19th July, 2016

 

കൃതജ്ഞത

 

അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ കഴിഞ്ഞ മെയ് മാസത്തിൽ വിരമിച്ച ഒരു ബാങ്ക് മാനേജരാണ്. ഞാൻ ബാങ്കിൽ നിന്ന് 27 വർഷം മുമ്പ് ഒരു ഭവന വായ്പ എടുത്തിരുന്നു. അതിന്റെ ആധാരം എറണാകുളത്തെ പ്രധാന ശാഖയിലാണ് പണയപ്പെടുത്തിയിരുന്നത്. കോടികൾ വിലമതിക്കുന്ന ഈ ആധാരം മെയിൻ ബ്രാഞ്ചിൽ നിന്ന് മൂന്ന് നാല് വർഷം മുമ്പ് കാണാതായി. ഞാൻ പല പ്രാവശ്യം അവധിയെടുത്ത്  ബാങ്കിൽ പോയി തിരഞ്ഞെങ്കിലും അത് കണ്ടെത്താനായില്ല. അന്തോണിസ് പുണ്യവാളനോടുള്ള എന്റെ പ്രാർത്ഥനയുടെ ഫലമായി  കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഒരു ദിവസം മാനേജർ എന്നെ വിളിക്കുകയും  ആധാരം കിട്ടിയെന്ന് അറിയിക്കുകയും ചെയ്തു. അന്തോണിസ് പുണ്യവാളന്റെ മാദ്ധ്യസ്ഥ സഹായം ഒന്നുകൊണ്ടു മാത്രമാണ് ഇത് ലഭിച്ചതെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. വിശുദ്ധൻ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.

ജോസഫ് ഹെൻട്രി               

 

 

 

 

 

 

 

 

 

കൃതജ്ഞത                                                   19/07/2016

 

അത്ഭുത പ്രവർത്തകനായ അന്തോണിസ് പുണ്യവാളന് നന്ദി.

ഞാൻ ഈ തീർത്ഥാടന കേന്ദ്രത്തിൽ വരുമായിരുന്നെങ്കിലും ആദ്യമൊന്നും   വിശ്വാസത്തോടെ പ്രാർത്ഥിക്കുവാൻ സാധിച്ചിരുന്നില്ല.  ഞാനും  അപ്പച്ചനും അമ്മിച്ചിയും  ഭർത്താവും രണ്ടു കുട്ടികളും അടങ്ങുന്നതാണ് എന്റെ കുടുംബം. കഴിഞ്ഞ 13 വർഷമായി വാടകയ്ക്കാണ് താമസിക്കുന്നത്. സ്വന്തമായിട്ട് ഒരു സെന്റ് ഭൂമിപോലും ഉണ്ടായിരുന്നില്ല. എന്റെ ഭർത്താവ് ഗൾഫിലായിരുന്നെങ്കിലും തുച്ഛമായ സാലറിയെ ഉണ്ടായിരുന്നുള്ളൂ. വാടകയും, കടങ്ങളും, രോഗങ്ങളും കൊണ്ട് ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടിലായിരുന്നു. കടം കൂടി കൂടി വന്ന് ആത്മഹത്യയുടെ വക്കിലെത്തി. അങ്ങനെയിരിക്കെ എന്റെ ഒരു ബന്ധുവാണ് പറഞ്ഞത് അന്തോണിസ് പുണ്യവാളനോട് പ്രാർത്ഥിച്ചാൽ പ്രശ്നങ്ങളൊക്കെ മാറുമെന്ന്. ഇവിടെ വന്ന് ദിവ്യബലിയിലും, നൊവേനയിലും സംബന്ധിച്ച്‌ കണ്ണിരോടെ പ്രാർത്ഥിക്കുവാൻ തുടങ്ങി. മൂന്ന് സെന്റ് സ്ഥലം വാങ്ങിക്കുവാൻ എന്തെങ്കിലും ഒരു മാർഗ്ഗം കാണിച്ചു തരണമേ എന്നപേക്ഷിച്ചുകൊണ്ട് മുടങ്ങാതെ ഒൻപത് നൊവേനകളിൽ സംബന്ധിച്ചു. പിന്നീട് മൂന്നാഴ്ച കൂടി കഴിഞ്ഞപ്പോൾ ഭർത്താവിന്റെ വീടിന്റെ അടുത്ത് 24 സെന്റ്  സ്ഥലം വാങ്ങിക്കുവാൻ സാധിച്ചു. പക്ഷേ ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്ന തുച്ഛമായ തുകയ്ക്ക് പട്ടയമില്ലാത്ത സ്ഥലമാണ് വാങ്ങിക്കുവാൻ സാധിച്ചത്. അങ്ങനെ അവിടെ തന്നെയുള്ള ഒരു ബന്ധുവിന്റെ പേരിലാണ് സ്ഥലം തീറാധാരം  നടത്തിയത്. പിന്നീട് ഞങ്ങൾക്ക് വളരെയധികം വിഷമമായിരുന്നു. കൈയ്യിലുണ്ടായിരുന്ന തുക കൊണ്ട് സ്ഥലം വാങ്ങിക്കുകയും ചെയ്തു എന്നാൽ സ്വന്തം പേരിലായതുമില്ല. പട്ടയം കിട്ടി ആധാരം ഞങ്ങളുടെ പേരിലേക്ക് മാറ്റി കിട്ടുന്നതിനായി ഞാൻ പുണ്യവാളന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി. അതിന്റെ ഫലമായി കഴിഞ്ഞ ജൂൺ 26 -ന് ഞങ്ങൾക്ക് പട്ടയം കിട്ടുകയും ആധാരം എന്റെയും ഭർത്താവിന്റെയും  പേരിലേക്ക് മാറ്റുകയും ചെയ്തു. മൂന്ന് സെന്റ് സ്ഥലം സ്വന്തമായി ചോദിച്ചതിനു പകരം ഞങ്ങൾക്ക് 24 സെന്റ്‌ സ്ഥലം സ്വന്തമായി നൽകി പുണ്യവാളൻ   അനുഗ്രഹിച്ചു. വിശുദ്ധന് ഒരായിരം നന്ദി.

