിക്ക് സാധിച്ചില്ല. എന്റെ കൂടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ഒരാളെ   സെലക്ട് ചെയ്തു എന്നറിഞ്ഞതോടെ എന്റെ അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടു.         പിന്നീട് ഞാൻ വീണ്ടും ഇവിടെ  വന്ന് പ്രാർത്ഥിച്ചപ്പോൾ അർഹതയില്ലാത്ത കുറച്ചു പണം കൂടി എന്റെ അടുക്കൽ ഉള്ളതായി   ഓർമ്മയിൽ വന്നു.       ഞാൻ ആ തുക, അതിന്റെ അവകാശികൾക്ക് കൊടുത്ത് മടങ്ങും വഴി എനിക്ക് ഒരു കോൾ വന്നു. എന്നെ അവർ സെലക്ട് ചെയ്തു എന്നറിയിച്ചു. കഴിഞ്ഞ നാല് മാസമായി ഞാൻ ഇവിടെ ജോലി ചെയ്തു വരുന്നു. അന്തോണിസ് പുണ്യവാളനിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

അഥിൻ ആന്റണി സേവ്യർ