 

 

 

 

 

കൃതജ്ഞത                                                   19/07/2016

 

പാദുവായിലെ വി. അന്തോണിസേ അങ്ങേയ്ക്ക് നന്ദിയുടെ ആയിരമായിരം വാടാമലരുകൾ ആർപ്പിക്കുന്നു.        എന്റെ ഭർത്താവിന് ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ് എട്ട് മാസമായ സമയത്ത് ഒരു കാറ് ഭർത്താവിന്റെ ടു വീലറിൽ വന്നിടിച്ച്‌   തെറിപ്പിച്ചു. എന്റെ ഭർത്താവ് പൊങ്ങി വന്ന് താഴെ വീഴുകയായിരുന്നു. തല താഴെ അടിച്ചുകൊള്ളുകയും കുറച്ച്‌ ആഴത്തിൽ തലമുറിയുകയും രകതം പോവുകയും ചെയ്തു.   ഞങ്ങൾ വളരെയധികം ഭയപ്പെട്ടു. ഹോസ്പിറ്റലിലേക്ക് പോകുന്നവഴി അന്തോണിസ് പുണ്യവാളനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു.  മരുന്ന് കഴിക്കുന്നതുകൊണ്ട് രക്തം നിലക്കുന്നില്ലായിരുന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോൾ സ്റ്റിച്ച്‌ ഇടാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. എന്നാൽ അത്ഭുതമെന്നു പറയട്ടെ X- Ray എടുത്ത് കഴിഞ്ഞപ്പോൾ യാതൊരു കുഴപ്പമില്ലെന്നും ഹാർട്ടിന്റെ മരുന്നു നിർത്തിയാൽ ബ്ലഡ് വരുന്നതു നില്ക്കുമെന്നും അപ്പോൾ സ്റ്റിച്ച്‌ ഇടാൻ സാധിക്കുമെന്നും ഡോക്ടർ പറഞ്ഞു. അതിനുശേഷം ഒരാഴ്ച കഴിഞ്ഞ് യാതൊരു കുഴപ്പവുമില്ലാതെ ഹോസ്പിറ്റലിൽ നിന്ന് തിരികെ വീട്ടിലെത്തി.     അന്തോണിസ് പുണ്യവാളന്റെ മാദ്ധ്യസ്ഥതയാൽ ഈശോയിൽ നിന്ന് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് ഒരായിരം നന്ദി.